തൃശ്ശൂരിൽ ജോൺ ബ്രിട്ടാസ്?; സിപിഐയുമായി സീറ്റ് വച്ച് മാറ്റം പരിഗണനയിൽ

തൃശ്ശൂർ: സിപിഐയുടെ സ്ഥിരം മണ്ഡലമായ തൃശ്ശൂർ സമവായത്തിലൂടെ ഏറ്റെടുത്ത് ‘അപ്രതീക്ഷിത’ സ്ഥാനാർഥിയെ നിർത്താൻ സിപിഎം ആലോചന. തൃശ്ശൂരിൽ പഠിച്ചു വളർന്ന നിലവിലെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനാണ് നീക്കം. ഡോൺ ബോസ്കോ സ്കൂളിലും കേരളവർമ കോളേജിലും പഠിച്ച ബ്രിട്ടാസിന് തൃശ്ശൂരിൽ വിപുലമായ ബന്ധങ്ങളുണ്ട്. ഭാര്യയുടെ വീട് തൃശ്ശൂരാണ്. ബ്രിട്ടാസ് മത്സരിച്ചാൽ ജയം ഉറപ്പാക്കാനായി വലിയൊരു സൗഹൃദക്കൂട്ടായ്മ രംഗത്തെത്തുമെന്ന് പാർട്ടി കരുതുന്നു. ബ്രിട്ടാസ് മത്സരിക്കുന്നത് സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
മണിപ്പുർ വിഷയത്തിലും കന്യാസ്ത്രീ പ്രശ്നത്തിലും ബ്രിട്ടാസ് നടത്തിയ ഇടപെടൽ പാർട്ടിക്കതീതമായി വോട്ടുകൾ നേടിത്തരുമെന്നാണ് പാർട്ടി കരുതുന്നത്. സിപിഐയ്ക്ക് ജില്ലയിൽത്തന്നെ മറ്റൊരു മണ്ഡലം നൽകും.
സിപിഐയുടെ സിറ്റിങ് എംഎൽഎ പി. ബാലചന്ദ്രൻ ജയിച്ചത് 946 വോട്ടിനാണ്. അതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽ വോട്ട് കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം ഉൾപ്പെടുന്ന തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടി അധികാരം കൈയടക്കുകയും ചെയ്തു. കോർപറേഷന്റെ പല ഡിവിഷനുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ മൂന്നാംസ്ഥാനത്തേക്കുപോയി. മൂന്നു ഡിവിഷനുകളിൽ 200-ൽത്താഴെ വോട്ടാണ് കിട്ടിയത്.
പി. ബാലചന്ദ്രനെ മണ്ഡലത്തിലെ രണ്ടാമൂഴത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കവും മുന്നണിയിൽ നടക്കുന്നുണ്ട്. എന്നാൽ, രണ്ടാംതവണയും മത്സരിക്കാനുള്ള താത്പര്യം ബാലചന്ദ്രൻ അറിയിച്ചതായാണ് വിവരം. ഈ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും നിർണായകമാണെന്ന് വിലയിരുത്തിയാണ് മണ്ഡലമാറ്റംപോലും മുന്നണി ചിന്തിക്കുന്നത്.
പാർട്ടിയിലെ വിഭാഗീയത പൂർണമായും ഒഴിവാക്കാനുള്ള തന്ത്രങ്ങളും ആലോചനയിലുണ്ട്. ഇതിന്റെ ഭാഗമായി ടി. ശശിധരനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമുണ്ട്.
Content Highlights: john brittas thrissur cpm candidate chances