പൂഞ്ഞാറിൽ ഇക്കുറി പി.സി. ജോർജ് മത്സരിക്കില്ല?, ആരാകും പകരക്കാരൻ

#ന്യൂസ് ഡെസ്ക്
പി.സി. ജോർജ് | Photo: Mathrubhumi
പി.സി. ജോർജ് | Photo: Mathrubhumi

കോട്ടയം: ചുക്കുചേരാത്ത കഷായമുണ്ടോ എന്ന് ചോദിക്കും പോലെയാണ് പി.സി. ഇല്ലാതെ പൂഞ്ഞാറോ എന്ന ചോദ്യം. കാരണം പി.സി. ജോർജ് എന്നപേരുമായി ആ മണ്ഡലം ഇഴചേർന്നിരിക്കുന്നു. ഏത് മുന്നണിയിൽനിന്നാലും അതിന്റെ മേൽപ്പട്ടക്കാരെ വിമർശിക്കുകയും അതിന് നടപടി പേരിന് പോലും ലഭിക്കാതിരിക്കുകയും ചെയ്യുക എന്ന സൗഭാഗ്യവും രാഷ്ട്രീയത്തിൽ പി.സി.ക്ക് മാത്രം.

‘പി.സി.ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ’ എന്ന സർട്ടിഫിക്കറ്റ് കൊടുത്തത് സാക്ഷാൽ മാണിസാറാണ്. മാണിയെയും ഉമ്മൻചാണ്ടിയെയും വിമർശിച്ചപ്പോഴും രണ്ടുപേരും ചിരിയോടെ അതങ്ങ് തള്ളി. ഒടുവിൽ താങ്ങായി നിന്ന പി.സി.യെ തള്ളി മുന്നണി തലയൂരിയെന്ന് മാത്രം.

രാഷ്ട്രീയ കളരിയിൽ സ്വന്തമായൊരു വഴിവെട്ടിയ പി.സി. ജോർജ് ഇക്കുറി കളത്തിൽ ഉണ്ടാകുമോ, ഇല്ലയോ എന്നതാണ് ചോദ്യം. അതിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ട്. ‘ബി.ജെ.പി. നേതൃത്വം എന്ത് പറയുന്നോ, അത് അനുസരിക്കണം. പറഞ്ഞാൽ മത്സരിക്കും, ജയിക്കും,’ അദ്ദേഹം ഉറപ്പുപറയുന്നു. പക്ഷേ, അതിന് സാധ്യത കുറവെന്നും അദ്ദേഹം വിലയിരുത്തുന്നു. മകനും ബി.ജെ.പി. വൈസ് പ്രസിഡന്റുമായ ഷോൺ ജോർജ് പാലായിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് ജോർജ് പറയുന്നു. അതിനാൽ പൂഞ്ഞാറിൽ മറ്റൊരു നേതാവ് വരാനാണ് സാധ്യതയെന്നും ജോർജിന്റെ വിലയിരുത്തൽ.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനിടെ ഒരിക്കൽ മാത്രമാണ് പി.സി. ഇല്ലാതെ പൂഞ്ഞാറിൽ ഒരു തിരഞ്ഞെടുപ്പ് നടന്നത്. അത് 1991-ൽ മാത്രം. അതല്ലാതെ 1980 മുതൽ 2021 വരെ പി.സി. ജോർജ് ഇവിടെ കളത്തിലുണ്ട്. കേരള കോൺഗ്രസിന്റെ കളരിയിൽ തുടക്കം. കളരി ഭാഗംവെച്ചപ്പോൾ ആദ്യത്തെ ആശാൻ പി.ജെ.ജോസഫ്. ഇടക്കാലത്ത് ഇൗപ്പൻവർഗ്ഗിസിനൊപ്പം ചെറിയൊരു ഗ്രൂപ്പിന്റെ ഭാഗമായി. അവിടെനിന്ന് ജോസഫിലേക്ക് മടക്കം. മഹാലയനത്തിന് ശേഷം കെ.എം. മാണിയും പി.ജെ.യും ഒരേപോലെ ഗുരുക്കൻമാർ. ഒടുവിൽ കേരള കോൺഗ്രസ് തറവാടുവിട്ടിറങ്ങി ജനപക്ഷം ഉണ്ടാക്കിയപ്പോഴും പി.സി.യെ പൂഞ്ഞാർ ചേർത്ത് പിടിച്ചു. രണ്ടിലയിൽനിന്ന് ജനപക്ഷംവഴി പിന്നെ ബി.ജെ.പി. ക്യാമ്പിലാണ്. അവിടെ ദേശീയ സമിതിയംഗം.

