'അന്ന് മന്ത്രിയാക്കാത്തതിന്റെ കാരണം ഉമ്മൻചാണ്ടി പറഞ്ഞു, ഇത്തവണ വിജയം സുനിശ്ചിതം,തോറ്റാൽ വനവാസം'

ചിലപ്പോൾ കർക്കശനിലപാട് എടുക്കേണ്ടിവരും. എപ്പോഴും വിട്ടുവീഴ്ചചെയ്താൽ നിലപാട് ഇല്ലാതാവും. നിലപാടില്ലെങ്കിൽ കൂടെ ആരും ഉണ്ടാവില്ല. നിലപാടുണ്ടെങ്കിൽമാത്രമേ ജനം കൂടെനിൽക്കൂ. ശക്തമായ മതനിരപേക്ഷ നിലപാട് എടുത്താൽ മതേതരകേരളം കൂടെനിൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നു. വിജയം സുനിശ്ചിതമാണ്. തോറ്റാലോ. തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കും. അങ്ങനെ തോറ്റാൽ ഞാൻ വനവാസത്തിന് പോകും. സജീവരാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി..
? കേരളത്തിൽ സുനിശ്ചിതമായും ഭരണമാറ്റമുണ്ടാവും എന്നാണല്ലോ പുതുയുഗയാത്രയിൽ ഉടനീളം താങ്കളും യു.ഡി.എഫും പറയുന്നത്. ഇടതുപക്ഷ സർക്കാരിന് എവിടെയാണ് പിഴച്ചത്
ഭരണമാറ്റം ഉണ്ടാവും എന്ന കാര്യത്തിൽ ഉറച്ച ആത്മവിശ്വാസമുണ്ട്. എൽ.ഡി.എഫ്. സർക്കാർ പരാജയപ്പെട്ടിടത്തെല്ലാം പരിഹാരനിർദേശം അടങ്ങുന്ന ബദൽപദ്ധതികൾ മുന്നോട്ടുവെച്ചുകൊണ്ടാണ് അവരെ വിമർശിക്കുന്നത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തുതരിപ്പണമാക്കിയെന്നതാണ് സർക്കാരിന്റെ ഏറ്റവുംവലിയ വീഴ്ച.ആറുലക്ഷം കോടിയുടെ കടബാധ്യത കേരളത്തിന്റെ തലയിൽ കെട്ടിവെച്ചാണ് പിണറായിസർക്കാർ പോകുന്നത്. 2024-ൽ വെക്കേണ്ട ശമ്പളക്കമ്മിഷനെ ഇപ്പോഴാണ് വെച്ചത്.
അതും അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചു. ഒരുലക്ഷംകോടി രൂപ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഡി.എ. കുടിശ്ശിക കൊടുക്കാനുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതിബോർഡ്, ഇവർ നാലുതവണ ചാർജ് കൂട്ടിയിട്ടും ഇപ്പോൾ 50,000 കോടി രൂപ നഷ്ടത്തിലാണ്.വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറി. കേരള വാട്ടർ അതോറിറ്റി, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം കടുത്ത സാമ്പത്തിക ബാധ്യതയിൽ. കെട്ടിടനിർമാണ ക്ഷേമനിധി ഉൾപ്പെടെ ഏഴ് ക്ഷേമനിധികൾ തകർന്നു.
ആരോഗ്യരംഗം വെന്റിലേറ്ററിലാണ്. മെഡിക്കൽകോളേജുകളിൽ സൗകര്യമില്ലാത്തതിനാൽ ഇപ്പോൾ താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് റിവേഴ്സ് റഫറൻസ് നടക്കുന്ന പരിതാപകരമായ അവസ്ഥയിലാണ്. ഇങ്ങനെ സമസ്തമേഖലയിലും പരാജയപ്പെട്ട സർക്കാരിനെ താഴെയിറക്കാൻ ജനം കാത്തിരിക്കുകയാണ്.
