സീറ്റ് മുഖ്യം, മനംമാറ്റമില്ലാതെ വിമതർ; മുന്നിൽ യുഡിഎഫ്

#ഇലക്ഷൻ ഡസ്ക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പത്രികപിൻവലിക്കാനുള്ള അവസാനദിവസം ജില്ലയിൽ 13 വിമതർ പിൻവാങ്ങി. കൊയിലാണ്ടി, വടകര നഗരസഭകളിലുൾപ്പെടെ ജില്ലയിൽ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിൽ വിമതർ തുടരുകയാണ്. നാദാപുരം പഞ്ചായത്തിൽ സിപിഐയുടെ സീറ്റിൽ പത്രികനൽകിയ സിപിഎം പിൻവാങ്ങാൻ തയ്യാറാവാതെവന്നതോടെ സിപിഐ അവർക്ക് സീറ്റ് വിട്ടുകൊടുത്തു.

സിപിഐയിലെ സി.എച്ച്. ദിനേശനാണ് പത്രിക പിൻവലിച്ചത്. സിപിഎമ്മിലെ വിജയൻ ഒതയോത്താണ് സ്ഥാനാർഥി. ഫറോക്ക് നഗരസഭയിലെ ആറാംവാർഡിൽ അഞ്ച് വിമതരിൽ നാലുേപരും പിൻവാങ്ങി. ഒരു ലീഗ് വിമതനും മൂന്ന് കോൺഗ്രസ് നേതാക്കളുമാണ് പത്രിക പിൻവലിച്ചത്. ലീഗ് വിമതരിൽ ഒരാൾ പിന്മാറാൻ തയ്യാറായില്ല. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി പറശ്ശേരിയാണ് സ്ഥാനാർഥി. മുസ്‌ലിംലീഗ് പ്രവർത്തകൻ എ.കെ. റഫീഖാണ് വിമതനായി തുടരുന്നത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കാരശ്ശേരി ഡിവിഷനിൽ നാല് കോൺഗ്രസ് വിമതരിൽ രണ്ടുപേർ ഔദ്യോഗികസ്ഥാനാർഥിക്കെതിരേ മത്സരരംഗത്ത് തുടരുന്നു. തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് ദിശാലും ഷാനിബ് ചോണാടുമാണ് രംഗത്തുള്ളത്. ഡിസിസി നിർവാഹകസമിതി അംഗം എം.ടി. അഷ്റഫ്, കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് മുൻപ്രസിഡൻറ് അഷ്കർ സർക്കാർ എന്നിവരാണ് പത്രികപിൻവലിച്ചത്. നരിപ്പറ്റ പഞ്ചായത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെതിരേ മുസ്‌ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് വിമതനായി മത്സരിക്കുന്നത്.

വടകര നഗരസഭയിൽ വടകര തെരു വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ പത്രികനൽകിയ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.പി. സുരേഷ്ബാബു പത്രിക പിൻവലിച്ചെങ്കിലും രണ്ടാംവാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥി എം. ഫൈസലിനെതിരേ പ്രാദേശിക ലീഗ് നേതാവ് വി.സി.വി. നാസറും 27-ാം വാർഡിൽ ആർഎംപിഐ സ്ഥാനാർഥി എ.പി. ഷാജിത്തിനെതിരേ ആർഎംപി പ്രവർത്തകൻ ആസാദ് സിങ്ങും മത്സരരംഗത്ത് തുടരും. വേളം പഞ്ചായത്തിലെ ആറാംവാർഡിൽ ഔദ്യോഗികസ്ഥാനാർഥി മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരനെതിരേ പത്രികനൽകിയ കോൺഗ്രസ് നേതാവ് സി.എം. കുമാരൻ പിന്മാറിയെങ്കിലും മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.സി. ചന്ദ്രൻ പത്രിക പിൻവലിച്ചില്ല. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിൽ കോൺഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥി കോരങ്കോട്ട് മൊയ്തുവിനെതിരേ കാവിലുമ്പാറ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മനോജ് ചാലക്കണ്ടി വിമതനായിത്തുടരും. കുറ്റ്യാടി പഞ്ചായത്ത് പന്ത്രണ്ടാംവാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥി ജംസീന കൊയ്യോട്ടുമ്മലിനെതിരേ ലീഗിലെതന്നെ ജുമാന പൂക്കോട്ടുപൊയിലും വേളം പഞ്ചായത്തിലെ രണ്ടാംവാർഡിൽ ഔദ്യോഗിക മുസ്‌ലിംലീഗ് സ്ഥാനാർഥി കെ.സി. മുജീബ് റഹ്‌മാനെതിരേ മുസ്‌ലിംലീഗിലെത്തന്നെ നിസാർ കുഞ്ഞിക്കണ്ടിയും മത്സരരംഗത്തുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട രണ്ടാംവാർഡിൽ കോൺഗ്രസിലെ മുൻമെമ്പറായ സെമിലി, യുഡിഎഫിന്റെ ജിൻസി മനോജിനെതിരേ സ്വതന്ത്രസ്ഥാനാർഥിയായി ഉറച്ചുനിൽക്കുകയാണ്. കൂത്താളി പഞ്ചായത്തിലെ മുൻ സിപിഎം അംഗം ഇത്തവണ യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നുണ്ട്.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കൽ വാർഡിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും കർഷകകോൺഗ്രസ് ജില്ലാസെക്രട്ടറിയുമായ ജിതിൻ പല്ലാട്ടിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡിലും കോൺഗ്രസിന് വിമതരുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് താമരശ്ശേരി ഡിവിഷനിൽനിന്ന് എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത് പത്തുവർഷത്തോളമായി കർഷക കോൺഗ്രസിന്റെ ജില്ലാ ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന പി.കെ.സി. മുഹമ്മദാണ്. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോട് താമരശ്ശേരി പഞ്ചായത്തിൽ മുസ്‌ലിംലീഗിന്റെ ബാബു കുടുക്കിലിനെതിരേ മത്സരിക്കുന്നുണ്ട്.

