സംവരണസീറ്റുകൾക്ക് പുറമെ ജനറൽ സീറ്റുകളിലും വനിതാ-പട്ടികജാതി സ്ഥാനാർഥികൾ; ആലപ്പുഴയിൽ എൽഡിഎഫ് പട്ടികയായി

ആലപ്പുഴ: വനിതകളെയും പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവരെയും ജനറൽ സീറ്റിലും മത്സരിപ്പിക്കാൻ എൽഡിഎഫ്. വനിതകൾ സംവരണ വാർഡിനു പുറമേ 25 പൊതു സീറ്റിലും സ്ഥാനാർഥികളാണ്. സംവരണ വാർഡുകൾക്കു പുറമേ 11 പൊതുസീറ്റിൽ പട്ടികജാതി വിഭാഗങ്ങളിലുള്ളവർ മത്സരിക്കും. അർഹതയാണ് മാനദണ്ഡമാക്കിയതെന്ന് എൽഡിഎഫ് കൺവീനർ ആർ. നാസർ പറഞ്ഞു.
ജില്ലയിലെ മൊത്തം 1666 തദ്ദേശസ്ഥാപന സീറ്റിലും എൽഡിഎഫ് മത്സരിക്കും. ഇതിൽ 1231 സീറ്റിൽ സിപിഎം ആണു മത്സരിക്കുക. 343 ഇടത്ത് സിപിഐ. കേരള കോൺഗ്രസ് എം-45, കേരള കോൺഗ്രസ് ബി-ഒന്ന്, കോൺഗ്രസ് എസ്-മൂന്ന്, രാഷ്ട്രീയ ജനതാദൾ-ആറ്, എൻസിപി-15, ജനാധിപത്യ കേരള കോൺഗ്രസ്-19, ജനതാദൾ എസ്-രണ്ട്, ഐഎൻഎൽ-ഒന്ന് എന്നിങ്ങനെയാണ് മറ്റു ഘടകകക്ഷികൾക്കു സീറ്റു നല്കിയിരിക്കുന്നത്. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐഎൻഎൽ കക്ഷികൾക്കു സീറ്റില്ല. ആർജെഡി ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ സീറ്റിൽ മത്സരിക്കും.
ജില്ലാ പഞ്ചായത്തിലെ 24 സീറ്റിൽ സിപിഎം-16, സിപിഐ-അഞ്ച്, കേരള കോൺഗ്രസ് എം-ഒന്ന്, ആർജെഡി-ഒന്ന്, ജനതാദൾ എസ്-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുക. ബ്ലോക്ക് പഞ്ചായത്തിലെ 170 സീറ്റിൽ സിപിഎം-130, സിപിഐ- 32, കേരള കോൺഗ്രസ് എം-മൂന്ന്, ആർജെഡി-ഒന്ന്, എൻസിപി-ഒന്ന്, ജനാധിപത്യ കേരള കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണു മത്സരം.
1253 ഗ്രാമപ്പഞ്ചായത്ത് സീറ്റുകൾ സിപിഎം-936, സിപിഐ-259, കേരള കോൺഗ്രസ് എം-28, കേരള കോൺഗ്രസ് ബി-ഒന്ന്, ആർജെഡി-രണ്ട്, എൻസിപി-10, ജനാധിപത്യ കേരള കോൺഗ്രസ് -16 എന്നിങ്ങനെ വിഭജിച്ചു നല്കി.
നഗരസഭകളിലെ മൊത്തം 219 സീറ്റിൽ സിപിഎം-149, സിപിഐ-47, കേരള കോൺഗ്രസ് എം-13, കോൺഗ്രസ് എസ്-മൂന്ന്, ആർജെഡി-ആറ്, എൻസിപി-നാല്, ജനതാദൾ എസ്-ഒന്ന്, ഐഎൻഎൽ-ഒന്ന് എന്നിങ്ങനെ മത്സരിക്കും.
Content Highlights: Political Inclusion: LDF fields Women and SC/ST candidates in General Seats; Releases final seat allocation list