സ്ഥാനാർഥി ജയിലിലേക്ക്, മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകർ; കൊലപാതകമുൾപ്പെടെ 16 കേസുകളിൽ പ്രതി

വി.കെ.നിഷാദ്
വി.കെ.നിഷാദ്

കണ്ണൂർ: പയ്യന്നൂർ നഗരസഭ 46-ാം വാർഡ് മൊട്ടമ്മലിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധിതേടുന്ന വി.കെ. നിഷാദ് 16 കേസുകളിൽ പ്രതി. 2009 മുതൽ 2016 വരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസിനുനേരേ ബോംബെറിഞ്ഞതിനുപുറമേ കൊലപാതകം, സംഘംചേർന്ന് ഭീഷണിപ്പെടുത്തൽ, മർദിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.

2009-ൽ ഒരു കേസാണുള്ളത്. എന്നാൽ, 2010-ൽ രണ്ടും തൊട്ടടുത്ത വർഷം മൂന്നും കേസ് നിഷാദിന്റെ പേരിൽ രജിസ്റ്റർചെയ്തു. 2012-ൽമാത്രം പൊതുമുതൽ നശിപ്പിച്ചതും സ്ഫോടകവസ്തുക്കൾ കൈയിൽ കരുതിയതുമുൾപ്പെടെ എട്ടുകേസുകളുണ്ട്. 2013-ലും 2016-ലും ഓരോ കേസും രജിസ്റ്റർചെയ്തിട്ടുണ്ട്. പോലീസിനുനേരേ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി അന്നൂരിലെ ടി.സി.വി. നന്ദകുമാറിന്റെപേരിൽ പയ്യന്നൂർ സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ എട്ടുകേസാണുള്ളത്.

ബോംബേറ് കേസിൽ മറ്റുരണ്ട്‌ പ്രതികളായ വെള്ളൂർ ആറാംവയലിലെ എ. മിഥുൻ (36), ആലിൻകീഴിൽ കുനിയേരിയിലെ കെ.വി. കൃപേഷ് (38) എന്നിവരെ കോടതി വെറുതേവിട്ടിരുന്നു.

നിഷാദും നന്ദകുമാറും കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി വിധിച്ചതിനെത്തുടർന്ന് ഇരുവരെയും ജില്ലാജയിലിൽ റിമാൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച 11 മണിയോടെ പ്രതികളെ തളിപ്പറമ്പിലെത്തിച്ചു. വിധികേട്ടശേഷം കോടതിയിൽനിന്ന് പുറത്തിറങ്ങിയ ഇരുവരെയും ജയിലിലേക്ക് കൊണ്ടുപോകാനായി പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

സിപിഎം തള്ളിപ്പറയണം -ബിജെപി

കണ്ണൂർ: പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വി.കെ. നിഷാദിനെ തള്ളിപ്പറയാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു. ക്രിമിനലുകളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് നിഷാദിന്റെ സ്ഥാനാർഥിത്വം. നിയമവാഴ്ചയിലും ജനാധിപത്യത്തിലും വിശ്വാസമുണ്ടെങ്കിൽ നിഷാദിനുള്ള പിന്തുണ പിൻവലിച്ച് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണം. തങ്ങൾക്കെതിരേ നിൽക്കുന്നവർ ആരായാലും അത് രാഷ്ട്രീയ എതിരളികളായാലും നിയമപാലകരായാലും അവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് പോലീസിനെ അക്രമിച്ചതിലൂടെ സിപിഎം നേതൃത്വം നൽകിയത്. സമൂഹത്തെ മുഴുവനായും ഭയപ്പെടുത്തി തങ്ങൾക്കുകീഴിൽ കൊണ്ടുവരാമെന്ന വ്യാമോഹമാണ് സിപിഎം നേതൃത്വത്തിനെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: payyanur cpm candidate accused in multiple cases