കന്നിയങ്കത്തിൽ യുഡിഎഫ് വാർഡ് ചുവപ്പിച്ച 24-കാരൻ; ആദ്യതിരഞ്ഞെടുപ്പിന്റെ ഓർമകൾ പങ്കുവെച്ച് പി.പി. ചിത്തിരഞ്ജൻ എംഎൽഎ

#സ്വന്തം ലേഖകൻ
പി.പി. ചിത്തിരഞ്ജൻ എംഎൽഎ | ചിത്രം: മാതൃഭൂമി
പി.പി. ചിത്തിരഞ്ജൻ എംഎൽഎ | ചിത്രം: മാതൃഭൂമി

ആലപ്പുഴ: നഗരസഭാ തിരഞ്ഞെടുപ്പിൽ ബീച്ച് വാർഡിനെ ഇടത്തേക്കെത്തിക്കാൻ 1988-ൽ പാർട്ടി നിയോഗിക്കുമ്പോൾ പി.പി. ചിത്തരഞ്ജന് വയസ്സ്- 24. ഡിവൈഎഫ്ഐയുടെ ഏരിയ പ്രസിഡന്റായിരിക്കുമ്പോഴാണ് വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള ജില്ലാ നേതൃത്വം തന്റെ പേരു നിർദേശിച്ചതെന്ന് ചിത്തരഞ്ജൻ ഓർക്കുന്നു. അന്ന് വാടയ്ക്കലായിരുന്നു താമസം.

മുൻ മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമായിരുന്നു മത്സരം. പലരുടെയും ജീവിതംതന്നെ മാറ്റിമറിച്ച കന്നിയങ്കം എന്നുവേണമെങ്കിൽ പറയാം. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന ബീച്ച് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മനോഹരനെ 68 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കന്നിയങ്കം ചിത്തരഞ്ജൻ വിജയിച്ചത്. അന്ന് നഗരസഭയിൽ 36 അംഗങ്ങളാണുണ്ടായിരുന്നത്.

അന്നത്തെ കൗൺസിൽ യോഗത്തിൽ പ്രാദേശിക കാര്യങ്ങൾക്കൊപ്പം രാഷ്ട്രീയകാര്യങ്ങളും ചർച്ച ചെയ്യും. രാഷ്ട്രീയക്കളരി തന്നെയായിരുന്നു ഒാരോ യോഗവും. പാർട്ടിഭേദമെന്യേ നേതാക്കളിൽനിന്നു പഠിച്ച കാര്യങ്ങൾ ഇന്ന് പല തീരുമാനമെടുക്കുമ്പോഴും സഹായിച്ചിട്ടുണ്ട്. ഇന്ന് ഓരോ വാർഡിലും വികസനത്തിനായി കോടികൾ ചെലവാക്കുമ്പോൾ അന്ന് വാർഡിന് ഒരു വർഷത്തേക്ക് 10,000 രൂപയായിരുന്നു കിട്ടിയിരുന്നത്.

അടുത്ത തിരഞ്ഞെടുപ്പു നടന്നത് ഏഴുവർഷത്തിനു ശേഷമാണ്. അതേ വാർഡിൽ വീണ്ടും മത്സരിച്ചു ജയിച്ചു. അതു സംവരണമായതോടെ 2000-ത്തിൽ തുമ്പോളി വാർഡിൽനിന്നു വിജയം. 2005-ലെ തിരഞ്ഞെടുപ്പിൽ അവിടെനിന്നുതന്നെ വിജയിച്ച്‌ നഗരസഭാധ്യക്ഷനായി. 22 വർഷത്തെ നഗരസഭാ പ്രവർത്തങ്ങൾക്കുശേഷം സിഐടിയു പ്രവർത്തനങ്ങളുമായി മത്സ്യമേഖലയിലേക്കു ചേക്കേറി. മത്സ്യഫെഡ് ചെയർമാൻ, സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി, സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കവേയാണ് ജില്ലാനേതൃത്വം നിയമസഭാ സ്ഥാനാർഥിയായി നിർദേശിച്ചതും തിരഞ്ഞെടുപ്പിൽ വിജയിച്ചതും.

Content Highlights: P P Chitharanjan, MLA and former Alappuzha Municipal Chairman, recalls his first election