? എങ്കിലും എൽ.ഡി.എഫ്. കടുത്ത ആത്മവിശ്വാസത്തിലാണ്. മൂന്നാം പിണറായിസർക്കാർ വരും എന്നാണ് അവകാശവാദം
അവർക്ക് ഒരു പ്രതീക്ഷയും ഇല്ല. തിരഞ്ഞെടുപ്പിനുമുൻപ് തോൽക്കുമെന്ന് അവർക്ക് പറയാനാവുമോ. ദയനീയമായ പരാജയമാണ് അവരെ കാത്തിരിക്കുന്നത്. ഇത് ജനം വെറുക്കുന്ന സർക്കാരായി മാറി.
ടീം യു.ഡി.എഫ്. എന്നാണല്ലോ താങ്കൾ അവകാശപ്പെടുന്നത്. സീറ്റുവിഭജനം കഴിഞ്ഞ് സ്ഥാനാർഥിനിർണയം പൂർത്തിയായാൽ ഈ ടീംസ്പിരിറ്റ് നിലനിൽക്കുമോ. പതിവായി കണ്ടുവരുന്ന പൊട്ടലും ചീറ്റലും ഉണ്ടാവുമോ
സീറ്റുവിഭജനം അന്തിമഘട്ടത്തിലാണ്. വേണമെങ്കിൽ 24 മണിക്കൂറിൽ പൂർത്തിയാക്കാവുന്നതേയുള്ളൂ. ചില രാഷ്ട്രീയകാരണങ്ങളാൽ ബോധപൂർവം വൈകിച്ചതാണ്. ടീം യു.ഡി.എഫ്. എന്ന് വെറുതേ പറയുന്നതല്ല. മുൻപ് മലപ്പുറം ജില്ലയിൽ 32 പഞ്ചായത്തുകളിൽ ലീഗ്-സി.പി.എം. കൂട്ടുകെട്ട് അല്ലെങ്കിൽ കോൺഗ്രസ്-സി.പി.എം. കൂട്ടുകെട്ട് എന്ന നിലയിൽ സാമ്പാർമുന്നണി ഉണ്ടായിരുന്നു. ഇന്ന് കേരളത്തിൽ ഒരു തദ്ദേശസ്ഥാപനത്തിലും ഇത്തരം കൂട്ടുകെട്ട് ഇല്ല. സി.പി.എം. പ്രചരിപ്പിക്കുംപോലെ മുസ്ലിംലീഗ് ഒരു സീറ്റുപോലും അധികം ചോദിച്ചിട്ടില്ല.
? 24 മണിക്കൂറിൽ സീറ്റുവിഭജനം പൂർത്തിയാക്കാമെങ്കിലും ചില രാഷ്ട്രീയകാരണങ്ങളാൽ താമസിപ്പിച്ചു എന്ന് പറഞ്ഞല്ലോ. താങ്കൾപറഞ്ഞ വിസ്മയം പൂവണിയുമോ. എൽ.ഡി.എഫിൽനിന്ന് ഏതെങ്കിലും കക്ഷികളെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ
മനപ്പൂർവം വൈകിച്ചതുതന്നെയാണ്. വിസ്മയം നടക്കും. 2005-നുശേഷം യു.ഡി.എഫ്. വിട്ടുപോയ പലരും തിരിച്ച് മുന്നണിയിലേക്ക് മടങ്ങിവരും. രാഷ്ട്രീയപ്പാർട്ടികളുടെ കോൺഫെഡറേഷൻ എന്നതിനപ്പുറം യു.ഡി.എഫ്. ഒരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ആയി മാറും. അതിൽ പ്രമുഖ വ്യക്തികൾ, ഇൻഫ്‌ളൂവൻസേഴ്സ്, ഇടതുപക്ഷ സഹയാത്രികർ എല്ലാം ഉൾപ്പെടും. ഇന്നത്തെ ഇടതുപക്ഷം തീവ്രവലതുപക്ഷമായി മാറി. ഞങ്ങളുടേത് വെള്ളംചേർക്കാത്ത നിലപാടാണ്. അതിൽ വിട്ടുവീഴ്ചയില്ല.
