അടിമാലി 16-ാം വാര്‍ഡില്‍ യുവപോരാട്ടം; സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ LDF, പിടിച്ചെടുക്കാന്‍ UDF

#Election Desk
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അക്‌സ സാറ ജോൺ, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ്‌ന ജോസ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അക്‌സ സാറ ജോൺ, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ്‌ന ജോസ്

ഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കൂറുമാറ്റങ്ങള്‍ കൊണ്ട് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാക്ഷിയായ പഞ്ചായത്താണ് അടിമാലി ഗ്രാമപഞ്ചായത്ത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ പ്രതീക്ഷയുള്ള പഞ്ചായത്ത്. ഏറെ കണക്കുകൂട്ടലുകള്‍ക്കൊടുവിലാണ് ഇരു മുന്നണികളും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് എത്തിയത്. അതില്‍ ശ്രദ്ധേയമായ വാര്‍ഡുകളില്‍ ഒന്നാണ് പതിനാറാം വാര്‍ഡ്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് ആയ വാര്‍ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ ആണ് മുന്നണി നിര്‍ത്തിയിരിക്കുന്നത്. 23- കാരി അക്‌സ സാറ ജോണ്‍.

കലാലയ രാഷ്ട്രീയത്തിലൂടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും നിലകൊള്ളുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഒരു നാടിന്റെ ശബ്ദമാകാന്‍ അക്‌സ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. ഓരോ വീടുകളും കയറിയിറങ്ങി വാര്‍ഡ് നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാര പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവരെ അറിയിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം. താഴ്ന്ന പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളം കയറുന്നതാണ് പ്രദേശവാസികള്‍ പ്രധാനമായും ഉന്നയിക്കുന്ന പ്രശ്‌നമെന്നും അതിന് തോടുകള്‍ മഴക്കാലത്തിനു മുന്നോടിയായി വൃത്തിയാക്കി ആഴം കൂട്ടി പ്രശ്‌നപരിഹാരം കണ്ടെത്തുമെന്ന് അക്‌സ പറയുന്നു.

എല്‍ഡിഎഫിനെ എതിരിടാന്‍ യുവശബ്ദത്തെ തന്നെയാണ് യുഡിഎഫും കളത്തില്‍ ഇറക്കിയിരിക്കുന്നത്. 30- കാരി ജോസ്‌ന ജോസ്. പ്രചാരണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും ജനങ്ങളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു. വനിത സംവരണ വാര്‍ഡില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. എന്‍ഡിഎയ്ക്ക് വാര്‍ഡില്‍ സ്ഥാനാര്‍ഥി ഇല്ല.

Content Highlights: Adimali Panchayat sees fierce competition in Ward 16, with young LDF and UDF candidates highlighting local issues.