ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തിരഞ്ഞെടുപ്പ് കാലം; ആദ്യ തിരഞ്ഞെടുപ്പിന്റെ ഓർമകൾ പങ്കുവെച്ച് എ.എ. ഷുക്കൂർ

എഐ കാലത്ത് എ.എ. ഷുക്കൂറിന്റെ തിരഞ്ഞെടുപ്പ് ഓർമ്മകൾ ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് സഞ്ചരിക്കുകയാണ്. സൈക്കിളിൽ കോളാമ്പി കെട്ടി പ്രചാരണത്തിനിറങ്ങിയ കാലമാണ് ഷുക്കൂർ ഓർത്തെടുക്കുന്നത്. 1988-ലാണ് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. അന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയാണ്. കവലകളിലും ചായക്കടകളിലും വായനശാലയിലുമെല്ലാം തിരഞ്ഞെടുപ്പുതന്നെയാണ് ചർച്ചാവിഷയം. ഈ ചർച്ചകൾ ഉഷാറാക്കുകയാണ് ആദ്യ ലക്ഷ്യം.
ഇന്നത്തെപ്പോലെ നാളുകൾക്കുമുന്നേ പോസ്റ്ററുകളൊന്നും ചുമരിൽ കയറാറില്ല. തിരഞ്ഞെടുപ്പു ദിവസം അടുക്കാറാകുമ്പോൾ മാത്രമാണ് സ്ഥാനാർഥിയുടെ ചിത്രമുള്ള പോസ്റ്ററുകൾ കവലകളിലെത്തുന്നത്. അതും ബ്ലാക്ക് ആൻഡ് വൈറ്റ്. അതു തയ്യാറാക്കാൻ കോട്ടയംവരെ പോകണം. അവിടെച്ചെന്ന് ചിത്രത്തിന്റെ ബ്ലോക്ക് എടുത്ത് ആലപ്പുഴയിൽ എത്തിക്കണം. അത് ഇവിടത്തെ അച്ചടിശാലയിൽ നൽകിയാൽ ചിത്രമുള്ള പോസ്റ്ററുകൾ റെഡി. ഇന്ന് ഒറ്റ ക്ലിക്കിൽ കാര്യങ്ങൾ നടക്കുമെങ്കിൽ അന്ന് ദിവസങ്ങളെടുത്തിരുന്നു. കളർച്ചിത്രം വേണമെങ്കിൽ എറണാകുളത്തോ ശിവകാശിയിലോ പോകണം. അതിനുള്ള സമയമൊന്നും ആർക്കും കിട്ടാറില്ല.
1988 മുതൽ 22 വർഷം തുടർച്ചയായി നഗരസഭാ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. മൂന്നുതവണ സീവ്യൂ വാർഡിൽനിന്നും ഒരുതവണ വാടക്കനാൽ വാർഡിൽനിന്നുമാണ് വിജയിച്ചത്.
ആദ്യമായി തിരഞ്ഞെടുപ്പിന് സീവ്യൂ വാർഡിൽ നിൽക്കുമ്പോൾ വി.ജെ. എബ്രഹാം എന്ന കടപ്പുറം ജോഷിയായിരുന്നു എതിർസ്ഥാനാർഥി. പ്രദേശത്തെ പാർട്ടി ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന ജോഷി വിജയപ്രതീക്ഷയോടെയാണ് പ്രചാരണത്തിനിറങ്ങിയത്. എങ്കിലും പ്രതീക്ഷ കൈവിടാതെ ഷുക്കൂർ വീടുകൾ കയറിയിറങ്ങി. പലതവണ വോട്ടുചോദിച്ച് വോട്ടർമാരെ നേരിൽ കണ്ടു. ഫലം വന്നപ്പോൾ 337 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ആ വിജയം വാർഡിൽ വീണ്ടും തുടർന്നു. 2005-ൽ ഇടതുപക്ഷത്തിന്റെ കുത്തക വാർഡായിരുന്ന വാടക്കനാൽ വാർഡിൽ അന്നത്തെ കൗൺസിലർ ആയിരുന്ന വിനോദ് കുമാറിനെ തോൽപ്പിച്ചത് 229 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
Content Highlights: From Megaphones on Cycles to AI: A A Shukkoor Recalls Black and White Era of Vintage Election Campaigning