ഭരണഘടന ഉയർത്തിപ്പിടിച്ച് ശബരീനാഥൻ, ശരണംവിളിച്ച് ആശാനാഥും മേരിപുഷ്പവും; സത്യപ്രതിജ്ഞ പൂർത്തിയായി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകൾ, നഗരസഭകൾ, ത്രിതല പഞ്ചായത്തുകളിലാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ യുഡിഎഫ് പ്രതിനിധി കെ.ആർ. ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്. തുടർന്ന് ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കൊല്ലം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ സത്യവാചകം ചൊല്ലുന്നതിനായി മുതിർന്ന അംഗം ഉദയാ സുകുമാരൻ വേദിയിലേക്കെത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ/ മാതൃഭൂമി

യുഡിഎഫ് അംഗം കെ.എസ്. ശബരീനാഥൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞചെയ്തത്. മറ്റുചില യുഡിഎഫ് അംഗങ്ങളും സമാനരീതിയിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്തു.

യുഡിഎഫ്, ബിജെപി അംഗങ്ങൾ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞചെയ്തത്. കുന്നുകുഴിയിൽനിന്നുള്ള യുഡിഎഫ് അംഗം മേരിപുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണംവിളിച്ചു. ബിജെപി അംഗമായ ആശാനാഥും സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണം വിളിച്ചു. ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ വന്ദേമാതരം മുഴക്കിയാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. ചെല്ലമംഗലം വാർഡിലെ എൽഡിഎഫ് കൗൺസിലർ അരുൺ വട്ടവിളി സത്യപ്രതിജ്ഞയ്ക്ക് ശേഷം 'രക്തസാക്ഷികൾ സിന്ദാബാന്ദ്' മുദ്രാവാക്യം മുഴക്കി. ബിജെപി കൗൺസിലറായ കരമന അജിത്ത് സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയനേതാവ് പ്രകാശ് ജാവഡേക്കർ തുടങ്ങിയവരും എത്തിയിരുന്നു.

യുഡിഎഫ് കൗൺസിലർമാരായ കെ.എസ്.ശബരീനാഥനും,വൈഷ്ണാ സുരേഷും സത്യപ്രതിജ്ഞ ചെയ്യാൻ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിലേക്ക് എത്തിയപ്പോൾ | ഫോട്ടോ: ബിജുവർഗീസ്/ മാതൃഭൂമി

കൊല്ലം കോർപ്പറേഷനിൽ മുതിർന്ന അംഗം ഉദയാ സുകുമാരനാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്. തുടർന്ന് ഇവർ മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും വൻ ജനപങ്കാളിത്തതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞക്ക് പോകുന്നതിന് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രമർപ്പിക്കുന്നു.നേതാക്കളായ കരമന ജയൻ,പ്രകാശ് ജാവഡേക്കർ,കുമ്മനം രാജശേഖരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജുവർഗീസ്/ മാതൃഭൂമി

തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 23,573 പേരാണ് ജയിച്ചത്. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മൂന്നിടത്ത് വോട്ടൈടുപ്പ് മാറ്റിയിരുന്നു. മലപ്പുറം വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ 22-നും ചോക്കാട് ഗ്രാമപ്പഞ്ചായത്തിൽ 26-നും തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ ജനുവരി 16-നുമാണ് സത്യപ്രതിജ്ഞ. മംഗലം, വെട്ടം, തിരുനാവായ, മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുകളിലും തിരൂർ ബ്ലോക്ക് പഞ്ചായത്തിലും ഫെബ്രുവരി ഒന്നിനാണ് സത്യപ്രതിജ്ഞ.

Content Highlights: Newly elected members of Kerala`s local self-government bodies have sworn in. Discover unique oath-taking ceremonies across corporations and panchayats.