വൈഷ്ണയുടെ വോട്ട് വെട്ടിയതിന് നീതീകരണമില്ല; ചൂണ്ടിക്കാട്ടിയത് വീട്ടുനമ്പറിലെ പിഴവ്, കമ്മിഷന്റെ രൂക്ഷവിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണയുടെ വോട്ട് വെട്ടാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന നിയമലംഘനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോന്നായി എണ്ണിപ്പറയുന്നു.
വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ച ഉത്തരവിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെളിപ്പെടുത്തൽ. വിലാസത്തിനു പകരം വീട്ടുനമ്പർ മാത്രമെടുത്തു
വൈഷ്ണ മുട്ടട വാർഡിൽ താമസമില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. കോർപ്പറേഷനിൽ നടന്ന ഹിയറിങ്ങിന്, ഫോട്ടോ പതിച്ച വോട്ടർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളിലെല്ലാമുള്ള സുധ ഭവൻ ടിസി 3/564 എന്ന നമ്പരിലുള്ള വിശദമായ വിലാസം സഹിതമാണ് വൈഷ്ണ എത്തിയത്. 564 എന്നത്, വർഷങ്ങൾക്കു മുൻപ് മുട്ടട മൂന്നാം വാർഡ് ആയിരിക്കുമ്പോഴുള്ള വീട്ടുനമ്പരായിരുന്നു. ഇത് പിന്നീട് 18-ാം വാർഡായി. വാർഡിനൊപ്പം വീട്ടുനമ്പർ മാറുമെന്നതു ശ്രദ്ധിക്കാതെ 18/564 എന്നു തെറ്റായി രേഖപ്പെടുത്തിയത് ഉപയോഗിച്ചാണ് വോട്ട് വെട്ടിയത്.
വൈഷ്ണ രേഖപ്പെടുത്തിയ 18/564 എന്ന നമ്പർ മാത്രം എടുത്ത് ഇപ്പോൾ ഈ നമ്പരിലുള്ള വീട്ടിൽ പോയി പരിശോധന നടത്തി, ഇത് മറ്റൊരാളുടെ വിലാസമാണെന്നു കണ്ടെത്തിയാണ് വൈഷ്ണയെ പുറത്താക്കിയത്. ഹിയറിങ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് ജി.ആർ.പ്രതാപചന്ദ്രനും അന്വേഷണോദ്യോഗസ്ഥയായ ബിൽ കളക്ടർ ജി.എം.കാർത്തികയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
എന്നാൽ, വീട്ടുപേരും െറസിെഡൻസ് അസോസിയേഷൻ നമ്പരും അടങ്ങിയ കൃത്യമായ വിലാസമുണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥർ വീട്ടുനമ്പർ മാത്രമെടുത്തു.
നവംബർ 12-നു നടന്ന ഹിയറിങ്ങിൽ പരാതിക്കാൻ ഹാജരായില്ല. പക്ഷേ, വൈഷ്ണ ഹാജരായി വോട്ടുള്ള വിലാസത്തിലെ രേഖകളെല്ലാം ഹാജാരാക്കി. പക്ഷേ, അന്നേദിവസം വൈകീട്ട് പരാതിക്കാരൻ ഹാജരായി വൈഷ്ണയുടെ അസാന്നിധ്യത്തിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം വോട്ട് നീക്കി.
എന്നാൽ, വൈഷ്ണ മേൽവിലാസത്തിലെ താമസക്കാരിയല്ല എന്ന് തെളിയിക്കാനുള്ള രേഖകളൊന്നും പരാതിക്കാരൻ ഹാജരാക്കിയില്ല. വൈഷ്ണയുടെ അസാന്നിധ്യത്തിലെടുത്ത മൊഴി ഹിയറിങ്ങായി അംഗീകരിക്കാൻ കഴിയില്ലെന്നറിയാമായിട്ടും അതു സ്വീകരിച്ചു.
പരാതിക്കാരന്റെ മൊഴിയിൽ മറുവാദമുന്നയിക്കാൻ അവസരം നൽകാതെ പേരു നീക്കംചെയ്ത ഉത്തരവു നിലനിൽക്കില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.
ഒരു പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ വോട്ടർപട്ടികയിൽ വോട്ടുചേർക്കാൻ അർഹരാണ്. ഇതിന് തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടകക്കരാറോ ഒന്നും ആവശ്യമില്ല. ഇതിന്റെ അന്തഃസത്ത വോട്ട് നീക്കിയപ്പോൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ഉൾക്കൊണ്ടില്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.
Content Highlights: Official Negligence Led to Voter Removal: Election Commission Reinstates Vaishna's Vote