വിദ്യാർഥിയാണ്... സ്ഥാനാർഥിയാണ്… ഇവർ ‘ഇലക്ഷൻ ബേബീസ്’

#എം.ജി. സുബിൻ
മഹിമ ആന്റണി, കൃഷ്ണ രാമചന്ദ്രൻ, മുഹമ്മദ് റാഫി
മഹിമ ആന്റണി, കൃഷ്ണ രാമചന്ദ്രൻ, മുഹമ്മദ് റാഫി

ആലുവ: നഗരസഭ വാർഡ് ഒൻപത് പാലസിലെ എൽഡിഎഫ് സ്ഥാനാർഥി മഹിമ ആന്റണി കുസാറ്റിലെ വിദ്യാർഥിയാണ്. 21 വയസ്സും ഒൻപത് മാസവുമാണ് പ്രായം. നേവൽ ആർക്കിടെക്ട് ഷിപ്പ് ബിൽഡിങ് കോഴ്‌സ് എട്ടാം സെമസ്റ്റർ പഠിക്കുകയാണ് സ്ഥാനാർഥി. ഏഴാം സെമസ്റ്റർ പരീക്ഷ നടക്കുകയാണ്. ഇതിനിടയിൽ സമയം കണ്ടെത്തിയാണ് പ്രചാരണം. സ്ഥാനാർഥിയാണെന്ന് ക്ലാസിലെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർക്ക് അതിശയം.

ആദ്യവീട്ടിൽ കയറി വോട്ട് ചോദിച്ചപ്പോൾത്തന്നെ തിരഞ്ഞെടുപ്പ് വൈബിലേക്ക് എത്താൻ കഴിഞ്ഞെന്ന് മഹിമ പറഞ്ഞു. പിതാവ് ആന്റണി ജോസഫ് കുട്ടമശ്ശേരി സർക്കാർ സ്‌കൂളിലെ അധ്യാപകനാണ്. കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന്റെ അധ്യാപക സംഘടനയായ കെഎസ്എസ്ടിഎഫ് ജില്ലാ പ്രസിഡന്റാണ്.

കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് ആലുവയിൽ നൽകിയ സീറ്റിൽ മത്സരിക്കാൻ മഹിമയ്ക്ക് അവസരമൊരുങ്ങിയത് ഇതുവഴിയാണ്. മാതാവ് ആൻസിയും പാലസ് വാർഡിൽ സ്ഥിതിചെയ്യുന്ന ആലുവ സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിലെ അധ്യാപികയാണ്. സഹോദരി മിന്നാ ആന്റണി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥിയാണ്.

അമ്മയുടെ വഴിയേ മകളും

ആലുവ നഗരസഭാ വാർഡ് കൗൺസിലറായിരുന്ന അമ്മയുടെ വഴിയേയാണ് മകൾ കൃഷ്ണ രാമചന്ദ്രൻ. നഗരസഭ പത്താം വാർഡ് ലൈബ്രറിയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കൃഷ്ണ. 21 വയസ്സും എട്ട് മാസവുമാണ് പ്രായം. രണ്ടുവട്ടം മത്സരിക്കുകയും 2015-ൽ ഒരു തവണ കൗൺസിലറാവുകയും ചെയ്ത അമ്മയ്ക്ക് റീസർവേ വകുപ്പിൽ ജോലി ലഭിച്ചു.

പിന്നാലെ മത്സരരംഗത്തുനിന്ന് ഷൈജി അവധിയെടുത്തു. എന്നാൽ, എൽഡിഎഫിന് വാർഡിൽ സ്ഥാനാർഥിയെ അധികം തേടേണ്ടി വന്നില്ല. ചെറുപ്പം മുതൽ രാഷ്ട്രീയം കണ്ടും കേട്ടും അറിഞ്ഞ കുടുംബമായതിനാൽ സ്ഥാനാർഥിത്വം അവസരമായാണ് കരുതുന്നതെന്ന് കൃഷ്ണ പറഞ്ഞു.

ഐരാപുരം എസ്എസ്‌വി കോളേജിലെ ആറാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് വിദ്യാർഥികൂടിയാണ്. ഓട്ടോഡ്രൈവറായ രാമചന്ദ്രനാണ് പിതാവ്. മൂത്ത സഹോദരി ആര്യ കുവൈത്തിൽ ജോലിചെയ്യുകയാണ്.

കോളേജ് പിടിച്ചു, ഇനി അങ്കം വാർഡിൽ

എടത്തല അൽ അമീൻ കോളേജിലെ യൂണിയൻ പിടിച്ച കെഎസ്‌യു നേതാവ് പുതിയ പടക്കളത്തിലാണ്. എടത്തല പഞ്ചായത്ത് 13-ാം വാർഡ് കൈലാസ് നഗറിലെ യുഡിഎഫ് സ്ഥാനാർഥിയാണ് മുഹമ്മദ് റാഫി. 21 വയസ്സും എട്ട് മാസവുമാണ് പ്രായം. എടത്തല അൽ അമീൻ കോളേജിലെ ടൂറിസം വിദ്യാർഥിയായിരുന്നു.

കോളേജ് പഠനം പൂർത്തിയാക്കിയിട്ട് ഏതാനും മാസം മാത്രം. 2024-ൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോഴാണ് പത്ത് വർഷത്തെ കുത്തക അവസാനിപ്പിച്ച് കോളേജ് ഭരണം പിടിച്ചെടുക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്തിയപ്പോൾ റാഫിക്ക്‌ സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

അമ്മാവൻമാർക്കൊപ്പം ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസിൽ സഹായിയായി പ്രവർത്തിക്കുകയാണ് റാഫി ഇപ്പോൾ. പിതാവ്: നിസാർ, മാതാവ്: ഫസ്‌ല. വിദ്യാർഥിയായ നജിയ സഹോദരിയാണ്.

Content Highlights: Meet the young `Election Babies` - students aged 21 running for office. Discover their inspiring journeys, political backgrounds, and aspirations as they campaign for local elections.