കൊട്ടിയൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘പുലി’

കൊട്ടിയൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥയിൽ എത്തിയപ്പോൾ കൊട്ടിയൂരിലെ പ്രധാന ചർച്ചാവിഷയമായി 'പുലി'. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യമലയിലും മാടത്തുംകാവിലും പുലിയുടെ സാന്നിധ്യം ഉണ്ടായതോടെയാണ് പുലിപ്രശ്നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. ജില്ലയിൽതന്നെ കാട്ടാന, കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായ പ്രദേശമാണ് കൊട്ടിയൂർ.
കഴിഞ്ഞദിവസം മാടത്തുംകാവിൽ റബ്ബർടാപ്പിങ്ങിനുപോയയാൾ പുലർച്ചെ പുലിയെ കണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊയ്യമലയിൽ പോത്തിനെ പുലി കൊന്നുതിന്നത്. പോത്തിനെ കൊന്നത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ കൊട്ടിയൂരിലെ ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുകയാണ്. പുലർച്ചെ റബ്ബർടാപ്പിങ് നടത്തുന്നവരാണ് വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ജനവാസമേഖലയിൽ ഇറങ്ങിയിരിക്കുന്ന പുലിയെ കൂടുവെച്ച് പിടിക്കണമെന്നാണ് കർഷകരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ആവശ്യപ്പെടുന്നത്. കൃഷിയിടങ്ങളിലെ വന്യജീവിശല്യത്തിന് ശാശ്വതപരിഹാരം വേണമെന്നും കൊട്ടിയൂരിലെ ജനങ്ങൾ പറയുന്നു. പുലിവിഷയം ഉയർത്തി പരമാവധി വോട്ടുകൾ നേടാനാണ് സ്ഥാനാർഥികളും പാർട്ടികളും ലക്ഷ്യംവെക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന പാർട്ടികളുടെ നേതാക്കന്മാർ എല്ലാംതന്നെ പൊയ്യമലയിൽ പോത്തിനെ പുലി പിടികൂടിയ സ്ഥലത്തെത്തി കർഷകന് പിന്തുണ അറിയിക്കുന്നുണ്ട്. വന്യജീവിശല്യത്തിൽ കർഷക അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സ്ഥാനാർഥികൾ രേഖാമൂലം ഒപ്പിട്ട് തരണമെന്ന് ആവശ്യപ്പെട്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കൊട്ടിയൂരിൽ പ്രചാരണം നടത്തുന്നുമുണ്ട്.
Content Highlights: kottiyoor election campaign