കാലമൊഴുകിയാലും ഓർമയിൽ ആവേശക്കടൽ; ആറ് പതിറ്റാണ്ടിനപ്പുറത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാജേക്കബ്

കോതമംഗലം: നവതിയിലേക്ക് അടുക്കുമ്പോഴും ആറു പതിറ്റാണ്ടുമുൻപത്തെ തിരഞ്ഞെടുപ്പു പ്രചാരണകാലത്തെ ഓർമ്മകൾ അന്നമ്മയുടെ ഉള്ളിൽ അതേ തെളിമയോടെയുണ്ട്. പുരുഷാധിപത്യ രാഷ്ട്രീയം അരങ്ങ് വാണിരുന്ന കാലത്ത് മത്സരിച്ചുജയിച്ച് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി ചരിത്രംകുറിച്ച കോതമംഗലം ഊന്നുകൽ മാറാച്ചേരി പുത്തയത്ത് അന്നമ്മാജേക്കബ് തദ്ദേശ തിരഞ്ഞെടുപ്പിനെ ഇന്നും ആവേശത്തോടെയാണ് കാണുന്നത്.
‘‘അക്കാലത്ത് ഒരു വനിതാസ്ഥാനാർഥിയെ കിട്ടാൻ പ്രയാസമായിരുന്നു. ഇന്ന് രാഷ്ട്രീയത്തിൽ വനിതാ സംവരണം വന്നല്ലോ...’’ -ഭരണകാലത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ അന്നമ്മ വാചാലയായി. അന്ന് ഏഴുവാർഡുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ ഇപ്പോൾ 19 വാർഡുകളായി.
‘ആദ്യം മെംബറും പിന്നീട് വൈസ് പ്രസിഡന്റും പിന്നെ പ്രസിഡന്റും ആയി. ഒരു നോട്ടീസ് അച്ചടിക്കും, വീടുകൾ തോറും കയറിയിറങ്ങും. ഒരുപ്രാവശ്യം അഭ്യർഥന നോട്ടീസുമായും രണ്ടുവട്ടം അല്ലാതെയും വീടുകയറും. പത്തിരുപതുപേരും കൂടെയുണ്ടാകും. അവസാനദിവസം മൈക്കിൽ ഒരുവട്ടം അനൗൺസ്‌മെന്റും നടത്തും. അതായിരുന്നു അന്ന് പ്രചാരണം. രണ്ടായിരം രൂപയേ ചെലവുള്ളൂ. ഇപ്പോഴത്തെ കോലാഹലവും ചെലവും എന്ത് മാത്രമാ...’- അന്നമ്മ പറയുന്നു.
കവളങ്ങാട് പഞ്ചായത്തിൽ അന്നത്തെ മൂന്നാം വാർഡിലാണ് മത്സരിച്ചത്. ഊന്നുകൽ മുതൽ നെല്ലിമറ്റം വരെ ഇപ്പോഴത്തെ ദേശീയപാതയുടെ ഇടതുവശം ആണ് വാർഡ് പരിധി. ‘‘അന്നൊക്കെ സ്ഥാനാർഥിയുടെ ജനസമ്മതിയും സേവനമനോഭാവവും എല്ലാം നോക്കിയാണ് ആളുകൾ വോട്ടുചെയ്യുന്നത്. ഇന്നിപ്പോൾ ഇതൊന്നും വേണ്ടല്ലോ’’- ചിരിച്ചുകൊണ്ട് അന്നമ്മ പറയുന്നു.
അവിചാരിതമായിട്ടായിരുന്നു പൊതുരംഗത്തെത്തിയത്. കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയിലേക്ക് വിദ്യാഭ്യാസയോഗ്യതയുള്ള ഒരു വനിതാ അംഗത്തെ വേണം. ഒരു സ്ത്രീ രാഷ്ട്രീയത്തിലിറങ്ങിയാൽ ആളുകൾ അതിശയത്തോടെ നോക്കുന്ന കാലം. 1963-ലെ ഏഴംഗ ഭരണസമിതിയിലേക്ക് പ്രീ-യൂണിവേഴ്‌സിറ്റി പാസായ അന്നമ്മ എത്തി.
1968 വരെ വൈസ് പ്രസിഡന്റായി. 1968 മുതൽ 1979 വരെ പ്രസിഡന്റായി. 24 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പഞ്ചായത്തിലെ മിക്കവാറും പ്രദേശത്തേക്ക് പോകുന്നത് കാൽനടയായിട്ടാണ്. വാടകമുറിയിലായിരുന്ന നെല്ലിമറ്റത്തെ പഞ്ചായത്ത് ഓഫീസ് സ്ഥലം വാങ്ങി പുതിയ മന്ദിരം നിർമിച്ചത് അന്നമ്മയുടെ ഭരണകാലയളവിലാണ്. ഇക്കാലത്താണ് നേര്യമംഗലം ആരോഗ്യകേന്ദ്രം, ആവോലിച്ചാൽ പഞ്ചായത്ത് എൽപി സ്കൂൾ എന്നിവ തുടങ്ങിയത്. ഊന്നുകൽ പോലീസ് സ്റ്റേഷൻ തുടങ്ങിയതും ഇക്കാലത്താണ്.
പല്ലാരിമംഗലം പഞ്ചായത്ത് രൂപവത്കരിക്കുന്നതിനായി കവളങ്ങാട്, വാരപ്പെട്ടി, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗങ്ങളും ഏതാനും പൊതുപ്രവർത്തകരുമായി തിരുവനന്തപുരത്ത് തദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ ഓഫീസിനുമുന്നിൽ സമരം നടത്തിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
രാഷ്ട്രീയാതിപ്രസരം മൂലം 1984-ൽ പൊതുപ്രവർത്തനം അവസാനിപ്പിച്ചുവെന്ന് അന്നമ്മ പറയുന്നു. ഇപ്പോൾ കൃഷിയും കുടുംബജീവിതവുമായി പോകുന്നു.
Content Highlights: Discover the inspiring story of Annamma Jacob, Kerala`s first woman Panchayat President from Kothamangalam, who broke barriers six decades ago and still cherishes election memories.