എണ്ണം 75,644, ഇതെങ്കിലും ഉറപ്പിക്കാമോ? സംസ്ഥാനത്തെ സ്ഥാനാർഥിക്കണക്ക് മൂന്നാം തവണയും പുറത്തുവിട്ടു

#രാജേഷ് രവീന്ദ്രൻ
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാംകൂടി എത്ര സ്ഥാനാർഥികൾ മത്സരിക്കുന്നു? പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞ് മൂന്നുദിവസമായിട്ടും സ്ഥാനാർഥികളുടെ എണ്ണത്തിലെ അവ്യക്തത പൂർണമായും നീങ്ങിയില്ല.

പത്രിക പിൻവലിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്ച രാത്രി തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട കണക്കിൽ 72,005 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഒരുദിവസം കൂടി കഴിഞ്ഞപ്പോൾ അത് 75,632 ആയി. ബുധനാഴ്ച വൈകീട്ടു വന്ന കണക്കിൽ സ്ഥാനാർഥികളുടെ എണ്ണം 75,644 ആയി ഉയർന്നു. മുൻകാലങ്ങളിൽ പത്രിക പിൻവലിക്കുന്ന ദിവസം രാത്രി തന്നെ സ്ഥാനാർഥികളുടെ എണ്ണം കൃത്യമായി അറിയാനാകുമായിരുന്നു. എന്നാൽ, ഇക്കുറി കമ്മിഷന്റെ പോർട്ടലിനുണ്ടായ സാങ്കേതികത്തകരാറും വരണാധികാരികൾക്കുള്ള പരിശീലനത്തിന്റെ കുറവുമാണ് തിരിച്ചടിയായത്. ഇതുമൂലം വിവരം ഓൺലൈനായി അപ്ഡേറ്റു ചെയ്യാൻ പലയിടത്തും താമസം നേരിട്ടു. ഇതെല്ലാം കണക്കുവ്യത്യാസത്തിനു കാരണമായി.

ഇനി മാറില്ല -കമ്മിഷൻ

വെബ്സൈറ്റിലെ തകരാറല്ല, വരണാധികാരികളിൽ ചിലർക്ക് വിവരം അപ്ഡേറ്റു ചെയ്യാനാകാതിരുന്നതാണ് കണക്കിലെ മാറിമറിയലിനു കാരണമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. പത്രിക പിൻവലിക്കുന്ന ദിവസം എന്തെല്ലാം ചെയ്യണമെന്ന് എല്ലാ വരണാധികാരികൾക്കും പരിശീലനം നൽകിയിരുന്നു. എന്നാൽ, അവസാനനിമിഷം ചിലർക്ക് ആശയക്കുഴപ്പമുണ്ടായി. ഇതെല്ലാം പരിഹരിച്ചശേഷമുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നത്.

Content Highlights: 75,644 Candidates? Confusion Persists Over Final Tally as Technical Glitches Delay Kerala Local Body Election Figures