എറണാകുളം: 26.67 ലക്ഷം വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്, ഫലമറിയാൻ നാലുനാൾ

#Election Desk
പ്രതീകാത്മക ചിത്രം |  Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കാക്കനാട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2,220 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി ജില്ലയിലെ വോട്ടർമാർ ചൊവ്വാഴ്ച ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജില്ലയിലെ 111 തദ്ദേശസ്ഥാപനങ്ങളിൽ 2,220 വാർഡ്‌/ഡിവിഷനുകളിലായി 7,374 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ജില്ലയിൽ ആകെ 26,67,746 വോട്ടർമാരാണുള്ളത്. ഇതിൽ 12,79,170 പുരുഷൻമാരും 13,88,544 സ്ത്രീകളും 32 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടുന്നു.

ജില്ലയിലാകെ 3,021 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച പൂർത്തിയായി. 7,490 ബാലറ്റ് യൂണിറ്റുകളും 3,036 കൺട്രോൾ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികൾക്കായി റിസർവ് ജീവനക്കാർ ഉൾപ്പെടെ 14,544 പേരെയാണ് പോളിങ് ബൂത്തുകളിൽ നിയോഗിച്ചിട്ടുള്ളത്. മറ്റു തിരഞ്ഞെടുപ്പ് ജോലികൾക്കായി പതിനായിരത്തോളം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലുള്ള 72 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തി. വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ 6-ന് അതത് പോളിങ് സ്റ്റേഷനുകളിൽ മോക് പോളിങ് നടക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളത്തുകാരുടെ വിധിയെഴുത്ത് ചൊവ്വാഴ്ചയാണെങ്കിലും ഫലം അറിയാൻ നാലുനാൾ കാത്തിരിക്കണം. കൊച്ചി കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 മുനിസിപ്പാലിറ്റികൾ, 82 പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.

നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലും വോട്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാർഥികൾ തിങ്കളാഴ്ച. പരസ്യ പ്രചാരണത്തിന്‌ ഞായറാഴ്ച വൈകീട്ട്‌ കലാശക്കൊട്ടോടെ തിരശ്ശീല വീണതോടെ സ്ഥാനാർഥികളും മുന്നണികളും തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന്റെ തിരക്കിലായി. അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.

വിട്ടുപോയവരെ കാണാനും നേരത്തേ കണ്ടവരെ ഒരിക്കൽകൂടി കണ്ട് വോട്ടുറപ്പിക്കാനുമുള്ള അവസാന മണിക്കൂറുകൾ സ്ഥാനാർഥികളും പ്രവർത്തകരും തെല്ലും പാഴാക്കിയില്ല. തിങ്കളാഴ്ച രാവിലെ മുതൽ സ്ഥാനാർഥികളും നേതാക്കളും വീടുകളിലെത്തി വോട്ടഭ്യർഥിക്കുന്ന കാഴ്ചയായിരുന്നു. പലയിടത്തും സ്ഥാനാർഥികൾ ഒറ്റയ്ക്കെത്തിയാണ് വോട്ടുറപ്പിച്ചത്.

ഒരുവശത്ത്‌ കൂട്ടിയും കിഴിച്ചും അടിയൊഴുക്ക് മറികടക്കാനുള്ള നേതാക്കളുടെ നീക്കവും തകൃതിയായിരുന്നു. പരസ്യപ്രചാരണം അവസാനിച്ചതോടെ നവമാധ്യമങ്ങളെ ഉപയോഗിച്ച്‌ തങ്ങളുടെ സ്ഥാനാർഥിക്കുവേണ്ടി വോട്ട് അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകരിൽ പലരും. ഇതോടൊപ്പം സ്ലിപ്പുകൾ കൊടുത്തു തീർക്കാനുള്ള ഇടങ്ങളിലെല്ലാം ഇവ എത്തിച്ചു നൽകി.

ഗ്രാമ, നഗര ഭേദമില്ലാതെ നിലവിലുള്ള സീറ്റുകളിൽ ഭൂരിപക്ഷം വർധിപ്പിക്കാനും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനുമുള്ള പ്രവർത്തനങ്ങളിലായിരുന്നു പ്രവർത്തകർ. വൈകീട്ടോടെ ബൂത്ത് ഒരുക്കലും കൊടി തോരണങ്ങൾ കെട്ടലുമായി രംഗം കൊഴുത്തു.

Content Highlights: Ernakulam voters cast their ballots today in local body polls. Find out when results for Kochi Corporation, district/block panchayats, municipalities, and grama panchayats will be announced.