'പ്രവചന സിംഹം...'; ആലപ്പുഴയിലെ നഗരസഭകളുടെ ഫലം കിറുകൃത്യമായി പ്രവചിച്ച് കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍

ആലപ്പുഴ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ നഗരസഭകളുടെ ഫലം കൃത്യമായി പ്രവചിച്ച് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ചേര്‍ത്തല ഒഴികെ എല്ലാ നഗരസഭകളും യുഡിഎഫ് നേടുമെന്നാണ് അദ്ദേഹം ബുധനാഴ്ച പറഞ്ഞത്. ശനിയാഴ് ഫലം വന്നപ്പോള്‍ ഷുക്കൂര്‍ പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയായിരുന്നു.
ആലപ്പുഴ, ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നീ അഞ്ച് നഗരസഭകളില്‍ യുഡിഎഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചേര്‍ത്തല നഗരസഭയില്‍ മാത്രമാണ് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.
അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അഞ്ച് നഗരസഭകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞുള്ളൂ. ഹരിപ്പാട് നഗരസഭയില്‍ എല്‍ഡിഎഫിനും കേവലഭൂരിപക്ഷം തൊടാന്‍ സാധിച്ചിട്ടില്ല.
ആലപ്പുഴ നഗരസഭയിലെ 53 വാര്‍ഡുകളില്‍ 23 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കേവലഭൂരിപക്ഷത്തിന് 27 സീറ്റാണ് വേണ്ടത്. എല്‍ഡിഎഫിന് 21 വാര്‍ഡുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്‍ഡിഎ അഞ്ച് സീറ്റുകള്‍ വിജയിച്ചപ്പോള്‍ നാല് സീറ്റുകള്‍ മറ്റുള്ളവര്‍ നേടി.
ചെങ്ങന്നൂര്‍ നഗരസഭയിലെ 27 വാര്‍ഡുകളില്‍ 13 എണ്ണം യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് അഞ്ച്, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. കേവലഭൂരിപക്ഷത്തിനായി 14 സീറ്റാണ് വേണ്ടത്.
ചേര്‍ത്തല നഗരസഭയിലെ 36 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടുനിന്നത് 20 സീറ്റുകളുമായാണ്. യുഡിഎഫ് 10, എന്‍ഡിഎ നാല്, മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് കണക്കുകള്‍. കേവലഭൂരിപക്ഷത്തിന് 19 സീറ്റുകളാണ് വേണ്ടത്.
കായംകുളം നഗരസഭയിലെ 45 സീറ്റുകളില്‍ 21 സീറ്റാണ് യുഡിഎഫ് നേടിയത്. കേവലഭൂരിപക്ഷത്തിന് 23 സീറ്റാണ് വേണ്ടത്. എല്‍ഡിഎഫ് 13, എന്‍ഡിഎ അഞ്ച്, മറ്റുള്ളവര്‍ ആറ് എന്നിങ്ങനെയാണ് കണക്കുകള്‍.
ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലാണ് യുഡിഎഫിന് കേവലഭൂരിപക്ഷമുള്ളത്. കേവലഭൂരിപക്ഷത്തിനുവേണ്ട കൃത്യം എണ്ണം സീറ്റുകളിലാണ് രണ്ടിടത്തും ലഭിച്ചതെന്ന കൗതുകവുമുണ്ട്.
ഹരിപ്പാട്ടെ ആകെ 30 സീറ്റുകളില്‍ 16 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് ഏഴും എന്‍ഡിഎ ആറും മറ്റുള്ളവര്‍ ഒന്നും സീറ്റുകള്‍ നേടി. മാവേലിക്കരയിലെ ആകെ 28 സീറ്റുകളില്‍ 15 എണ്ണമാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് നാല്, എന്‍ഡിഎ എട്ട്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
Content Highlights: Congress leader, KPCC vice president AA Shukkoor predicts municipality results in Alappuzha exactly