പി.എം. നിയാസിനെ പാര്‍ട്ടിക്കാര്‍ത്തന്നെ കാലുവാരിയതോ? കോണ്‍ഗ്രസ് നടപടിയിലേക്ക്

കോഴിക്കോട്: കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായിരുന്ന പി.എം. നിയാസിനെ പാറോപ്പടിയില്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ കാലുവാരിയെന്ന സംശയം ബലപ്പെടുന്നു. ഒരു കോണ്‍ഗ്രസ് നേതാവിന്റെ അറിവോടെയാണ് നിയാസിനെതിരേ നീക്കം നടന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണം.
തോല്‍വിയെക്കുറിച്ച് അന്വേഷിക്കാനായി കെപിസിസി നിര്‍വാഹകസമിതി അംഗം നാണു മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ. രാജേന്ദ്രന്‍ എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നിയാസിന്റെ തോല്‍വിയില്‍ ആര്‍ക്കെങ്കിലും, അത് എത്ര മുതിര്‍ന്ന നേതാവാണെങ്കിലും, പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടിസ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനൊപ്പം അത്തോളി, കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകള്‍, വടകര, മുക്കം മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ പരാജയവും പാര്‍ട്ടി അന്വേഷിക്കും. വീഴ്ചകണ്ടെത്തിയാല്‍ നടപടിസ്വീകരിക്കും. കെപിസിസി പ്രസിഡന്റിന്റെ അനുമതിയോടെയാണ് അന്വേഷണം.
സാമൂഹികമാധ്യമങ്ങളില്‍ നേതൃത്വത്തിനെതിരേ പോസ്റ്റിട്ട നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാവും. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് പോസ്റ്റിട്ടതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
ചിലരൊക്കെ മതസാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിന്റെ ബലത്തിലുമാണ് സീറ്റ് സംഘടിപ്പിച്ചതെന്നും തെറ്റുകള്‍ തിരുത്തി പാര്‍ട്ടി നവീകരിക്കപ്പെടണമെന്നുമായിരുന്നു നിജേഷ് അരവിന്ദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിലെ രണ്ട് വിമതസ്ഥാനാര്‍ഥികളെയും അദ്ദേഹം അതില്‍ പിന്തുണയ്ക്കുന്നുണ്ട്. ജില്ലാപഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.പി. ദുല്‍ഖിഫിലും നേതൃത്വത്തിനെതിരേ പോസ്റ്റിട്ടിരുന്നു. പക്ഷേ, ഇവര്‍ക്കെതിരേയാണോ നടപടിയെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയില്ല.
Content Highlights: Congress investigates allegations of internal sabotage against UDF`s Kochi Mayor candidate P.M. Niyas. Disciplinary action promised for those found responsible.