ആദ്യജയത്തിൽത്തന്നെ പഞ്ചായത്ത് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെച്ച് എച്ച്. സലാം

#ഇലക്ഷൻ ഡെസ്ക്
എച്ച്. സലാം | Photos: Mathrubhumi
എച്ച്. സലാം | Photos: Mathrubhumi

എസ്.എഫ്.ഐ.യിൽ തുടങ്ങി നിയമസഭ വരെയെത്തിനിൽക്കുന്ന അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമിന് തിരഞ്ഞെടുപ്പ് ഓർമ്മകൾ എന്നും ആവേശമാണ്. അറവുകാട് സ്കൂളിൽ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായാണ് സലാമിന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്.

2000-ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലാണ് ആദ്യമായി മത്സരിച്ചത്. 1998 മുതൽ ഡി.വൈ.എഫ്.ഐ.യുടെ അമ്പലപ്പുഴ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ പരിചയംകൊണ്ടു മാത്രമാണ് പഞ്ചായത്തിലെ നീർക്കുന്നം വാർഡിൽ ‌വോട്ടു ചോദിച്ചിറങ്ങിയത്. അന്ന് തന്റെ വീടു നിൽക്കുന്ന ഭാഗം ആ വാർഡിലായിരുന്നില്ല. എങ്കിലും എല്ലാവർക്കുമറിയാം. അക്കാലത്ത് ബാലറ്റ് പേപ്പറായിരുന്നു. വളരെ വൈകിയാണ് വാർഡിലെ വോട്ട് എണ്ണിത്തീർത്തത്. വിജയം ഉറപ്പിച്ചതോടെ എല്ലാവരും തോളിലേറ്റി ആഹ്ലാദപ്രകടനം തുടങ്ങി. പ്രവർത്തകരെല്ലാവരുംകൂടി വണ്ടാനത്തുള്ള വീട്ടിലെത്തിച്ച് വാപ്പയുടെ കൈകളിലേൽപ്പിച്ചാണ് മടങ്ങിയത്.

ആ തിരഞ്ഞെടുപ്പ് ഇന്നും മറക്കാത്ത ഓർമ്മയാണ്. ആദ്യ മത്സരമായിരുന്നെങ്കിലും പാർട്ടി തീരുമാനത്തിൽ 28-ാം വയസ്സിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റായി. അതോടെ ജില്ലയിലെ അക്കാലത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന പേരും സ്വന്തമായി. പഴയ അമ്പലപ്പുഴ പഞ്ചായത്തിനെ അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് തുടങ്ങിയ പേരുകളിൽ വിഭജിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നത്.

2010-ൽ മുതുകുളം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല. പിന്നീടാണ് 2021-ൽ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചതും എം.എൽ.എ.യായതും.

Content Highlights: H Salam MLA Shares Election Memories