അനൗൺസ്‌മെന്റ് നടക്കുന്നത് വികസനത്തെക്കുറിച്ച്; നോട്ടീസ് ലഭിച്ചു, വിശദീകരണം നൽകും- ടി.പി. രാമകൃഷ്ണൻ

#സ്വന്തം ലേഖകന്‍
ടി.പി. രാമകൃഷ്ണൻ | Photo: Mathrubhumi
ടി.പി. രാമകൃഷ്ണൻ | Photo: Mathrubhumi

കോഴിക്കോട്: എൽഡിഎഫിനെതിരെ ഒരുപാട് കള്ളപ്രചാരണം നടത്തുന്നുണ്ടെന്നും ഇതിന് ചില മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. അനൗൺസ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വിവാദങ്ങളിലൊന്നും ഇടതുപക്ഷത്തിന് യാതൊരു ഭയവുമില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇത്തരത്തിലുള്ള പ്രചരണങ്ങളൊന്നും ഞങ്ങൾ നടത്തിയിട്ടില്ല. എൽഡിഎഫിന്റെ പ്രസംഗങ്ങളും അനൗൺസ്‌മെന്റും കേട്ടിട്ട് അതിൽ എന്തെങ്കിലും തെറ്റുണ്ടോയെന്ന് പരിശോധിച്ച് നോക്കൂ. തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമാണ് ഇപ്പോൾ അനൗൺസ്‌മെന്റ് നടക്കുന്നത്. അല്ലാത്ത കാര്യങ്ങൾ ആരും സംസാരിക്കുന്നില്ല. എന്നാൽ, മറ്റുകാര്യങ്ങൾ സംസാരിച്ചുവെന്ന പരാതിയാണ് ഉയർന്നുവന്നത്. ഈ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് വായിച്ചു. എന്നാൽ കാര്യമായ പ്രശ്‌നങ്ങളൊന്നും അതിലില്ല. ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചില പരാമർശങ്ങളാണുള്ളത്. ഇതിന് വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെൽഫെയർ പാർട്ടിയുടെ വോട്ടുവാങ്ങിയാണ് പേരാമ്പ്രയിൽ എൽഡിഎഫ് ജയിക്കുന്നത് എന്ന യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അവരോടുതന്നെ ചോദിക്കൂവെന്നും തങ്ങൾക്കത് ബാധകമല്ലെന്നുമായിരുന്നു മറുപടി. ജാതിയോ മതമോ വർഗീയതയോ പറഞ്ഞല്ല ഇതുവരെ എൽഡിഎഫ് വോട്ട് ചോദിച്ചത്. ജനങ്ങളുടെ ജീവിതമാണ് മനസ്സിലുള്ളത്. ജനങ്ങളുടെ ജീവിതത്തിന്റെ ഉയർച്ചയ്ക്കുവേണ്ടിയാണ് ശ്രമിക്കുന്നതെന്നും എന്ത് ഭീഷണിവന്നാലും ഈ ശ്രമം തുടരുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.