രാഹുൽ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്, കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് വികസിക്കും- സതീശൻ

തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പാർട്ടി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല. യുഡിഎഫ് വികസിക്കും, എൽഡിഎഫിലേയും എൻഡിഎയിലേയും കക്ഷികൾ ഒപ്പം വരുമെന്നും വി.ഡി.സതീശൻ പറഞ്ഞു. മാതൃഭൂമിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്.
എത്രത്തോളം ആത്മവിശ്വാസമുണ്ട്?
ഞങ്ങൾക്ക് തിരിച്ചു വരാൻ പറ്റും. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ മുതൽ വീടുവീടാന്തരം കയറിയുള്ള പ്രചരണം വരെ ഇത്തവണ ഞങ്ങൾ നല്ല മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരായി വലിയ വികാരമാണ്. വടക്കേ മലബാറിൽ പോലും അത് കാണുന്നു. സർക്കാരിനെ തോൽപ്പിക്കാൻ ആളുകൾക്ക് വാശിയുണ്ട്.നല്ല കമ്യൂണിസ്റ്റുകാരുടേയും പരമ്പരാഗത ഇടതുമുന്നണി പ്രവർത്തകരുടെയും വോട്ട് ഞങ്ങൾക്ക് കിട്ടും. ഞങ്ങൾ ജയിക്കണമെന്ന്, ഞങ്ങളെക്കാൾ കൂടുതൽ
അവർ ആഗ്രഹിക്കുന്നു.
എത്ര ജില്ലാ പഞ്ചായത്തുകൾ കിട്ടും?
എട്ട് -ഒമ്പത് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് വരാനുള്ള സാധ്യതയുണ്ട്. മറ്റിടങ്ങളിലും കടുത്ത മത്സരമാണ്. എൽഡിഎഫിന് നിസാരമായി ജയിക്കുന്ന ഒരിടവും ഇത്തവണയില്ല.
ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ?
പ്രധാന അജണ്ട ശബരിമല സ്വർണക്കൊള്ളയാണ്. പൊതുയോഗങ്ങളിൽ ഈ വിഷയം പറയാതെ പോയാൽ ആളുകൾ ബഹളമുണ്ടാക്കുന്ന സ്ഥിതിയിലെത്തി.ഭക്തർ മാത്രമല്ല പൊതുജനങ്ങളാകെ അമ്പരന്നു നിൽക്കുകയാണ്. അമ്പലക്കൊള്ള നടത്തിയ പ്രതികളെ സിപിഎമ്മും സർക്കാരും സംരക്ഷിക്കുന്നതിൽ വലിയ അമർഷമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും ബദൽ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടോ
തദ്ദേശ ഭരണം സംബന്ധിച്ച് ഞങ്ങൾ ഗവേഷണ തുല്യമായ പഠനം നടത്തിയിട്ടുണ്ട്. ഫണ്ട് വിതരണത്തിലെ തുല്യത, പദ്ധതി നിർവഹണത്തിലെ കാലതാമസം തടയാൻ ഭേദഗതി, സമ്പൂർണ്ണ മാലിന്യ മുക്തി, തെരുവുനായകളിൽ നിന്നുള്ള മോചനം,ആശ്രയപദ്ധതി നവീകരിച്ച് നടപ്പാക്കൽ, വന്യജീവികളെ നേരിടാനായി തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകാനുള്ള നിയമനിർമാണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ബദലായി യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നു. പ്രാദേശികമായ സംരംഭക ഉച്ചകോടികൾ നടത്തി വികസനം ത്വരിതപ്പെടുത്തും. ഇടതുഭരണത്തിൽ അധികാരം കേന്ദ്രീകരിക്കുകയാണ് ചെയ്തത്. തദ്ദേശസ്ഥാപനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിബന്ധനകൾ വച്ചു. ഇതൊക്കെ പരിഷ്കരിക്കും.
'യുഡിഎഫ് തോറ്റാൽ ഉത്തരവാദിത്വം എനിക്കായിയിരിക്കും' എന്ന് ഉപതെരഞ്ഞെടുപ്പുകളുടെ സമയത്ത്, പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്ങനെ പറയാൻ അത്മവിശ്വാസമുണ്ടോ?
തീർച്ചയായും.വിജയം ടീം യുഡിഎഫിൻ്റേതാണ്. അതിനെ ഏകോപിപ്പിക്കുന്ന ആളുകൾ എന്ന നിലയിൽ വിജയ പരാജയങ്ങളുടെ ഉത്തരവാദിത്വം ഞങ്ങൾക്കെല്ലാമുണ്ട്.നേതൃനിരയിലുള്ളവർക്ക് ഒഴിഞ്ഞുനിൽക്കാൻ പറ്റില്ല. ഞാൻ ഒരിക്കലും ഒഴിഞ്ഞു മാറുന്ന ആളുമല്ല.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദം വന്നതോടെ യുഡിഎഫ് പ്രതിരോധത്തിലായില്ലേ?
