ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലൂടെ: ആവേശത്തിന് ഒട്ടും കുറവില്ല കയ്യൂരിന്; എന്നും കൈചേർത്ത ചിറ്റാരിക്കാൽ

#ന്യൂസ് ഡെസ്ക്

കയ്യൂർ: പേരും ഭൂപ്രദേശങ്ങളും മാറിയെങ്കിലും പഴയ കരിന്തളത്തിന്റെ ആവേശത്തിന് ഒട്ടും കുറവില്ല കയ്യൂരിന്. വിപ്ലവപോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന പ്രദേശത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാണ്. എന്നും ഇടതുപക്ഷത്തോടുചേർന്നുനിന്ന ചരിത്രമാണ് കയ്യൂർ ജില്ലാ ഡിവിഷന്റെ ഭാഗമായ പ്രദേശങ്ങൾക്കുള്ളത്. എങ്കിലും വിട്ടുകൊടുക്കാതെ യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. പട്ടികവർഗ സംവരണ ഡിവിഷനാണിത്. ദളിത് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരെയാണ് മൂന്ന് മുന്നണികളും ഗോദയിലിറക്കിയത്.

കോടോം ബേളൂർ പഞ്ചായത്തിലെ ആറുവാർഡും പിലിക്കോട്ടെ ഒരു വാർഡും ഒഴിവാക്കി വെസ്റ്റ് എളേരിയിലെ എട്ട് വാർഡുകൾ കൂട്ടിച്ചേർത്തതാണ് ഡിവിഷനിലുണ്ടായ മാറ്റം. സിപിഎമ്മിലെ കെ.ശകുന്തളയാണ് പഴയ കരിന്തളം ഡിവിഷനിൽനിന്ന് വിജയിച്ചത്. അന്നത്തെ ഭൂരിപക്ഷം 11,172 ആണ്.

പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പരപ്പ, കിനാനൂർ, എളേരി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കയ്യൂർ, ചീമേനി എന്നീ ഡിവിഷനുകൾ ഉൾപ്പെട്ടതാണ് പുതിയ കയ്യൂർ ഡിവിഷൻ. കിനാനൂർ കരിന്തളം പഞ്ചായത്തിലെ 19-ൽ 15-ഉം, കയ്യൂർ ചീമേനിയിലെ 17-ൽ 14-ഉം, വെസ്റ്റ് എളേരിയിലെ 19-ൽ എട്ടും ഉൾപ്പെടെ ആകെ 37 പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുക. ഇതിൽ 29 വാർഡുകളിലും എൽഡിഎഫ് ജനപ്രതിനിധികളാണ് നിലവിലുള്ളത്. ഡിവിഷനിലുൾപ്പെട്ട അഞ്ച് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും നിലവിൽ എൽഡിഎഫ് വിജയിച്ചവയാണ്. കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം പഞ്ചായത്തുകൾ എൽഡിഎഫും വെസ്റ്റ് എളേരി യുഡിഎഫും ഭരിക്കുന്നു.

ഒക്ലാവിലൂടെ നിലനിർത്താൻ എൽഡിഎഫ്

പേര് മാറിയാലും നാട് എന്നും കമ്യൂണിസ്റ്റ് പാരമ്പര്യത്തെ ചേർത്തുപിടിച്ചതാണെന്ന് പറയുന്നു ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻ ഒക്ലാവ്. പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗത്തെ രംഗത്തിറക്കി ശക്തമായ തേരോട്ടത്തിനാണ് സിപിഎം ശ്രമം. കള്ളാർ പഞ്ചായത്തംഗമായി രണ്ടുതവണ വിജയിച്ചതിന്റെ ഭരണാനുഭവം അദ്ദേഹത്തിനുണ്ട്. ആദിവാസി ക്ഷേമസമിതി സംസ്ഥാന ട്രഷർ, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന പട്ടികവർഗ ഉപദേശകസമിതിയിലും എസ്‌സി-എസ്ടി കോർപ്പറേഷൻ ബോർഡ് ഭരണസമിതിയിലും അംഗമാണ്‌.

