കേരൾ കീ ചുനാവ് അച്ഛാഹെ... തിരഞ്ഞെടുപ്പുചൂടിൽ പണിയെടുത്ത് പണമുണ്ടാക്കി അതിഥി തൊഴിലാളികൾ

കരുമാല്ലൂർ: ഇവിടെ അതിഥിത്തൊഴിലാളികളും തിരഞ്ഞെടുപ്പ് മൂഡിലാണ്. ഇഷ്ടപ്പെട്ട സ്ഥാനാർഥികൾക്ക് വോട്ടുചെയ്യുന്നതിനുള്ള മൂഡല്ല. ഇവിടത്തെ തിരഞ്ഞെടുപ്പുചൂടിൽ പണിയെടുത്ത് പണമുണ്ടാക്കുന്നതിനുള്ള മൂഡിലാണ് അവർ. ‘‘കേരൾ കീ ചുനാവ് അച്ഛാഹെ...’’ തെങ്ങിന്റെ മുകളിൽകയറി സ്ഥാനാർഥിയുടെ പ്രചാരണബോർഡ് കെട്ടിവയ്ക്കുന്ന ഉത്തരേന്ത്യക്കാരൻ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണിത്.
അവരുടെ നാട്ടിൽ ഇത്തരത്തിലുള്ള വലിയ പ്രചാരണമൊന്നുമുണ്ടാകാറില്ല. പലയിടത്തും തിരഞ്ഞെടുപ്പ് വന്നതും പോയതുമൊന്നും അറിയാറില്ലപോലും.
പക്ഷേ, ഇവിടെ നാടിന്റെ മുക്കിലും മൂലയിലുംവരെ പ്രചാരണസാമഗ്രികൾകൊണ്ട് നിറഞ്ഞുവരുകയാണ്. അതുകൊണ്ട് പണിയില്ലാതിരുന്ന അതിഥിത്തൊഴിലാളികൾക്കും ഇപ്പോൾ പണിയുണ്ട്. നിർമാണമേഖലയിലും കാർഷികമേഖലയിലുമുള്ള പണിയെടുക്കാനാണ് വലിയൊരുവിഭാഗം അതിഥിത്തൊഴിലാളികളും ഇവിടെയെത്തിയിട്ടുള്ളത്.
കാർഷികമേഖലയിൽ നെല്ല് ഉൾപ്പെടെയുള്ള കൃഷി ഇപ്പോൾ തുടങ്ങിക്കഴിഞ്ഞു. അതുവരെ തൊഴിലാളികൾക്കെല്ലാം നല്ല പണിയായിരുന്നു. പക്ഷേ, ഇപ്പോൾ പണിയില്ലാത്തകാലമാണ്. നിർമാണമേഖലയിലും ഇപ്പോൾ പണി കുറവാണ്. അതിഥിത്തൊഴിലാളികൾക്ക് തൊഴിൽക്ഷാമം നേരിട്ടിരിക്കുന്നകാലത്താണ് ഇവിടെ തിരഞ്ഞെടുപ്പെത്തിയിരിക്കുന്നത്.
അതുകൊണ്ട് അവരിൽ പലരും സ്ഥാനാർഥികൾക്കായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്ളക്സ് ബോർഡുകൾ തയ്യാറാക്കുന്ന സ്ഥാപനങ്ങളിൽ അതിഥിത്തൊഴിലാളികൾ രാത്രിയും പകലുമെന്നില്ലാത്തനിലയിലാണ് പണിയെടുക്കുന്നത്.
ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളിൽതന്നെ ഏറ്റെടുത്തിരിക്കുന്ന ജോലി എല്ലാം ചെയ്തുകൊടുക്കണം. അതിനുള്ള തിരക്കിലാണ് അതിഥിത്തൊഴിലാളികളും.
Content Highlights: Guest workers in Kerala are finding employment opportunities amidst the election fervor, earning money by working on campaign materials and activities. Learn more!