ആ വിഷയം ഒന്നു വന്നു പോയതല്ലേ. ആദ്യം തന്നെ പാർട്ടി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല. ഒരു പരാതിയുമില്ലാതെ, ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്ത പാർട്ടിയാണിത്. ഒരു വിഷയത്തിൽ രണ്ടു നടപടി പറ്റില്ലല്ലോ
പക്ഷേ, ഒരു എംഎൽഎ തന്നെ ഒളിവിൽ പോകേണ്ട സ്ഥിതിയായല്ലോ
നേരത്തെയും കേരളത്തിൽ എംഎൽഎമാർ ഒളിവിൽ പോയിട്ടുണ്ട്. ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ എൽഡിഎഫിൽ ഉണ്ടല്ലോ. ഒരു നടപടിയും സിപിഎം എടുത്തില്ല. ഒരു ഡാമേജും യുഡിഎഫിന് ഉണ്ടാകില്ല.
സാമൂഹികരംഗത്ത് സിപിഎം വളരെ ശക്തമാണ്. കോൺഗ്രസ് ദുർബലവും
പാർട്ടിയുടെ സോഷ്യൽ മീഡിയ സംവിധാനം ദുർബലമായിരുന്നു.പക്ഷേ, ഞങ്ങളത് മെച്ചപ്പെടുത്തി വരുന്നുണ്ട്. യുഡിഎഫ് എന്ന നിലയിൽ ഇപ്പോൾ ശക്തമായ സാമൂഹിക മാധ്യമ സംവിധാനമുണ്ട്.
ഏത് കുറ്റകൃത്യം നടത്തിയാലും പാർട്ടി നേതാക്കളെ വൈറ്റ് വാഷ് ചെയ്യലാണ് സിപിഎം സൈബർ സംഘങ്ങളുടെ ജോലി. ഒരു മുൻ മാധ്യമപ്രവർത്തകൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തിരുന്ന് ഇടതു സഹയാത്രികരെ വരെ ചെളിവാരിയെറിയുകയാണവർ. സർക്കാരിൻ്റെ അതിദാരിദ്ര്യവിമുക്ത പ്രഖ്യാപനത്തെ വിമർശിച്ച, ഇടതതനുകൂല വിദഗ്ധരെ അവരുടെ പ്രായം പോലും നോക്കാതെ ആക്രമിക്കുന്നത് നമ്മൾ കണ്ടില്ലേ. അവരെല്ലാം അവരുടെ വിഷയങ്ങളിൽ വിദഗ്ധരാണ്. എല്ലാകാലത്തും ഇടതു സഹയാത്രികരും. അവരുടെ ഭാഗത്തു നിന്നുള്ള വിമർശനങ്ങൾ പോലും സഹിക്കാൻ സിപിഎമ്മിന് സാധിക്കുന്നില്ല. എല്ലാവരെയും ഹീനമായ ഭാഷയിൽ ആക്ഷേപിക്കുന്ന സിപിഎമ്മിൻ്റെ സാമൂഹിക മാധ്യമ വിഭാഗം മാതൃകയാണെന്ന് ഞാൻ കരുതുന്നില്ല.
കോൺഗ്രസിലെ സാമൂഹിക മാധ്യമ രംഗത്തുള്ളവർ പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നല്ലോ
അവരാരും കോൺഗ്രസുകാരല്ല.എല്ലാം വ്യാജ ഐഡികളാണ്. കോൺഗ്രസിൻ്റെ മുഖ്യധാരയിലുള്ള ഒരു നേതാവ് പോലും അക്കൂട്ടത്തിലില്ല. ഞങ്ങൾ പരിശോധിച്ചപ്പോൾ വിദേശത്തുള്ള വ്യാജ ഐഡികൾ വരെയുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് വികസിക്കുമോ?
വികസിക്കും. ഇപ്പോൾ തന്നെ ഒരുപാട് പാർട്ടികൾ ഞങ്ങളോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എൽഡിഎഫിനോട് ആഭിമുഖ്യമുള്ളവരും അവരുടെ ഘടകകക്ഷികളും അക്കൂട്ടത്തിലുണ്ട്. എൻഡിഎയിൽ നിന്നും ഞങ്ങളോടൊപ്പം ഘടകകക്ഷികൾ എത്തും. ഇപ്പോൾ യുഡിഎഫ് കുറെ പാർട്ടികളുടെ കോൺഫെഡറേഷനല്ല. ടീം യുഡിഎഫാണ്. 2016-ലും 21 -ലും ഞങ്ങൾക്കൊപ്പമില്ലാതിരുന്ന ഒരുപാട് സാമൂഹിക ഘടകങ്ങൾ ചേർന്ന് വലിയ പൊളിറ്റക്കൽ പ്ലാറ്റ്ഫോം ഇന്ന് ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. അതായിരുന്നു ഉപതിരഞ്ഞെടുപ്പുകളിലെ ഞങ്ങളുടെ വിജയരഹസ്യം. അതേ സമവാക്യം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
Content Highlights: Opposition Leader VD Satheesan expresses strong confidence in UDF`s victory in the upcoming local body elections, highlighting party preparedness and public sentiment against the ruling government.