? കർക്കശനിലപാടുകൾ കാരണം പലപ്പോഴും താങ്കളെ കർക്കശക്കാരൻ എന്ന് വിലയിരുത്താൻ ഇടയാക്കിയിട്ടുണ്ടോ
നിലപാടുകൾ സ്വയം എടുക്കുന്നതല്ല. എല്ലാവരുമായി കൂട്ടായി ആലോചിച്ച് എടുക്കുന്നതാണ്. ആ തീരുമാനം എടുക്കാൻവേണ്ടി കോഡിനേറ്റ് ചെയ്യുന്നതും പുറത്ത് പറയുന്നതും യു.ഡി.എഫ്. ചെയർമാൻ എന്ന നിലയിൽ എന്റെ ചുമതലയാണ്. അതിന്റെപേരിൽ വ്യക്തിപരമായി എന്തെങ്കിലും ദോഷം വരുമോ എന്ന് ചിന്തിക്കാറില്ല. ഈ സ്ഥാനത്തിരിക്കുമ്പോൾ ഉത്തരവാദിത്വമേറ്റെടുക്കേണ്ടിവരും. അതിൽനിന്ന് ഒളിച്ചോടാൻകഴിയില്ല. എപ്പോഴും വിട്ടുവീഴ്ചാസമീപനം പാടില്ല. അങ്ങനെ വന്നാൽ നിലപാടില്ലാത്തവരായി മാറും. നിലപാടില്ലെങ്കിൽ ആരും കൂടെയുണ്ടാവില്ല. കേരളം സെക്യുലറാണ്. കുറെ രാഷ്ട്രീയനേതാക്കളും മതനേതാക്കളും ചേർന്ന് വർഗീയമാക്കുകയാണ്. കടുത്ത സെക്യുലർ സമീപനം എടുത്താൽ മതേതരകേരളം കൂടെനിൽക്കും.
? കടുത്ത നിലപാട് പ്രതിപക്ഷനേതാവിന് പൊളിറ്റിക്കൽ മൈലേജ് ആയി മാറുന്നുണ്ടോ
അത് നമ്മൾ നോക്കിക്കാണുന്നതുപോലെ ഇരിക്കും. ഇപ്പോൾ ഈ നിലപാട് കേരളം ഹൃദയംകൊണ്ട് അംഗീകരിച്ചു എന്നാണ് വിശ്വാസം.
? 2011-ൽ താങ്കൾ മന്ത്രിയാവും എന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഉമ്മൻചാണ്ടി ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ അവസാനകാലത്ത് മനസ്സുതുറന്നു എന്ന് അടുത്തിടെ പറഞ്ഞല്ലോ
ഞാൻ ചർച്ചചെയ്യാൻ ആഗ്രഹിക്കാത്ത വിഷയമാണിത്. 2011-ൽ നിയമസഭതിരഞ്ഞെടുപ്പ് ഫലംവന്ന ഉടനെ മന്ത്രിസഭയിൽ ഉണ്ടാവുമെന്ന് ഉമ്മൻചാണ്ടി വിളിച്ചുപറഞ്ഞു. കോൺഗ്രസ് നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്ന യോഗം കഴിഞ്ഞപ്പോൾ ഏതു വകുപ്പാണ് തരാൻ കഴിയുക എന്നുവരെ സൂചിപ്പിച്ചു. എന്നെക്കാൾ സീനിയറായ ആര്യാടൻ മുഹമ്മദ്, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരൊക്കെ ഉള്ളപ്പോൾ എനിക്ക് ഏതു വകുപ്പായാലും കുഴപ്പമില്ല, അത് താങ്കൾ തീരുമാനിച്ചാൽമതി എന്നു പറഞ്ഞു. വൈകുന്നേരം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഞാനില്ല. അതിന്റെ കാരണം അന്വേഷിക്കാനൊന്നും ഞാൻ പോയില്ല. മന്ത്രിയാകുമെന്ന് ഉറപ്പിച്ചിട്ട് ആകാതെ പോയപ്പോൾ എനിക്ക് വളരെ സങ്കടമുണ്ടായി. ചുണ്ടിനും കപ്പിനും ഇടയിൽവെച്ച് നേരത്തേ കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ്, കെ.പി.സി.സി. പ്രസിഡന്റ് തുടങ്ങിയ പദവികൾ നഷ്ടപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ അത് സ്വാഭാവികം.