അങ്കം മുറുക്കാൻ സുന്ദരൻ

സിപിഎമ്മിന്റെ കോട്ടയിൽ വിള്ളൽ വീഴ്ത്താനുള്ള പോരാട്ടത്തിന് അരയും തലയും മുറുക്കിയാണ് കോൺഗ്രസ് രംഗത്തുള്ളത്. ആദിവാസി-ദളിത് മേഖലയിൽ സജീവ സാന്നിധ്യമായ ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുന്ദരൻ ഒരളയെയാണ് കോൺഗ്രസ് ഗോദയിലിറക്കിയത്. നേരത്തേ കള്ളാർ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള യുഡിഎഫ് പോരാട്ടത്തിന് ഒരുകൈസഹായം കയ്യൂരിൽനിന്ന് കൊടുക്കാനാണ് തന്റെ സ്ഥാനാർഥിത്വമെന്ന് അദ്ദേഹം പറയുന്നു.

ഭരതനെയിറക്കി ബിജെപി

പട്ടികവർഗവിഭാഗങ്ങൾക്കിടയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിച്ച് അംഗീകാരം നേടിയ നേതാവിനെയാണ് ബിജെപി കയ്യൂരിൽ മത്സരിപ്പിക്കുന്നത്. എസ്ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഡി.ഭരതൻ ഉറച്ച പ്രതീക്ഷയോടെയാണ് വോട്ടർമാരെ സമീപിക്കുന്നത്. നേരത്തേ കോടോം-ബേളൂർ പഞ്ചായത്തിൽ എണ്ണപ്പാറ വാർഡിലേക്ക് മത്സരിച്ചിരുന്നു. ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നു ഭരതൻ.

എന്നും കൈചേർത്ത ചിറ്റാരിക്കാൽ

ചിറ്റാരിക്കാൽ: യുഡിഎഫിന് ഇളക്കം തട്ടാത്ത ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചിറ്റാരിക്കാൽ. ഡിവിഷൻ രൂപീകൃതമായത് മുതൽ യുഡിഎഫിനെ കൈചേർത്ത് പിടിച്ചിട്ടുണ്ട് ഇവിടുത്തെ വോട്ടർമാർ. ഡീലിമിറ്റേഷനിൽ ചില ഭാഗങ്ങൾ പോകുകയും ചിലത് വരികയും ചെയ്തെങ്കിലും ഇവിടം മുന്നണിയുടെ കൈയിൽ ഭദ്രമാണെന്നുറപ്പിക്കുകയാണ് യുഡിഎഫ് പ്രവർത്തകർ. മലയോരത്ത് പാർട്ടിക്ക് ശക്തികുറഞ്ഞിട്ടില്ലെന്നും വിദ്യാർഥിനേതാവിനെ അവതരിപ്പിച്ചതിലൂടെ ഡിവിഷൻ പിടിച്ചെടുക്കുമെന്ന സന്ദേശം പകരാനായെന്നും ഇടതുമുന്നണിയും വ്യക്തമാക്കുന്നു. മഹിളാപ്രസ്ഥാനത്തിന്റെ ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കുക വഴി വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപിയും ചിന്തിക്കുന്നില്ല. ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.

കഴിഞ്ഞതവണ 4406 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചതാണിവിടെ. നേരത്തേ കള്ളാർ ജില്ലാ ഡിവിഷന്റെ ഭാഗമായിരുന്ന ബളാൽ ബ്ലോക്ക് ഡിവിഷൻ കൂട്ടിച്ചേർത്തതോടെ കരുത്ത് ഒന്നുകൂടി വർധിച്ചതയാണ് കോൺഗ്രസ് വിലയിരുത്തൽ. സിപിഎമ്മിന്റെ ശക്തിദുർഗമായ എളേരി ബ്ലോക്ക് ഡിവിഷൻ കയ്യൂരിലേക്ക് മാറിയതും അനുകൂലഘടകമായി അവർ കണക്കാക്കുന്നു. എന്നാൽ, പഴയ വോട്ടുകണക്കിൽ കാര്യമില്ലെന്നും ചിത്രം മാറുമെന്നുമാണ് സിപിഎമ്മിന്റെ മറുപടി. നേരത്തേയൊരിക്കൽ നൂറോളം വോട്ടിന് മാത്രം പരാജയപ്പെട്ടിട്ടുണ്ട്. ബിജെപിക്കും മോശമല്ലാത്ത പ്രവർത്തനമേഖലയുണ്ട് ചിറ്റാരിക്കാലിൽ.

