കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതിന് കാര്യങ്ങള്‍ കടുക്കും; തീരുമാനങ്ങള്‍ ഇനി ഒറ്റയ്‌ക്കെടുക്കാനാകില്ല

കോഴിക്കോട്: കോര്‍പ്പറേഷനില്‍ മറ്റുരണ്ട് മുന്നണികളെക്കാള്‍ കൂടുതല്‍ സീറ്റുനേടിയെങ്കിലും ഇടതുപക്ഷത്തിന് ഇനി ഒറ്റയ്ക്ക് തീരുമാനങ്ങള്‍ കൈക്കൊണ്ട് മുന്നോട്ടുപോകുന്ന പതിവ് തുടരാനാവില്ല. മൂന്നുകക്ഷികളുടെയും തീരുമാനത്തിലൂടെ സമവായത്തില്‍ നീങ്ങിയാലേ കൗണ്‍സില്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ. 76 സീറ്റില്‍ 35 ഇടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 28 സ്ഥലത്ത് യുഡിഎഫും 13 ഇടത്ത് ബിജെപിയും ജയിച്ചു. നേരത്തേ എല്‍ഡിഎഫിന് 50 സീറ്റോടെ കൃത്യമായ മേല്‍ക്കൈയുണ്ടായിരുന്നു.
ഇടതുമേയര്‍, സ്ഥിരംസമിതിയില്‍ മറ്റുമുന്നണികളും
തദ്ദേശസ്ഥാപനങ്ങളില്‍ സീറ്റ് കൂടുതല്‍ക്കിട്ടിയ കക്ഷിക്കുതന്നെയാണ് മുന്‍തൂക്കം. നിശ്ചിതയെണ്ണം സീറ്റുണ്ടെങ്കിലേ ഭരിക്കാന്‍പറ്റൂവെന്നില്ല. എല്‍ഡിഎഫിന് യുഡിഎഫിനും ബിജെപിക്കും കിട്ടിയതിനെക്കാള്‍ സീറ്റുള്ളതിനാല്‍ മേയര്‍, ഡെപ്യൂട്ടിമേയര്‍ പദവിയില്‍ അവര്‍തന്നെയാണ് എത്തുക. മേയര്‍തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തും. ആരും വോട്ട് മാറ്റിച്ചെയ്തില്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ കൂടുതലുള്ള ഇടതുപക്ഷം ജയിക്കും. പക്ഷേ, തീരുമാനങ്ങളില്‍ സമവായമുണ്ടാക്കാന്‍ എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒരാളെ കണ്ടെത്തലാണ് ഇടതിനുള്ള വെല്ലുവിളി.
അതേസമയം, ഇത്തവണ സ്ഥിരംസമിതി അധ്യക്ഷപദവി യുഡിഎഫിനും ബിജെപിക്കുംകൂടി ലഭിക്കും. ചട്ടപ്രകാരം മൂന്ന് അധ്യക്ഷപദവിയെങ്കിലും ലഭിക്കും. സ്ഥിരംസമിതി അധ്യക്ഷപദവി, ലഭിച്ച സീറ്റിനനുസരിച്ച് ഭരിക്കുന്നകക്ഷിയില്‍നിന്നുള്ളവര്‍ക്കാണ് ലഭിക്കുക. എന്നാല്‍, ഇത്തവണ ചെറിയവ്യത്യാസംമാത്രമേ ഉള്ളൂവെന്നതിനാല്‍ അധ്യക്ഷപദവി മറ്റുമുന്നണികള്‍ക്കും കിട്ടും. 2010-ല്‍ യുഡിഎഫിന് ഇത്തരത്തില്‍ സ്ഥിരംസമിതി പദവി കിട്ടിയിരുന്നെന്ന് കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയ പറഞ്ഞു.
ഇനി പറ്റില്ല പാസ് പാസ്...
കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡകള്‍ വായിച്ച് 'പാസ്' പറഞ്ഞാണ് അംഗീകരിക്കുക. എന്നാല്‍, പലപ്പോഴും ഏതെങ്കിലുംവിഷയത്തിലുള്ള ചര്‍ച്ചയില്‍ ബഹളമുണ്ടാകുമ്പോള്‍ പ്രധാനപ്പെട്ട അജന്‍ഡകള്‍ ഉള്‍പ്പെടെ പാസ് പറഞ്ഞ് അംഗീകരിക്കുന്ന പതിവ് കൗണ്‍സിലിനുണ്ട്. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വിയോജിപ്പുകള്‍പോലും അപ്രസക്തമാകുകയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കാറുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുനടത്തിയ ഈ കൗണ്‍സിലിന്റെ അവസാനത്തെ പ്രധാന കൗണ്‍സില്‍ യോഗത്തിലും ആറുമിനിറ്റുകൊണ്ട് 246 അജന്‍ഡകള്‍ പാസാക്കി. ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ 'പ്രതിപക്ഷ'മായതിനാല്‍ ഇനി തീരുമാനമെടുക്കുമ്പോള്‍ സമവായമില്ലെങ്കില്‍ പാസാക്കാനാവില്ല. അവിശ്വാസമുണ്ടായാല്‍പ്പോലും ഇടതിന് തിരിച്ചടിയാകും.
തിരുത്തി മുന്നോട്ടുപോകും
തിരഞ്ഞെടുപ്പുഫലം പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇനി തിരുത്തി മുന്നോട്ടുപോകും. തുടര്‍കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. - ഒ. സദാശിവന്‍ (എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍).
ജനാധിപത്യമുഖം ഇല്ലാതായതിന്റെ ഫലം
ഞങ്ങളെ പരിഗണിക്കാനോ ബഹുമാനിക്കാനോപോലും കഴിഞ്ഞ അഞ്ചുവര്‍ഷവും തയ്യാറായില്ല. ജനങ്ങള്‍ തിരഞ്ഞെടുത്തവരായിട്ടും കൗണ്‍സിലിന് ജനാധിപത്യമുഖം ഇല്ലാതായി. അതിനുള്ള തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. - കെ.സി. ശോഭിത (യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍).
പരസ്പരബഹുമാനം പ്രധാനം
പരസ്പരം ബഹുമാനിക്കാനുള്ള മനസ്സുപോലും കാണിക്കാതെയാണ് ഇടതുപക്ഷം മുന്നോട്ടുപോയത്. ജനങ്ങള്‍ മാറിച്ചിന്തിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം ഇനിയുമുണ്ടാകും. - നവ്യാ ഹരിദാസ് (ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍).
Content Highlights: Kozhikode Corporation`s LDF faces a shift as single-party decision-making ends. New dynamics require consensus with UDF and BJP. Mayor to be elected, but council decisions need broader agreement.