ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലൂടെ: ഉദുമയുടെ തുടർച്ചയാരിലൂടെ? പുതുമയുടെ പകിട്ടിൽ ബേക്കൽ

#ന്യൂസ് ഡെസ്ക്

പാലക്കുന്ന്: മൂന്ന് മുന്നണികൾക്കും പ്രാദേശികമായി സ്വാധീനമേറെയുള്ള മേഖലകൾ കൂടിച്ചേർന്നതാണ് ഉദുമ. അതിനാൽ എന്നും ശക്തമായ ത്രികോണ മത്സരവുമുണ്ടാകും. മിക്കവാറും തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന ഡിവിഷൻ. ഇത്തവണയും മികച്ച പ്രതീക്ഷയോടെയാണ് യുഡിഎഫ് മത്സരരംഗത്തുള്ളത്. മാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് എൽഡിഎഫ്. ബിജെപിയും വിട്ടുവീഴ്ചക്കില്ലെന്നറിയിച്ച് വെല്ലുവിളിയുയർത്തി രംഗത്തുണ്ട്. ഡീലിമിറ്റേഷനിലൂടെ ഡിവിഷൻ ഒന്ന് കൂടി യുഡിഎഫിന് അനുകൂലമായി മാറിയെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വമുള്ളത്. എന്നാൽ സ്ഥാനാർഥി മികവിലൂടെ ഡിവിഷൻ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ എൽഡിഎഫും ബിജെപിയും പങ്കുവെക്കുന്നു. എസ്ഡിപിഐയും മത്സരം കടുപ്പിക്കാൻ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിൽ അധികമായി ബേക്കൽ ഡിവിഷൻ വന്നതോടെ നല്ലൊരു ശതമാനം വോട്ടുകളും ഉദുമയിൽനിന്നും വിട്ടുമാറിയിട്ടുണ്ട്. ചിലഭാഗങ്ങൾ ഒഴിവാകുകയും ചിലത് കൂടിച്ചേരുകയും ചെയ്തു. ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലെ 32 വാർഡുകളാണ് ഉദുമ ഡിവിഷനിൽപ്പെടുക. ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലെ 18 വാർഡുകളും ഉദുമയിലെ 14 വാർഡുകളുമാണുള്ളത്. തെക്കിൽ, കളനാട്, മേൽപ്പറമ്പ്, പാലക്കുന്ന്, ഉദുമ ബ്ലോക്ക് ഡിവിഷനുകളിലെ 52,561 വോട്ടർമാരാണ് ഇവിടെ ജനവിധി രേഖപ്പെടുത്തേണ്ടത്. ചെമ്മനാട് ബ്ലോക്ക് ഡിവിഷൻ ചെങ്കളയിലേക്കും മേൽപ്പറമ്പ് ബ്ലോക്ക് ഡിവിഷൻ ഉദുമയിലേക്ക് വന്നതാണ് പ്രധാനമാറ്റം.

കൈപ്പിടിയിലൊതുക്കാൻ സുകുമാരിയുണ്ട്

: ഗീതാ കൃഷ്ണന് തുടർച്ചയുണ്ടാക്കാൻ സുകുമാരി ശ്രീധരനാണ് കോൺഗ്രസ് സ്ഥാനാർഥി. തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാമങ്കത്തിലാണ് സഹകരണ സംഘം ജീവനക്കാരി കൂടിയായ സുകുമാരി. 2010-15 കാലയളവിൽ ഉദുമ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. ഡിവിഷനിലെ വോട്ടറെന്ന നിലയിലും മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റെന്ന നിലയിലും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നും തികഞ്ഞ സൗഹൃദത്തോടെയാണ് വോട്ടർമാർ ഇടപെടുന്നതെന്നും അവർ പറഞ്ഞു. ഗൃഹസന്ദർശനം പൂർത്തിയാക്കി പൊതുപര്യടനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സുകുമാരി ശ്രീധരൻ.

പാട്ടുപാടി വരുന്നുണ്ട് റഫ

:എൽഡിഎഫിൽ ഐഎൻഎല്ലിന് നൽകിയ ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുകയാണ് ആയിഷത്ത് റഫ. പ്രൊഫഷണൽ ഗായികയായതിനാൽ പര്യടനത്തിലുടനീളം പാട്ടുംപാടിയാണ് വോട്ടഭ്യർഥന. സ്വീകരണ സ്ഥലങ്ങളിലൊക്കെയും പാട്ടിലൂടെ റഫ സ്വയം പരിചയപ്പെടുത്തുന്നു. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യവെയാണ് മത്സരിക്കാനുള്ള നിയോഗം വന്നത്. ആദ്യത്തെ മത്സരമാണെങ്കിലും അതിന്റെ പരിഭ്രമമേതുമില്ലാതെയാണ് വോട്ടഭ്യർഥന. കുടയാണ് തന്റെ ചിഹ്നമെന്ന് പറഞ്ഞ് ജനങ്ങളോടുള്ള സംസാരത്തിൽ അവർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും അത് വോട്ടായി മാറുമെന്നും ആയിഷത്ത് റഫ പറയുന്നു.

ബിജെപിക്കായി സൗമ്യ

: രണ്ടാമങ്കത്തിനാണ് ബിജെപി സ്ഥാനാർഥി സൗമ്യാ പദ്മനാഭൻ ഗോദയിലുള്ളത്. കഴിഞ്ഞതവണ ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിൽ ദേളിയിൽ ജനവിധി തേടിയിരുന്നു. ചെമ്മനാട് സർവീസ് സഹകരണ ബാങ്കിലെ ദിനനിക്ഷേപ കളക്ഷൻ ഏജന്റെന്ന നിലയിൽ ഡിവിഷനിൽ കൂടുതൽ വോട്ടർമാരുള്ള ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലെ മുക്കും മൂലയും മനപാഠമാണ്.

