സ്ഥാനാർഥികൾ വോട്ടിങ് യന്ത്രത്തിൽ കയറി; എറണാകുളത്ത് ഇവിഎം കമ്മിഷനിങ് ആരംഭിച്ചു

#Election Desk
തൃക്കാക്കര നഗരസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിച്ചതിനുശേഷം അവയുടെ പ്രവർത്തനം പരിശോധിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി നേതാക്കളും-തൃക്കാക്കര കാർഡിനൽ എച്ച്എസ്എസിൽനിന്ന്|ഫോട്ടോ: അമൽ മാനവ്
തൃക്കാക്കര നഗരസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിച്ചതിനുശേഷം അവയുടെ പ്രവർത്തനം പരിശോധിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി നേതാക്കളും-തൃക്കാക്കര കാർഡിനൽ എച്ച്എസ്എസിൽനിന്ന്|ഫോട്ടോ: അമൽ മാനവ്

കാക്കനാട്: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിൽ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീൻ (ഇവിഎം) കമ്മിഷനിങ് ആരംഭിച്ചു. വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബലുകൾ മെഷീനുകളിൽ ചേർത്ത് പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്. ത്രിതല പഞ്ചായത്തുകളിലേക്കും കോർപ്പറേഷൻ, നഗരസഭ എന്നിവിടങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് അതത് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്നത്.

വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളിൽ വെള്ള നിറത്തിലുള്ള ലേബലുകളാണ് ഉപയോഗിക്കുന്നത്. സ്ഥാനാർഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിക്കുന്നത്.

പഞ്ചായത്ത്തലത്തിൽ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവയ്ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് ഒരുക്കുന്നത്. എന്നാൽ നഗരസഭ, കോർപ്പറേഷൻ തലത്തിൽ ഒന്നുവീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.

സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ അതത് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിക്കുന്നത്. 3021 പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ്‌ മെഷീനുകളാണ് തയ്യാറാക്കുന്നത്. ബുധനാഴ്ച തീരാത്ത കേന്ദ്രങ്ങളിൽ വ്യാഴാഴ്ചയും കമ്മിഷനിങ് തുടരും.

നഗര കമ്മിഷനിങ് കേന്ദ്രങ്ങൾ

കൊച്ചി കോർപ്പറേഷൻ കമ്മിഷനിങ് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. അങ്കമാലി നഗരസഭയുടേത് അങ്കമാലി മുനിസിപ്പൽ ഓഫീസിലും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലേത് ഗവ.ബോയ്‌സ് ഹൈസ്‌കൂൾ, പിറവം എംകെഎം ഹൈസ്‌കൂളിലും കൂത്താട്ടുകുളം നഗരസഭയുടേത് മേരിഗിരി സിഎംഐ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് നടക്കുന്നത്. കളമശ്ശേരി നഗരസഭ പോളിടെക്‌നിക് ഓഡിറ്റോറിയത്തിലും മെയിൻ ഹാളിലുമായി നടക്കും.

ഏലൂർ-മുനിസിപ്പാലിറ്റി ടൗൺ ഹാൾ, പെരുമ്പാവൂർ - മുനിസിപ്പൽ ലൈബ്രറി, മരട് - ഗ്രിഗോറിയൻ പബ്ലിക് സ്‌കൂൾ, തൃപ്പൂണിത്തുറ - ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ആലുവ - ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, മൂവാറ്റുപുഴ - നഗരസഭ ഓഫീസ്, തൃക്കാക്കര - കാർഡിനൽ ഹയർസെക്കൻഡറി സ്‌കൂൾ, കോതമംഗലം - മാർ ബേസിൽ എച്ച്എസ്എസ്, കൊച്ചി - മഹാരാജാസ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് നടക്കുന്നത്.

മറ്റു കമ്മിഷനിങ് കേന്ദ്രങ്ങൾ

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് - മാർ അത്തനേഷ്യസ് കോളേജ് ഇൻഡോർ സ്റ്റേഡിയം, ആലങ്ങാട് - യൂണിയൻ ക്രിസ്ത്യൻ കോളേജ്, അങ്കമാലി - ശ്രീശങ്കരാ കോളേജ്, ഇടപ്പള്ളി - ഭാരതമാതാ കോളേജ്, തൃക്കാക്കര, കൂവപ്പടി - എംജിഎം ഹയർ സെക്കൻഡറി സ്‌കൂൾ, മൂവാറ്റുപുഴ - നിർമല ഹയർസെക്കൻഡറി സ്‌കൂൾ, പാമ്പാക്കുട - എടിഎം ഹയർസെക്കൻഡറി സ്‌കൂൾ, മുളന്തുരുത്തി - എസ്എൻഡിപി ഹയർസെക്കൻഡറി സ്‌കൂൾ ഉദയംപേരൂർ, വൈപ്പിൻ - രാമവർമ യൂണിയൻ ഹൈസ്‌കൂൾ, ചെറായി, വാഴക്കുളം - സെയ്ന്റ് ജോസഫ് യുപി സ്‌കൂൾ ആലുവ, പാറക്കടവ് - സെയ്ന്റ് ഫ്രാൻസിസ് അസ്സീസി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, വടവുകോട് - സെയ്ന്റ് പീറ്റേഴ്‌സ് കോളേജ്, പറവൂർ - എസ്എൻഎച്ച്എസ്എസ് പുല്ലുകുളം, പള്ളുരുത്തി - സെയ്‌ന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് നടക്കുന്നത്.

Content Highlights: EVM commissioning starts in Ernakulam for the upcoming local body elections. Candidate names and symbols are being added to voting machines. All set for voters!