പരപ്പ ബ്ലോക്കിലെ ബളാൽ, മാലോം, പാലാവയൽ, ചിറ്റാരിക്കാൽ, കമ്പല്ലൂർ ഡിവിഷനുകൾ ചേർന്നതാണ് ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ഈസ്റ്റ് എളേരിയിലെ 18-ഉം, ബളാലിലെ എടത്തോട് വാർഡ് ഒഴികെയുള്ള 16-ഉം, വെസ്റ്റ് എളേരിയിലെ 11-ഉം, കള്ളാർ പഞ്ചായത്തിലെ മൂന്നുമടക്കം 48 വാർഡുകളാണ് ഡിവിഷനിലുള്ളത്.

നിലനിർത്താൻ ബിൻസി

കോട്ട തകരാതെ കാക്കാനുള്ള പോരിലാണ് ബിൻസി ജെയ്ൻ ഗോദയിലുള്ളത്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയെന്നനിലയിൽ ഡിവിഷനിലാകെ സഞ്ചരിച്ചിട്ടുണ്ട്. നേരത്തേ ബളാൽ പഞ്ചായത്തംഗമെന്ന നിലയിലുള്ള തദ്ദേശഭരണാനുഭവം ഗുണം ചെയ്യുമെന്നും ബിൻസി പറഞ്ഞു. മലയോരജനതയുടെ പിന്തുണ വർധിക്കുന്നതായാണ് പ്രചാരണത്തിൽ അനുഭവപ്പെടുന്നതെന്ന് നേതാക്കളും പറയുന്നു.

ചെറുപ്പത്തിന്റെ കരുത്തിൽ കവിത

മാറ്റങ്ങളുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും എൽഡിഎഫ് സ്ഥാനാർഥി കവിതാ കൃഷ്ണൻ പറയുന്നു. ബാലസംഘം, എസ്എഫ്‌ഐ നേതാവെന്ന പരിചയവുമായാണ് കവിതയുടെ തിരഞ്ഞെടുപ്പ് പോരാട്ടം. സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിലും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞയാളെന്ന നിലയിലും ഇതിനകംതന്നെ കവിതാ കൃഷ്ണൻ ശ്രദ്ധേയയായിട്ടുണ്ട്.

മഹിളാപ്രസ്ഥാനത്തിന്റെ കരുത്തിൽ രമണി

മഹിളാമോർച്ച ജില്ലാ പ്രസിഡന്റിനെ കളത്തിലിറക്കി ഡിവിഷൻ പിടിച്ചെടുക്കാനുള്ള പ്രവർത്തനത്തിലാണ് ബിജെപി. കെ.എസ്. രമണിക്ക് ഇത് ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമല്ല. നേരത്തേ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ചിട്ടുണ്ട്. കുടിയേറ്റ ജനതയുൾപ്പെടെ ഇരുകൈയും നീട്ടി ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കുന്ന അനുഭവം മലയോരമേഖലയിൽ നിന്നാദ്യമായുണ്ടാകുന്നത് മാറ്റത്തിന്റെ സൂചനയാണെന്നും അവർ വ്യക്തമാക്കി.

ആം ആദ്മി പാർട്ടിക്കായി മറിയാമ്മയും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാണ്.

Content Highlights: Kerala Local Body Elections: Battlegrounds of Kayyoor and Chittarikkal Unfold