ഉദുമ പഞ്ചായത്തിൽ ബിജെപിക്ക് വേരോട്ടമുള്ള പ്രദേശങ്ങളേറെയുണ്ട്. ഈ സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും ബിജെപി മണ്ഡലം സെക്രട്ടറികൂടിയായ സൗമ്യ പറയുന്നു. എസ്ഡിപിഐ സ്ഥാനാർഥിയായി നജുമ റഷീദാണ് മത്സരിക്കുന്നത്.

പുതുമയുടെ പകിട്ടിൽ ബേക്കൽ

ബേക്കൽ: ഒരു ജില്ലാ ഡിവിഷൻ അധികമായപ്പോൾ പുതുതായി വന്നതാണ് ബേക്കൽ. അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ കൗതുകത്തോടെ വീക്ഷിക്കുന്നിടമായി മാറുന്നു ബേക്കൽ. കന്നിപ്പോരാട്ടത്തിൽ ഡിവിഷൻ ആരെ വാഴ്ത്തുമെന്നത് പറയാൻ മുൻകാല ചരിത്രമില്ലാത്തതിനാൽ വോട്ടുകണക്കിലാണ് പാർട്ടികളുടെ കണ്ണ്. ശക്തമായ ത്രികോണപ്പോരിനാണ് ഡിവിഷൻ ആദ്യ അങ്കത്തിന് സാക്ഷ്യം വഹിക്കുന്നത്. ബലാബലം മത്സരമുണ്ടാകുമെന്ന വിലയിരുത്തൽ മൂന്ന് മുന്നണികൾക്കുമുണ്ട്.

ഉദുമ, പെരിയ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ബേക്കൽ ഡിവിഷന് രൂപംകൊടുത്തത്. കരിപ്പോടി, പനയാൽ, ബേക്കൽ, പാക്കം, വെളുത്തോളി എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ഉൾക്കൊള്ളുന്നു. ഉദുമ പഞ്ചായത്തിലെ ഒൻപത്, പള്ളിക്കര പഞ്ചായത്തിലെ 17, പുല്ലൂർ പെരിയ പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടെ 28 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലെ 54,387 വോട്ടർമാരാണ് പുതുപ്പോരാട്ടത്തിൽ ജനവിധി രേഖപ്പെടുത്തേണ്ടത്. പഞ്ചായത്തുകളിലെ നിലവിലെ കക്ഷിനില നോക്കിയാൽ എൽഡിഎഫ് ഭദ്രമെന്ന് പറയുമ്പോഴും പ്രദേശങ്ങളിലെ സ്വാധീനങ്ങളും നിർണായക ഘടകമാകുമെന്നുറപ്പ്. നിലവിൽ ബ്ലോക്ക് ഡിവിഷനുകളിലെല്ലാം എൽഡിഎഫ് അംഗങ്ങളാണ്.

രാധികയിലൂടെ ജയിച്ചുകയറാൻ

നിലവിൽ പള്ളിക്കര ഗ്രാമപ്പഞ്ചായത്തംഗമായ ടി.വി. രാധികയെയാണ് ഡിവിഷനിൽ എൽഡിഎഫ് മത്സരിപ്പിക്കുന്നത്. പ്രദേശത്തെ പരിചിതമുഖമാണ്. സിപിഎമ്മിന്റെ വിവിധ വർഗ ബഹുജന സംഘടനകളിലൂടെ പ്രദേശമാകെ അറിയാവുന്നയാളാണ്. തദ്ദേശഭരണത്തിലെ മുൻ അനുഭവം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് രാധിക പറയുന്നു. പര്യടനം തുടരുമ്പോൾ പ്രതീക്ഷയേറെയാണ്. ജനങ്ങളുടെ സ്നേഹം വോട്ടായി മാറുമെന്ന് രാധിക ഉറപ്പിച്ചുപറയുന്നു.

കോണിയുമായി ഷഹീദയുണ്ട്

പത്ത് വർഷമായി പുല്ലൂർ പെരിയ ഗ്രാമപ്പഞ്ചായത്തംഗവും നിലവിൽ സ്ഥിരം സമിതി അധ്യക്ഷയുമായ ഷഹീദ റാഷിദ് കുണിയയെയാണ് ലീഗ് അഭിമാനപ്പോരാട്ടത്തിൽ കളത്തിലിറക്കിയിരിക്കുന്നത്. എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും ഈ പോരാട്ടത്തിൽ കരുത്ത് പകരുന്നുവെന്ന് ഷഹീദ പറയുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും പ്രതീക്ഷയേറെയാണെന്നും അവർ പറഞ്ഞു.

ബിജെപിക്കായി മാലതി

മുൻ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരി മാലതി രാഘവനെയാണ് ബിജെപി മത്സരരംഗത്തിറക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ഗ്രാഹ്യമുള്ള വ്യക്തിയെന്ന മികവിലാണ് ബിജെപിയുടെ പ്രതീക്ഷ. വാർഡുകൾ കുറവാണെങ്കിലും വലിയ പ്രദേശമുൾക്കൊള്ളുന്നതാണ് ഡിവിഷൻ. വിരമിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ നിയോഗം വന്നത്. പാർട്ടിയുടെ ഉദുമ മണ്ഡലം അംഗമാണ്. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളുണ്ടെന്നും പ്രചാരണം പുരോഗമിക്കവേ പ്രതീക്ഷകളേറുകയാണെന്നും മാലതി പറഞ്ഞു.

Content Highlights: Uduma & Bekal: A Deep Dive into Kerala's Electoral Battlegrounds