പത്രികാസമര്‍പ്പണത്തിന് മണിക്കൂറുകള്‍ ബാക്കി; ഒഴിയാതെ വിമത ഭീഷണി

കോഴിക്കോട്: നാമനിര്‍ദേശപത്രികാ സമര്‍പ്പണം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ജില്ലയില്‍ മുന്നണികള്‍ക്ക് വിമതഭീഷണി വെല്ലുവിളിയാവുന്നു. യുഡിഎഫിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുള്ളത്. പതിവില്ലാത്തവിധമാണ് ഇത്തവണ മുസ്ലിംലീഗില്‍ വിമതര്‍ രംഗത്തെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമുതലുണ്ടായ പ്രാദേശികപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതാണ് കാരണം. കോഴിക്കോട് കോര്‍പ്പറേഷനിലും ഗ്രാമപ്പഞ്ചായത്തുകളിലുമെല്ലാം ഒരുപോലെ പ്രശ്‌നങ്ങളുയരുന്നുണ്ട്.
വടകര നഗരസഭയിലെ വീരഞ്ചേരി (വാര്‍ഡ് രണ്ട്) വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി എം. ഫൈസലിനെതിരേ പ്രാദേശിക മുസ്ലിംലീഗ് നേതാവായ വി.സി.വി. നാസര്‍ പത്രിക നല്‍കി. യുഡിഎഫിന്റെ മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാനാണ് എം. ഫൈസല്‍. പ്രാദേശികവാദം ഉയര്‍ത്തിയാണ് വിമതന്റെ രംഗപ്രവേശം.
കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തില്‍ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ 12-ാം വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ലീഗിലെ ജംസീന കൊയ്യോട്ടുമ്മലിനെതിരേ ലീഗ് പ്രാദേശികനേതാവിന്റെ മകള്‍ ജുമാന പൂക്കോട്ടുപൊയില്‍ പത്രികനല്‍കി.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ കുറ്റ്യാടി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ വിമതന്‍ പത്രികനല്‍കി. ഔദ്യോഗിക സ്ഥാനാര്‍ഥി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ കോരങ്കോട്ട് മൊയ്തുവാണ്. കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ മനോജ് ചാലക്കണ്ടിയാണ് വിമതസ്ഥാനാര്‍ഥി.
വളയം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ സി.വി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരേ ചെറുമോത്ത് സ്വദേശി കളരിയുള്ളതില്‍ ഇബ്രാഹിം പത്രികനല്‍കി. ലീഗ് പ്രവര്‍ത്തകനാണ് ഇദ്ദേഹം.
കൂത്താളി ഗ്രാമപ്പഞ്ചായത്തിലെ മുന്‍ സിപിഎം പഞ്ചായത്തംഗം ഇത്തവണ സ്വതന്ത്രസ്ഥാനാര്‍ഥിയായി യുഡിഎഫ് പിന്തുണയില്‍ മത്സരരംഗത്തുണ്ട്. 2015-20 ഭരണസമിതിയിലെ അംഗമായ പി.എം. ബിന്ദുവാണ് കൂടുമാറിയത്. നരിപ്പറ്റ പതിനെട്ടാംവാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ. നാണുവിനെതിരേ മുസ്ലിംലീഗ് പ്രാദേശികനേതാവ് പി.പി. മൊയ്തു വിമതനായി രംഗത്തെത്തി. കൂരാച്ചുണ്ട് പഞ്ചായത്തില്‍ കല്ലാനോട്, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി പത്രികനല്‍കി.
താമരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ മുസ്ലിംലീഗിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനുപിന്നാലെ താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തച്ചംപൊയില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും വാര്‍ഡ് വികസനസമിതി കണ്‍വീനറുമായ റഫീഖ് തച്ചംപൊയില്‍ എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി തച്ചംപൊയില്‍ വാര്‍ഡില്‍ മത്സരരംഗത്തിറങ്ങി. കോഴിക്കോട് കോര്‍പ്പറേഷനില്‍ ലീഗ് കൗണ്‍സിലര്‍ കെ. റംലത്ത് രാജിവെച്ച് ആര്‍ജെഡി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു ആം ആദ്മി പാര്‍ട്ടിയിലേക്കാണ് മാറിയത്. മാങ്കാവ് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനക്കല്‍ ശശിക്കെതിരേ വിമതന്‍ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.
- മാവൂരില്‍ വനിതാലീഗ് നേതാവ് വിമതസ്ഥാനാര്‍ഥി
മാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വനിതാലീഗ് നേതാവ് വിമതയായി പത്രികനല്‍കി. വനിതാലീഗ് ജില്ലാകമ്മിറ്റി അംഗവും കേരള കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) പഞ്ചായത്ത് പ്രസിഡന്റുമായ ഖദീജാ കരീമാണ് ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡായ മാവൂര്‍ സൗത്തില്‍ സ്ഥാനാര്‍ഥിയായി ബുധനാഴ്ച പത്രികനല്‍കിയത്. വാര്‍ഡില്‍ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ സി. മുനീറത്താണ് മുസ്‌ലിംലീഗിന്റെ ഔദ്യോഗികസ്ഥാനാര്‍ഥി