30 സീറ്റ് ചോദിച്ച് യൂത്ത് കോൺഗ്രസ്; ഇൻഡിഗോ-ഇപി കേസിലെ ഫർസീൻ മജീദ് മട്ടന്നൂരിൽ മത്സരിക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായി സീറ്റ് ചോദിക്കാൻ യൂത്ത് കോൺഗ്രസ്. അമ്പത് ശതമാനം സീറ്റിൽ യുവാക്കളും വനിതകളും മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ ഇതിൽ 30 സീറ്റെങ്കിലും യൂത്ത്‌കോൺഗ്രസിന് നൽകണമെന്നാണ് അവരുടെ ആവശ്യം. പരിഗണിക്കേണ്ട സ്ഥാനാർഥികളെയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് കുമാർ, അബിൻവർക്കി, കെ.അഭിജിത്ത്, ആർ ഷഹിൻ, ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ കേസിൽ പെട്ടിരുന്ന ഫർസീൻ മജീദ് തുടങ്ങിയവരെയെല്ലാം സ്ഥാനാർഥികളാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടാനാണ് യൂത്ത് കോൺഗ്രസ് യോഗം തീരുമാനിച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച് ഫർസീൻ മജീദിനെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് സാധ്യത. മട്ടന്നൂർ മണ്ഡലം നിലവിൽ യുഡിഎഫിൽ ആർ.എസ്.പിയാണ് മത്സരിച്ചത്. വിജയസാധ്യതയുള്ള സീറ്റ് മാത്രം ചോദിക്കാനാണ് ആർ.എസ്.പി തീരുമാനം. ഇതനുസരിച്ച് കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ ഫർസീൻ മജീദ് മത്സര രംഗത്തേക്ക് എത്തുകയും ചെയ്യും.
എട്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് മട്ടന്നൂർ മണ്ഡലം. ഇവിടെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വമ്പിച്ച പരാജയം കോൺഗ്രസിന് നേരിടേണ്ടി വന്നിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ കെ.കെ ശൈലജ 60,963 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3034 വോട്ടിന്റെ ലീഡാണ് ഇവിടെ എൽഡിഎഫിനുണ്ടായിരുന്നത്. ഇത്തവണയും കെ.കെ ശൈലജ തന്നെയാവും മട്ടന്നൂരിൽ മത്സരിക്കുക.
സ്വർണക്കടത്ത് വിവാദവുമായിബന്ധപ്പെട്ട സമരത്തിൽ ഇൻഡിഗോ വിമാനത്തിൽ മുഖ്യന്ത്രിക്കെതിരേ പ്രതിഷേധിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് ഫർസീൻ മജീദിനെതിരേ കാപ്പ ചുമത്താൻ അന്നത്തെ റേഞ്ച് ഐജി രാഹുൽ ആർ നായർ കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. വലിയ വിവാദത്തിന് വഴിവെച്ച വിമാന പ്രതിഷേധത്തിൽ എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി ജയരാജനുമായുള്ള കൈയാങ്കളിയായിരുന്നു തുടക്കം. ഇതോടെ വിമാന വിലക്കും മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസും വന്നിരുന്നു. മട്ടന്നൂരിൽ ഫർസീൻ മത്സരിച്ചാൽ ഭൂരിപക്ഷം മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നാണ് യൂത്ത് കോൺഗ്രസ് അവകാശപ്പെടുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് കുമാറിനായി കൊടുങ്ങല്ലൂർ സീറ്റാണ് ചോദിക്കുക. ഇവിടെ നേരത്തെ തന്നെ ജനീഷ് പ്രവർത്തനം തുടങ്ങിയിരുന്നു. 2016 മുതൽ സിപിഐ സ്ഥാനാർഥിയായ വി.ആർ സുനിൽകുമാറാണ് ഇവിടെ നിന്നുള്ള എം.എൽ.എ. 2011-ൽ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപനും വിജയിച്ചിരുന്നു. ആറ് പഞ്ചായത്തും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ് കൊടുങ്ങല്ലൂർ മണ്ഡലം. ഇതിൽ നിലവിൽ നാല് പഞ്ചായത്ത് യുഡിഎഫിനൊപ്പമാണ്. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും രണ്ട് പഞ്ചായത്തുമാണ് എൽഡിഎഫിനൊപ്പമുള്ളത്.
