കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുകോട്ടയ്ക്ക് തിരിച്ചടി; 35 സീറ്റിലൊതുങ്ങി എല്‍ഡിഎഫ്

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ടയ്ക്ക് തിരിച്ചടി. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷി ആയത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് ഇത്തവണ 35-ലേക്ക് കൂപ്പുകുത്തിയത്.
അതേസമയം ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കായി. 2020-ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ് നില 28-ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു.
ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് നേരിട്ടത്. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ പൊറ്റമ്മല്‍ ഡിവിഷനും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദിന്റെ മീഞ്ചന്ത ഡിവിഷനുമടക്കം നഷ്ടമായത് വലിയ നാണക്കേടായി. രണ്ട് മേയർമാരുടെ വാർഡായിരുന്നു പൊറ്റമ്മൽ. 1995ൽ എ.കെ.പ്രേമജവും ഇവിടെ നിന്നാണ് ജയിച്ചത്.
1962 നവംബര്‍ ഒന്നിനാണ് കോഴിക്കോട് നഗരസഭ കോര്‍പ്പറേഷനായത്. ഇടതുപക്ഷത്തു നിന്നായിരുന്നു ആദ്യമേയര്‍. പിന്നീട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി ചുവന്നുതന്നെയിരിക്കുകയാണ് കോഴിക്കോട്.
2010-ല്‍ യുഡിഎഫിന് 34 സീറ്റ് ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ അത് 20 ആയി. 2020-ല്‍ വീണ്ടും കുറഞ്ഞ് 18 ആയി. ഇതാണ് ഇത്തവണ 28 ലേക്ക് ഉയര്‍ത്തിയത്. 2010-ല്‍ 41 സീറ്റായിരുന്നു ഇടതിന്. തുടര്‍ന്നുള്ള രണ്ട് തിരഞ്ഞെടുപ്പില്‍ അത് 48, 50 സീറ്റുകളിലേക്കെത്തി. എന്നാല്‍, ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 2015-ലും 2020-ലും ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കി 2025 ല്‍ എത്തുമ്പോഴേക്കും 13 ലേക്ക് ഉയര്‍ത്തുകയും ചെയ്തു.
മുന്നണികള്‍ക്കിടയില്‍ സ്ഥാനാര്‍ഥി നിര്‍ണയംതൊട്ട് ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവുമെല്ലാം ഉണ്ടായിരുന്നു. യുഡിഎഫ് മേയര്‍സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന് വോട്ടില്ലാത്തതിനാല്‍ മത്സരിക്കാന്‍ പറ്റാത്തത് ആദ്യംതന്നെ തിരിച്ചടിയായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരരംഗത്തിറങ്ങി. മാവൂര്‍ റോഡ് ഡിവിഷനില്‍ നിന്ന് എഎപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാനായില്ല. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ശ്രീജ സി നായരാണ് വിജയിച്ചത്.
സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ ലീഗില്‍നിന്നുള്ള കൗണ്‍സിലര്‍ കെ. റംലത്ത് രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നാണ് മത്സരിച്ചത്. മൂന്നാലിങ്കല്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സഫറി വെള്ളയിലാണ് വിജയിച്ചത്.
2020-ല്‍ രണ്ടു സീറ്റുകള്‍ വീതമുണ്ടായിരുന്ന സിപിഐ ഇത്തവണ അത് നിലനിര്‍ത്തി. ഒരുസീറ്റ് നേടിയ എന്‍സിപിക്ക് ഇത്തവണയും അത് നിലനിര്‍ത്താനായി.
Content Highlights: Kozhikode Corporation election results show a significant setback for LDF, with BJP and UDF making gains. Explore the vote share and key constituency changes.