ചക്കിട്ടപാറ ബ്ലോക്ക് ഡിവിഷനിൽ ദളിത് കോൺഗ്രസ് ജില്ലാസെക്രട്ടറി അശോകൻ മുതുകാട്‌, പൈതോത്ത് ഡിവിഷനിൽ ഡികെടിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. രാധാകൃഷ്ണൻ, കൂത്താളി പഞ്ചായത്തിലെ രണ്ടാംവാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ വിമതനായി പത്രികനൽകിയ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു പുല്ല്യോട്ട് എന്നിവർ പത്രിക പിൻവലിച്ചു. ചക്കിട്ടപാറ പഞ്ചായത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാസെക്രട്ടറി രാജൻ വർക്കി യുഡിഎഫ്‌ സ്ഥാനാർഥിക്കെതിരേ പത്രികനൽകിയിരുന്നെങ്കിലും പിൻവാങ്ങി.

സീറ്റില്ല, പാർട്ടിമാറിയ മുൻകൗൺസിലർ വിമത

എൽഡിഎഫിൽനിന്ന് കൂടുവിട്ട് യുഡിഎഫിലെത്തിയ പതിന്നാലാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസ് ഫറോക്ക് നഗരസഭയിൽ വിമതയായി രംഗത്ത്. കഴിഞ്ഞവർഷമാണ് ഫറോക്ക് നഗരസഭയിലെ ആർജെഡി അംഗം രാജിവെച്ച് മുസ്‌ലിംലീഗിലെത്തിയത്. സീറ്റ്‌ വീതംവെക്കലിൽ ഷനുബിയയെ തഴഞ്ഞതോടെ സ്വതന്ത്രയായി മത്സരിക്കുകയാണ്.

വിമതൻ ‌ഔദ്യോഗികസ്ഥാനാർഥിയായി

വിമതസ്ഥാനാർഥി ഔദ്യോഗികസ്ഥാനാർഥിയായി

ഫറോക്ക് നഗരസഭയിലെ മുപ്പത്തിരണ്ടാം ഡിവിഷനിൽ വിമതനായി പത്രികനൽകിയ മുസ്‌ലിംലീഗ് പ്രവർത്തകൻ ഒടുവിൽ ഔദ്യോഗികസ്ഥാനാർഥിയായി. ഔദ്യോഗികസ്ഥാനാർഥിയായി പത്രികനൽകിയിരുന്ന കരുവൻതിരുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു വാളക്കട അവസാനദിവസം പിൻവാങ്ങുകയായിരുന്നു. യുഡിഎഫ് സ്വതന്ത്രനായി യൂത്ത് ലീഗ് പ്രവർത്തകൻ കെ.പി. ഫൈസലാണ് മത്സരിക്കുക. യുഡിഎഫിന്റെ വിജയമാണ് തന്റെ സ്ഥാനാർഥിത്വത്തെക്കാൾ വലുതെന്ന് ബാബു വാളക്കട പറഞ്ഞു.

ഭീഷണിപ്പെടുത്ത‌ിയിട്ടും ഉപനന്ദൻ പിൻവാങ്ങിയില്ല

പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെങ്കിലും കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ വിമതനായി പത്രികനൽകിയയാൾ പിൻവാങ്ങിയില്ല. ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിലാണ് മുയിപ്പോത്ത് ആപ്പാംകുഴിയിൽമീത്തൽ ഉപനന്ദൻ (നന്ദൻ) സ്വതന്ത്രനായി മത്സരിക്കുന്നത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാവുമെന്ന് വഴിയിൽവെച്ച് രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നാണ് ഉപനന്ദൻ മേപ്പയ്യൂർ പോലീസിൽ പരാതിനൽകിയത്. ഹെൽമെറ്റുധരിച്ച രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. ഉപനന്ദന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Kozhikode: 13 rebels withdraw nominations for local body polls. UDF faces challenges with remaining rebels in several municipalities. Details inside.