ചേർത്തല നഗരസഭയിൽ ‘ആർ ആർ ആർ’; മൂന്ന് മുന്നണികളിലും ‘ആറിൽ’ തർക്കം

ചേർത്തല: ചേർത്തല നഗരസഭയിൽ മുന്നണികളിലെ ഭൂരിപക്ഷം സ്ഥാനാർഥികളും കളത്തിലിറങ്ങിത്തുടങ്ങിയെങ്കിലും പാർട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം നീളുന്നു. മുന്നണികൾക്കുള്ളിലെ വിഭജനക്കടമ്പ കടക്കാനാകാത്തതാണ് എൽഡിഎഫിനും എൻഡിഎയ്ക്കും തടസ്സമാകുന്നത്. കോൺഗ്രസിനു തടസ്സം പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ്. ഏതു തലത്തിലും വെള്ളിയാഴ്ചയ്ക്കുമുൻപ് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുന്നതിനുള്ള ലക്ഷ്യത്തിൽ രാപകൽ ചർച്ചകൾ നടക്കുന്നുണ്ട്.
ആറാം വാർഡിനായി ഇടഞ്ഞ് സിപിഐ
മൂന്നുവട്ട ചർച്ചകളിലും ആറാം വാർഡിലുടക്കിയാണ് എൽഡിഎഫ് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞത്. നഗരത്തിൽ വർധിച്ച ആറാം വാർഡ് തങ്ങൾക്കു വിട്ടുനൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ആറാം വാർഡ് വിട്ടുതരില്ലെന്നും പകരം വാർഡാകാമെന്ന നിലയിൽ സിപിഎം എത്തിയിട്ടുണ്ട്. ആറാം വാർഡിലടക്കം സ്ഥാനാർഥികളെ നിശ്ചയിച്ചു രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഒറ്റയ്ക്കു മത്സരിക്കേണ്ടിവന്നാലും ഇതിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സിപിഐ നേതാക്കളും എത്തിയതോടെ ബന്ധം വഷളായിരിക്കുകയാണ്. ആറാം വാർഡിനു പകരം വാർഡ് എന്നതിൽ സിപിഐ-ഉം അനുനയത്തിനു തയ്യാറായിട്ടില്ല. സിപിഐ കഴിഞ്ഞതവണ എട്ടിടത്താണ് മത്സരിച്ചത്. ഇക്കുറി ഒൻപതു സീറ്റിനായാണ് അവകാശവാദമുയർത്തിയിരിക്കുന്നത്. ഇതിനുപുറമേ കേരള കോൺഗ്രസ് (എം) മൂന്നിടത്തും കോൺഗ്രസ് (എസ്) ഒന്നിലും ബാക്കി 23 സീറ്റുകളിൽ സിപിഎമ്മും മത്സരിക്കാനാണ് പ്രാഥമിക ധാരണ.
കോൺഗ്രസിൽ തലവേദനയായി ആറിലെ ഉൾത്തർക്കങ്ങൾ
ഭൂരിപക്ഷം വാർഡുകളിലും തർക്കങ്ങളില്ലാതെ സ്ഥാനാർഥികളെ നിശ്ചയിക്കാനായെങ്കിലും കോൺഗ്രസിൽ ആറു വാർഡുകളിലെ അതിരുകടന്ന തർക്കങ്ങൾ കോർകമ്മിറ്റിക്കു മുന്നിലേക്ക്. പാർട്ടി മത്സരിക്കുന്ന 34 വാർഡുകളിൽ 12 വാർഡുകളിൽ മാത്രമാണ് ഒന്നിലധികം സ്ഥാനാർഥികളുടെ പേരുയർന്നത്. ഇതിലും ആറിടത്തെ തർക്കങ്ങൾ അന്തിമഘട്ടത്തിൽ പരിഹരിക്കാമെന്ന നിലയിലാണ്. എന്നാൽ, ആറുവാർഡിലെ തർക്കം തലവേദനയായിട്ടുണ്ട്. ഇത് മറ്റുവാർഡുകളിൽ പ്രതിഫലിക്കുരുതെന്ന കർശന നിർദേശം ജില്ലാ കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചമുതൽ കോർകമ്മിറ്റി തർക്കങ്ങളിൽ ചർച്ചകൾ തുടങ്ങും.
എൻഡിഎയിൽ ആറിനായി ബിഡിജെഎസ്
നാലു സീറ്റെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുമ്പോഴും ആറിലേക്കെത്തിക്കാൻ എൻഡിഎയിൽ ബിഡിജെഎസ് അവസാനശ്രമം. നിലവിൽ ഒന്ന്, ഒൻപത്, 18, 19 വാർഡുകളാണ് ബിഡിജെഎസിന് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേയാണ് രണ്ടു സീറ്റുകൾകൂടി തേടുന്നത്. എന്തായാലും വ്യാഴാഴ്ച ആദ്യഘട്ട സ്ഥാനാർഥിപ്രഖ്യാപനം നടത്താൻ മുന്നണി ഒരുങ്ങിയിരിക്കുകയാണ്.
Content Highlights: Cherthala Municipal Polls: Official candidate declaration delayed as LDF and NDA face alliance hurdles, while Congress grapples with internal disputes.