മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ആള്‍ക്കുതന്നെ വോട്ടില്ല; കോഴിക്കോട്ട് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ആറുമാസംമുന്‍പേ കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എല്ലാവാര്‍ഡുകളിലും കമ്മിറ്റികള്‍ രൂപവത്കരിച്ചു. ആളുകള്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കി. വോട്ടര്‍പട്ടികയില്‍ പതിവില്ലാത്തതരത്തില്‍ ആളുകളെ ചേര്‍ത്തു. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ജനശ്രദ്ധയില്‍കൊണ്ടുവന്നു. സീറ്റുവിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവുമെല്ലാം എല്‍ഡിഎഫിനെക്കാള്‍ മുന്നേ, വിജ്ഞാപനം വരുന്നതിനുമുന്‍പേ ചെയ്തു. കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതിന്റെ ആവേശം പൊതുവില്‍ യുഡിഎഫ് പ്രവര്‍ത്തകരിലുണ്ടായിരുന്നു. പക്ഷേ, മേയര്‍സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ആള്‍ക്കുതന്നെ വോട്ടില്ല എന്നത് അപ്രതീക്ഷിത ആഘാതമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും മൊത്തത്തിലുണ്ടാക്കിയത്.
തുടക്കത്തില്‍ ചെറിയ എതിര്‍പ്പുണ്ടായെങ്കിലും നിയമസഭാസ്ഥാനാര്‍ഥിയെ സ്വീകരിക്കുന്ന ആവേശത്തോടെയാണ് വി.എം. വിനുവിനെ സ്വീകരിച്ചതെന്നാണ് കല്ലായി വാര്‍ഡിലെ പ്രവര്‍ത്തകര്‍ പറയുന്നത്. പക്ഷേ, ഒറ്റദിവസംകൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞത് പ്രവര്‍ത്തകരില്‍ വലിയ നിരാശയാണുണ്ടാക്കിയത്. പ്രതീക്ഷയോടെ കൊണ്ടുവന്ന സര്‍പ്രൈസ് സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രികപോലും നല്‍കാന്‍ കഴിയാത്ത അവസ്ഥ കോണ്‍ഗ്രസ് ക്യാമ്പിനെ മ്ലാനമാക്കിയിരിക്കുകയാണ്. ഹൈക്കോടതി ഇടപെടലില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. പക്ഷേ, 2020-ലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുകൊണ്ട് അനുകൂലനടപടി കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുമോ എന്നത് സംശയമാണ്.
21-നാണ് നാമനിര്‍ദേശപത്രിക നല്‍കേണ്ട അവസാനതീയതി. അതിനുമുന്‍പ് തീരുമാനമായില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. ചൊവ്വാഴ്ച ഉച്ചവരെ വി.എം. വിനു കല്ലായിയില്‍ പ്രചാരണം നടത്തിയിരുന്നു. അടുത്തദിവസവും പ്രചാരണം തുടരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതിനിടയില്‍ത്തന്നെ പകരം ഒരാളെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വിനു ഇല്ലെങ്കില്‍ വിവിഐപി സ്ഥാനാര്‍ഥിതന്നെ വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. മാത്രമല്ല, വി.എം. വിനുവിന്റെ സ്ഥാനാര്‍ഥിത്വം വലിയ സ്വാധീനമുണ്ടാക്കും എന്ന ഗൗരവത്തോടെയാണ് എല്‍ഡിഎഫും കണ്ടത്. അതുകൊണ്ടാണ് സിപിഐയുടെ സ്ഥാനാര്‍ഥിയെ മാറ്റി സ്വതന്ത്രനെ നിര്‍ത്തിയത്. അതിന്റെ പേരില്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. പക്ഷേ, പുതിയവിവാദം എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആയുധമായിമാറി.
അവസരം ഉപയോഗിച്ചില്ല
വി.എം. വിനുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തേ കോണ്‍ഗ്രസില്‍ ധാരണയായതാണ്. ഒക്ടോബര്‍ 25-നാണ് തദ്ദേശതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. അതിനുശേഷം നവംബര്‍ നാലിനും അഞ്ചിനും വോട്ടുചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അവസരം കോണ്‍ഗ്രസ് ഉപയോഗിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.
സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുമുന്‍പേ വോട്ടുണ്ടോ എന്ന് നോക്കണ്ടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ചൊവ്വാഴ്ച വാര്‍ഡില്‍ പ്രചാരണത്തിനിടെ ആളുകളും നേതാക്കളോട് ഇക്കാര്യം ചോദിച്ചിരുന്നു. പക്ഷേ, 2020-ല്‍ പട്ടികയില്‍ പേരുണ്ടായിരുന്നില്ല എന്ന് വ്യക്തമായതിനുശേഷവും കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ മലാപ്പറമ്പ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് ആവര്‍ത്തിച്ചാണ് വി.എം. വിനുവും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും ഇതിനെ പ്രതിരോധിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. രാജേഷ് കുമാറും ഇത് ശരിവെക്കുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍വെച്ച് ഇതിനെ പൂര്‍ണമായി തള്ളിക്കളയുകയാണ്.
ഗൂഢാലോചന തെളിഞ്ഞു -കോണ്‍ഗ്രസ്
സിപിഎം ജില്ലാസെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും അടങ്ങുന്ന സംഘം വി.എം. വിനുവിന്റെ വോട്ട് പുനഃസ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കളക്ടറെ കണ്ടതിലൂടെ വോട്ടുതള്ളിക്കലിന്റെ പിന്നിലുള്ള ഗൂഢാലോചന തെളിഞ്ഞതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. തിരഞ്ഞെടുപ്പുകമ്മിഷനും സിപിഎമ്മും ഗൂഢാലോചന നടത്തുന്നു എന്ന കോണ്‍ഗ്രസ് വാദം തെളിയിക്കുന്നതാണ് ഈ സംഭവം.
ജനിച്ചതുമുതല്‍ കോഴിക്കോട് നഗരത്തില്‍ സ്ഥിരതാമസക്കാരനായ വി.എം. വിനുവിന്റെ വോട്ടവകാശം ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. അതില്‍ അവര്‍ക്ക് സംഭവിച്ചത് ഗുരുതരവീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണം. 2020-ലെ പട്ടിക ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. ഇതിനുപിന്നിലും കോര്‍പ്പറേഷന്റെ ഗൂഢാലോചനയാണെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. ഒരാളുടെയും വോട്ട് നിഷേധിക്കപ്പെടില്ല എന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതായും പ്രവീണ്‍കുമാര്‍ പറഞ്ഞു.
Content Highlights: Congress faces unexpected setback in Kozhikode Corporation elections as their chosen candidate, V.M. Vinu, is found to be ineligible due to voter list discrepancies. Legal recourse and party internal discussions are underway.