? അന്ന് താങ്കളെ ഒഴിവാക്കാൻ ഏതെങ്കിലും ബാഹ്യശക്തികൾ ഇടപെട്ടോ
അതിന്റെ കാരണം ഉമ്മൻചാണ്ടി എന്നോട് പറഞ്ഞു. പക്ഷേ, എന്താണ് അന്ന് സംഭവിച്ചത് എന്ന് ഞാൻ ഒരിക്കലും പുറത്തുപറയില്ല. അതുകൊണ്ടൊന്നും ഞാൻ പ്രവർത്തനത്തിൽ മാറിനിന്നില്ല. അന്ന് നിയമസഭയിൽ സർക്കാരിന്റെ പ്രതിരോധത്തിന്റെ കുന്തമുന പലപ്പോഴും ഞാനായിരുന്നു.
ഉമ്മൻചാണ്ടി സൂചിപ്പിച്ച അന്നത്തെ സംഭവത്തിലെ വ്യക്തി ഇന്നും സജീവമാണോ
അതൊക്കെ രാഷ്ട്രീയമല്ലേ. അതേക്കുറിച്ച് ഞാൻ ഒരു സൂചനപോലും തരില്ല. എനിക്ക് സംഭവിച്ചത് പുതുതലമുറയിലെ ചെറുപ്പക്കാർക്ക് സംഭവിക്കരുത് എന്ന് നിർബന്ധമുണ്ട്. കേരളരാഷ്ട്രീയചരിത്രത്തിൽ ഒരുപക്ഷേ, നേരത്തേ റിട്ടയർചെയ്യുന്നത് ഞാനായിരിക്കും. ചെറുപ്പക്കാർക്കായി മാറിക്കൊടുക്കണം.
പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തെ എതിരാളികൾപോലും അംഗീകരിക്കുന്ന രീതിയിൽ മികച്ചതാണെന്നു പറയുന്നുണ്ട്. ഇതേ പദവിയിൽ നേരത്തേ ശോഭിച്ച ആളാണ് വി.എസ്. അച്യുതാനന്ദൻ. മന്ത്രിയൊന്നും ആവാതെ പിന്നീട് പ്രതിപക്ഷനേതാവായശേഷം മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയ ആൾ. പക്ഷേ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയപ്പോൾ ഭരണരംഗത്ത് അതേ മികവുപുലർത്താൻ സാധിച്ചില്ല എന്നൊരു വിമർശനമുണ്ട്
പ്രതിപക്ഷനേതാവ് ആവുന്നതിന് മുൻപ് വി.എസ്. മുഖ്യമന്ത്രിയാവുമെന്ന് പൊതുസമൂഹം സ്വപ്നത്തിൽപോലും കരുതിയതല്ല. ചില ഭൂമിവിഷയവും ലോട്ടറിവിഷയവും അന്ന് ഞാൻ നിയമസഭയിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി വി.എസ്. എന്നോടൊപ്പമായിരുന്നു. ലോട്ടറിവിഷയത്തിൽ അദ്ദേഹം അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനൊപ്പമായിരുന്നില്ല. പക്ഷേ, പ്രതിപക്ഷനേതാവാകുന്നതിന് മുൻപ് എം.എൽ.എ. ആയിരുന്നപ്പോൾ വി.എസ്. വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിനാൽ ഭരണകാര്യങ്ങളിൽ അദ്ദേഹത്തിന് വേണ്ടത്ര മികവുണ്ടായിരുന്നില്ല. പാർട്ടിസെക്രട്ടറി എന്ന നിലയിലും അടിത്തട്ടിൽ പ്രവർത്തിച്ച നേതാവെന്ന നിലയിലും അദ്ദേഹത്തിന് എം.എൽ.എ. എന്നനിലയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയായപ്പോൾ ഇത് അദ്ദേഹത്തിന് ന്യൂനതയായി മാറി.പക്ഷേ, ഇന്നത്തെ മന്ത്രിസഭയുമായി താരതമ്യംചെയ്യുമ്പോൾ വി.