കഴിഞ്ഞ തവണ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായ കെ.എം അഭിജിത്ത് ഇത്തവണയും മത്സര രംഗത്തെണ്ടാവും. അഭിജിത്തിനെ കൊയിലാണ്ടിയിൽ അല്ലെങ്കിൽ നാദാപുരത്ത് പരിഗണിക്കണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നുണ്ട്. കൊയിലാണ്ടി സീറ്റിനായി കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാറിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
അടുത്തിടെ അന്തരിച്ച കാനത്തിൽ ജമീല 8472 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കൊയിലാണ്ടിയിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രമണ്യനായിരുന്നു കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥി. എന്നാൽ ഇത്തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ് കൊയിലാണ്ടിയിൽ യുഡിഎഫിന് നേടാനായത്. കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി മുനിസിപ്പാലിറ്റി. ഇതിൽ രണ്ട് മുനിസിപ്പാലിറ്റികളും മൂന്ന് പഞ്ചായത്തും യുഡിഎഫിനൊപ്പമാണ്. മൂടാടി പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫ് ഭരണം. കോഴിക്കോട് നോർത്തിനേക്കാൾ വിജയസാധ്യത കൊയിലാണ്ടിക്കാണെന്ന കണക്കു കൂട്ടലിലാണ് അഭിജിത്തിനെ കൊയിലാണ്ടിയിൽ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ചത്. കൊയിലാണ്ടി അല്ലെങ്കിൽ നാദാപുരം നൽകണമെന്ന ആവശ്യവുമുണ്ട്.
കഴിഞ്ഞ തവണ അഭിജിത്ത് പരാജയപ്പെട്ട കോഴിക്കോട് നോർത്തിൽ എ.പ്രദീപ് കുമാർ തുടർച്ചയായി മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമാണ്. ഇവിടെ നിന്ന് 2021-ൽ തോട്ടത്തിൽ രവീന്ദ്രൻ 12928 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടുന്ന 16 വാർഡുകളാണ് കോഴിക്കോട് നോർത്തിൽ. ഇവിടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എട്ടിടത്ത് എൽഡിഎഫ്, നാലിടത്ത് യുഡിഎഫ്, നാലിടത്ത് എൻഡിഎ എന്നങ്ങനെയായിരുന്നു ഫലം.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാസെക്രട്ടറിയും നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ.ഷഹിനെയും മത്സരരംഗത്തേക്ക് പരിഗണിക്കുന്നുണ്ട്. ഷഹിനെ ബേപ്പൂരിൽ പരിഗണിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം. എന്നാൽ നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് 14 സീറ്റും എൽഡിഎഫിന് 13 സീറ്റുമാണുള്ളത്. ഷഹീൻ മത്സരിക്കുകയും ഉപതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്ത് പരാജയം സംഭവിച്ചാൽ ഒരുപക്ഷെ ജില്ലാ പഞ്ചായത്ത് ഭരണം കൈവിട്ട് പോവുന്ന അവസ്ഥയിലാവും.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി ആറന്മുള, അരിത ബാബു കായംകുളം, പാലക്കാട് സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷ്, കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, തൃക്കരിപ്പൂരിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ എന്നിവരുടെയും പേരുകളും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ 12 സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ മത്സരിച്ചപ്പോൾ പാലക്കാട് ഷാഫി പറമ്പിലിന് മാത്രമേ വിജയിക്കാൻ സാധിച്ചിരുന്നുള്ളൂ.
Content Highlights: Youth Congress eyes 30 seats in assembly polls, proposing Farzeen Majeed for Matthanur. Get the latest on election seat-sharing and candidate lists.