കോട്ടയത്ത് ഉമ്മൻചാണ്ടി, കെ.എം. മാണി എന്നിവർ കഴിഞ്ഞാൽ ഒരുമണ്ഡലം കേന്ദ്രീകരിച്ച് ഇത്രയേറെ നാൾ രാഷ്ട്രീയ പ്രവർത്തനം നടത്തിയ മറ്റൊരു നേതാവും കോട്ടയത്തില്ല. പൂഞ്ഞാറാശാൻ എന്ന് സ്നേഹത്തോടെ വിളിക്കുന്നവരും പി.സി. എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നവരും ഒരു കാര്യം സമ്മതിക്കും. ആ ശൈലി അദ്ദേഹത്തിന് മാത്രം. വെട്ടിത്തുറന്ന് സംസാരിച്ച് പലവട്ടം പുലിവാല് പിടിച്ച ജോർജ് പക്ഷേ, ബി.ജെ.പി. പാളയത്തിൽ മിതത്വ വഴിയിലാണ്. പാർട്ടി യോഗങ്ങൾക്ക് അദ്ദേഹം ഇപ്പോൾ അനിവാര്യനാണ്. വാക്കുകൊണ്ട് തീപിടിപ്പിച്ച് അദ്ദേഹം ആളെ കൈയിലെടുക്കും. ഇപ്പോൾ അല്പം ശ്രദ്ധയും ജാഗ്രതയുമുണ്ടെന്ന് മാത്രം. അദ്ദേഹത്തെ തേടി വലിയ പദവികൾ വരുമെന്നാണ് അനുയായികളുടെ പക്ഷം. പി.സി.ക്ക് തിളങ്ങാൻ പറ്റുന്ന ദേശീയ പദവികൾക്കായി അവർ കാത്തിരിക്കുന്നു. ‘പദവികൾക്കല്ലന്നേ, യോജിക്കാൻ കഴിയുമെന്ന് തോന്നിയതിനാൽ ബി.ജെ.പി.ക്കൊപ്പം മുന്നോട്ടുപോകുന്നു,’ എന്ന് അദ്ദേഹത്തിന്റെ കോട്ടയം ശൈലിയിലുള്ള മറുപടിയും കേൾക്കാം.

പി.സി. ജോർജിന്റെ മത്സരം

* 1980-ൽ ജയത്തോടെയാണ് തുടക്കം. അന്ന്‌ അദ്ദേഹം പി.ജെ. ജോസഫിന്റെ ഗ്രൂപ്പിലാണ്.

* 1982-ലും ജോസഫിനൊപ്പം ജയം.

* 1987-ൽ എൻ.എം. ജോസഫിനോട് പരാജയം.

* 1991-ൽ ജോയ് ഏബ്രഹാമിന് വേണ്ടി മണ്ഡലം ഒഴിഞ്ഞു. മത്സരിച്ചില്ല.

* 1996-ൽ ഇൗപ്പൻ വർഗീസ് ഗ്രൂപ്പിന്റെ ഭാഗമായി വിജയം.

* 2001-ൽ പി.ജെ. ക്യാമ്പിലേക്ക് മടക്കം, ജയം.

* 2006-ൽ അതേ പാർട്ടി, വിജയം.

* 2011-ൽ കേരള കോൺഗ്രസുകളുടെ ലയത്തിന് ശേഷം മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥിയായി ജയം.

* 2016-ൽ കേരള കോൺഗ്രസും യുഡിഎഫും വിട്ട് ജനപക്ഷത്ത്. വൻവിജയം.

* 2021-ൽ ജനപക്ഷത്ത് തന്നെ മത്സരം. സെബാസ്റ്റ്യൻ കുളത്തിങ്കലിനോട് പരാജയം.

Content Highlights: will pc george contest this time in poonjar or not