എസ്. മന്ത്രിസഭയിൽ കുറെ പ്രഗല്ഭരുണ്ടായിരുന്നു. അതൊരു നല്ലടീമായിരുന്നു. അന്ന് വളരെ ശ്രദ്ധിച്ചുമാത്രമേ സഭയിൽ മന്ത്രിമാരെ നേരിടാൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ വളരെ എളുപ്പമാണ്. പറയാതെവയ്യ, കേരളത്തിലെ മുഴുവൻ മന്ത്രിസഭകളെയും എടുത്ത് പരിശോധിച്ചാൽ, കേരളംകണ്ട ഏറ്റവുംകഴിവുകെട്ട മന്ത്രിസഭയാണ് ഇന്നത്തേത്. അവരെല്ലാവരും അങ്ങനെയാണെന്നും എടുക്കരുത്. മന്ത്രിമാർ മുഖ്യമന്ത്രിയുടെ സെലക്ഷനാണ്. അതിൽ പാളിപ്പോയി. ഒന്നാംപിണറായി മന്ത്രിസഭ ഇത്ര മോശമായിരുന്നില്ല. അവർ പരാജയപ്പെട്ടു. പക്ഷേ, ഇപ്പോഴത്തേത് സമ്പൂർണപരാജയമായി. ദൗർഭാഗ്യകരം എന്നുപറയട്ടെ, ഈ മന്ത്രിസഭയ്ക്ക് ഒന്നും സംഭാവനചെയ്യാൻ കഴിയാതെപോയി. ഇത് തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പറയുന്നതല്ല.
? മത, സമുദായ സംഘടനകൾ എന്തുകൊണ്ടാണ് താങ്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്
അവർ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. എന്റെ പാർട്ടിയെയോ മുന്നണിയെയോ ആക്രമിക്കുന്നില്ല. മുന്നണിയെയും പാർട്ടിയെയും പറഞ്ഞാൽ എനിക്ക് വിഷമം ഉണ്ടാവും. എന്നെ വ്യക്തിപരമായി അവർക്ക് ഇഷ്ടമല്ലാത്തതുകൊണ്ടായിരിക്കാം അവർ എന്നെ കുറ്റപ്പെടുത്തുന്നത്.
? കേരളമാകെ ജാഥയായി പോകുന്നത് എല്ലാവിഭാഗം ജനങ്ങളെയും കാണാനാണല്ലോ. വിമർശിച്ച സമുദായനേതാക്കളെ കാണുമോ
സമുദായനേതാക്കളെ കാണില്ല എന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഇപ്പോൾ അത് ആലോചിച്ചിട്ടില്ല. ഞാൻ പറയുന്നത് എന്റെ വ്യക്തിപരമായ നിലപാടല്ല. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നിലപാടാണ്.
നിയമസഭാതിരഞ്ഞെടുപ്പിന് കോൺഗ്രസ് കനുഗോലുവിന്റെയും ചില ഏജൻസികളുടെയും സഹായം തേടുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നുണ്ടല്ലോ
നിയമസഭാതിരഞ്ഞെടുപ്പ് ജയിക്കാൻ യു.ഡി.എഫിന് ഒരു ഏജൻസിയുടെയും സഹായം ആവശ്യമില്ല. പിന്നെ സുനിൽ കനുഗോലു കോൺഗ്രസുകാരനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടൈഡൽ സെവൻ എന്ന ഏജൻസിയാണ് സി.പി.എമ്മിനുവേണ്ടി പ്രവർത്തിച്ചത്. സി.പി.എം. ഇപ്പോൾ സ്ഥാനാർഥികളെക്കുറിച്ച് സർവേ നടത്താൻ ഏജൻസിയെ വെച്ചിട്ടുണ്ട്. സത്യത്തിൽ ഇത് അവരുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.
