പണിമുടക്കിയാൽ പേടിക്കേണ്ടാ; ഇത്തവണ കൂടുതൽ വോട്ടിങ് യന്ത്രങ്ങൾ സജ്ജം

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയാൽ പേടിക്കേണ്ടാ; പകരം വെക്കാൻ ആവശ്യത്തിലേറെ വോട്ടിങ് യന്ത്രങ്ങൾ ഇക്കുറിയുണ്ട്. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 9,207 ബാലറ്റ് യൂണിറ്റും 3,305 കൺട്രോൾ യൂണിറ്റുമാണ് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞതവണ 6,874 ബാലറ്റ് യൂണിറ്റും 2,499 കൺട്രോൾ യൂണിറ്റും മാത്രമായിരുന്നു. 12 ബ്ലോക്കുകളിലേക്കും ആറു നഗരസഭകളിലേക്കുമായി 25 ശതമാനം അധികം വോട്ടിങ് യന്ത്രങ്ങളാണ് അനുവദിച്ചത്. പ്രാഥമികഘട്ട പരിശോധനകൾ പൂർത്തിയാക്കിയ യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ഇവ ബ്ലോക്കുകളിലെയും നഗരസഭാതലങ്ങളിലെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലേക്കു കൈമാറും. ഇത്തരം 18 കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇവിടെയാണ് വോട്ടെണ്ണലും.
സ്ഥാനാർഥികളുടെ പേരും ചിഹ്നവും മൂന്നിനു ചേർക്കും
വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഡിസംബർ മൂന്നിനു ചേർക്കും. വിതരണ-സ്വീകരണ കേന്ദ്രങ്ങളിലാണ് ഇതു നടക്കുക.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തിയശേഷമായിരിക്കുമിത്. ഇതിനുശേഷമാണ് പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ നൽകുക.
നഗരസഭകൾക്ക് സിംഗിൾ പോസ്റ്റ്; ത്രിതല പഞ്ചായത്തിന് മൾട്ടി പോസ്റ്റ്
ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റും ചേരുന്നതാണ് സിംഗിൾ പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം. ഒരാൾക്ക് ഒരു വോട്ടു മാത്രമുള്ള നഗരസഭകളിലേക്കാണ് ഇതുപയോഗിക്കുക. എന്നാൽ, ത്രിതല പഞ്ചായത്തിലേക്ക് മൾട്ടി പോസ്റ്റ് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുക. കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റും അടങ്ങുന്നതാണിത്. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വോട്ടു ചെയ്യുന്നതിനാണിത്.
ഏതെങ്കിലും തലത്തിൽ സ്ഥാനാർഥികളുടെ എണ്ണം 15-ൽ കൂടുതലായാൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റുകൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലായിരിക്കും.
Content Highlights: Local Polls: 25% Extra Voting Machines Allocated for Kerala Local Body Elections