പാലക്കാട് നഗരസഭയിൽ കടുത്ത മത്സരം : 15 സീറ്റുകള്‍ നിര്‍ണായകമാവും

പാലക്കാട്: പത്തുവര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരണം കണ്ട പാലക്കാട് നഗരസഭയില്‍ ഇക്കുറി പുത്തന്‍ പരീക്ഷണങ്ങളുമായാണ് യുഡിഎഫും എല്‍ഡിഎഫും പോരാട്ടത്തിനൊരുങ്ങുന്നത്. അടിയൊഴുക്കുകള്‍ക്ക് സാധ്യതയേറിയ 15-ഓളം വാര്‍ഡുകളിലെ ഫലമാവും നിര്‍ണ്ണായകം. പുത്തന്‍ സമവാക്യങ്ങളും സ്വതന്ത്രരെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടങ്ങളുമാവുമ്പോള്‍ 53 വാര്‍ഡുകളുള്ള നഗരസഭയില്‍ ഭൂരിപക്ഷമായ 27 എന്ന മാജിക് സംഖ്യയിലെത്താന്‍ മുന്നണികള്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

181 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. വനിതകള്‍ക്കാണ് പ്രാമുഖ്യം- 92 പേര്‍. 89 പുരുഷന്മാരും രംഗത്തുണ്ട്. 

ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന 10-ാംവാര്‍ഡ് മുരുകണിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. സ്മിതേഷും കോണ്‍ഗ്രസിലെ കെ. ഭവദാസും ഏറ്റുമുട്ടുന്നു. വി. രവീന്ദ്രനാണ് സിപിഎം സ്ഥാനാര്‍ഥി. വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ട്രഷററുമായ ഇ. കൃഷ്ണദാസ് പട്ടിക്കരയിലാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിനു വേണ്ടി വിനോദ് പട്ടിക്കരയും എല്‍ഡിഎഫ് സ്വതന്ത്രനായി ആര്‍. ശ്രീനിവാസനുമാണ് ഇവിടെ മത്സരിക്കുന്നത്. കെപിസിസി സെക്രട്ടറി പി.വി. രാജേഷ് മത്സരിക്കുന്ന 19-ാം വാര്‍ഡ് കൊപ്പത്തും ശ്രദ്ധേയമായ പോരാട്ടമാണ്. ബിജെപി നേതാവ് എം. ശശികുമാര്‍ രംഗത്തുള്ള വാര്‍ഡില്‍ കെ. ഗിരീഷാണ് സിപിഎം സ്ഥാനാര്‍ഥി. 

കഴിഞ്ഞ കൗണ്‍സിലില്‍ 28 സീറ്റ് നേടിയ ബിജെപി ഇക്കുറി വിജയസംഖ്യ ഉറപ്പാക്കാന്‍ ജില്ലയിലെ മുന്‍നിര നേതാക്കളുടെ ഒന്നിച്ചുള്ള നീക്കവുമായാണ് വാര്‍ഡുകളിലിറങ്ങുക. ഘടകകക്ഷിയായ ബിഡിജെഎസിന് വെസ്റ്റ് യാക്കര, കോട്ടമൈതാനം എന്നീ സീറ്റുകള്‍ നല്‍കിയിട്ടുണ്ട്.

നഗരസഭാ ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളുമായാണ് യുഡിഎഫ് രംഗത്തുള്ളത്. സാമുദായിക സമവാക്യങ്ങള്‍ക്കടക്കം പ്രാധാന്യം നല്‍കിയായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. ബിജെപി മുന്‍ നഗരസഭാ കൗണ്‍സിലറെവരെ സ്വതന്ത്രയായി രംഗത്തിറക്കുകയും ചെയ്തു. ഒന്‍പത് സീറ്റില്‍ മുസ്ലിം ലീഗ് മത്സരിക്കുമ്പോള്‍ ബാക്കിയിടങ്ങളില്‍ കോണ്‍ഗ്രസാണ്.

ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം കണ്ട സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണമാണ് ഇക്കുറി നഗരസഭയില്‍ സിപിഎമ്മിന്റെ പ്രധാന തന്ത്രങ്ങളിലൊന്ന്. എല്‍ഡിഎഫില്‍ സിപിഎം മത്സരിക്കുന്ന 44 വാര്‍ഡുകളില്‍ പകുതിയോളം സ്വതന്ത്രചിഹ്നത്തിലാണ്. സിപിഐ നാലിലും എന്‍സിപി, കോണ്‍ഗ്രസ് (എസ്), കേരളാ കോണ്‍ഗ്രസ് (എം), ജെഡിഎസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു.

കഴിഞ്ഞ തവണ ഒരുസീറ്റ് നേടിയ വെല്‍ഫെയര്‍പാര്‍ട്ടി രണ്ട് സീറ്റുകളിലെങ്കിലും നിര്‍ണായക ശക്തിയായി മാറാനിടയുണ്ട്.