യുഡിഎഫിന് കോഴിക്കോട് കോര്‍പ്പറേഷന്‍ കൈവിട്ടത് 67 വോട്ടിന്

#സ്വന്തം ലേഖിക
കോഴിക്കോട് കോര്‍പ്പറേഷൻ
കോഴിക്കോട് കോര്‍പ്പറേഷൻ

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ ശ്രമം പാളിപ്പോയത് വെറും 67 വോട്ടിന്. അവസാനലാപ്പ് വരെ ത്രില്ലര്‍ പോരാട്ടം കാഴ്ചവെച്ചിട്ടും ഫോട്ടോ ഫിനിഷില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ്-ലീഗ് ക്യാമ്പുകള്‍.

കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎം ആയതിനാല്‍ എല്‍ഡിഎഫിന് തന്നെ കോഴിക്കോട് ഭരിക്കാം. 34 ഡിവിഷനുകള്‍ ജയിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫിനാകട്ടെ 28 ഡിവിഷനുകളാണ് ലഭിച്ചത്. പത്ത് സീറ്റുകൂടി അധികം ലഭിച്ചാല്‍ കേവലഭൂരിപക്ഷം കിട്ടുമായിരുന്ന യുഡിഎഫിന് ചുരുങ്ങിയത് നാല് സീറ്റിലെങ്കിലും ജയിച്ചിരുന്നെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയുള്ള നേതാക്കളുടെ വിലയിരുത്തല്‍.

നാല് സീറ്റുകള്‍ നേരിയ വോട്ടുകള്‍ക്ക് തോറ്റതിന്റെ കണക്കുകള്‍ മുന്നോട്ടുവെച്ചാണ് ഈ വിലയിരുത്തല്‍. ചെലവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ഉഷാദേവി യുഡിഎഫിലെ ഇ.കെ. ഷിജിയെ തോല്‍പ്പിച്ചത് 17 വോട്ടിനാണ്. അരക്കിണര്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ ബീരാന്‍കോയ യുഡിഎഫിലെ സി. നൗഫലിനെ തോല്‍പിച്ചത് 19 വോട്ടിന്. ചെറുവണ്ണൂര്‍ വെസ്റ്റിലും സമാന സാഹചര്യമാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.പി. ഷഹര്‍ബാന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സൗദ കൊല്ലേരിത്താഴത്തെ തോല്‍പിച്ചത് വെറും 22 വോട്ടിന്. എന്‍ഡിഎ ജയിച്ച പുതിയറയില്‍ യുഡിഎഫിന്റെ ഷേര്‍ളി പ്രമോദ് തോറ്റതും ഒമ്പത് വോട്ടിന്. ഈ നാല് വാര്‍ഡളിലെ ആകെ വോട്ട് വ്യത്യാസം 67 വോട്ടുകളാണ്. ഇവിടെ ഫലം തിരിച്ചായിരുന്നെങ്കില്‍ യു.ഡി.എഫിന്‍റെ കോര്‍പറേഷന്‍ സീറ്റ് നില 32 ആയി ഉയരുകയും  എല്‍.ഡി.എഫ് 31 ലേക്ക് ചുരുങ്ങുകയും ചെയ്യുമായിരുന്നെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Content Highlights: Kozhikode Corporation election, Kozhikode election results, UDF, LDF, political analysis Kerala, local body elections Kerala, election news Kozhikode, Congress, Muslim League, CPM