? 2016-ൽ കടുത്ത പ്രതീക്ഷ ഉണ്ടായിരുന്നിട്ടും യു.ഡി.എഫ്. പരാജയപ്പെട്ടു. അപ്രതീക്ഷിതമായി ഇത്തവണ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും
2016-ൽ ഉറപ്പായും ജയിക്കുമെന്ന് എല്ലാവരും പറഞ്ഞപ്പോഴും തോൽക്കുമെന്ന് നേതൃത്വത്തോട് വ്യക്തമായി ഞാൻ പറഞ്ഞിരുന്നു. എന്നാൽ, 2026-ൽ അതല്ല സ്ഥിതി. വിജയം സുനിശ്ചിതമാണ്. അപ്പോഴും ഈ സാങ്കല്പിക ചോദ്യം ഉണ്ട്. തോറ്റാലോ. തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കും. അങ്ങനെ തോറ്റാൽ ഞാൻ വനവാസത്തിന് പോകും. സജീവരാഷ്ട്രീയത്തിൽനിന്ന് വിരമിക്കും.
? താങ്കൾ ഒരു അഹങ്കാരിയാണെന്ന് ചിലർ ആരോപിക്കുന്നു. ഈ വിമർശനത്തെ എങ്ങനെ കാണുന്നു
ഈ ആരോപണത്തിന് ഞാൻ പ്രതിരോധം കണ്ടെത്തിയത് ഗുരുദേവന്റെ വചനമാണ്. 'അഹങ്കാരം നല്ലതല്ല, ദോഷമാണ്. ആത്മവിശ്വാസം നല്ലതാണ് ദൃഢമാണ്.' എനിക്ക് ആത്മവിശ്വാസം ഉണ്ട്.
?മുഖ്യമന്ത്രി പിണറായി വിജയനും താങ്കളും തമ്മിൾ രാഷ്ട്രീയനിലപാടുകളുടെ ചിന്നതകൾക്കപ്പുറം വ്യക്തിവിരോധം ഉള്ളതായുള്ള വാർത്തകൾ ശരിയാണോ
നിയമസഭയിലോ പുറത്തോ വ്യക്തിപരമായി ഞാൻ മുഖ്യമന്ത്രിയെ ഇതുവരെ അധിക്ഷേപിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദൻ മുൻപ് പ്രതിപക്ഷനേതാവായിരുന്നപ്പോൾ അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഞാൻ എം.എൽ.എ. ആയിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും എല്ലാം കുറെകൂടി ഗൗരവത്തോടെയാണ് മുഖ്യമന്ത്രി എന്നെ കണ്ടിട്ടുള്ളത് എന്നാണ് വിശ്വാസം. ഇപ്പോഴും സഭയിൽ എന്തു കാര്യം ഉന്നയിച്ചാലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട് എന്നാണ് കരുതുന്നത്. ഇത് പരസ്യമായി അംഗീകരിക്കാൻ അദ്ദേഹത്തിന് പറ്റിയിട്ടുണ്ടാവില്ല. പക്ഷേ, ഒരിക്കലും ഞങ്ങൾ തമ്മിലുള്ള ബന്ധം വഴിവിട്ടുപോയിട്ടില്ല. അങ്ങനെ പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രായം, ദീർഘകാല രാഷ്ട്രീയപ്രവർത്തനപരിചയം ഇതെല്ലാം എന്നും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. താരതമ്യേന ഞാൻ ജൂനിയറാണ്.