'കോണിയിൽ'നിന്നിറങ്ങിയ താനൂർ; ഇത്തവണയും LDF-ന് വി. അബ്ദുറഹ്‌മാൻ; തിരിച്ചുപിടിക്കാൻ ലീഗിന് യുവനേതാവോ?

മലപ്പുറം: ജില്ലയിലെ ഏക മന്ത്രിയുടെ മണ്ഡലമെന്ന ഖ്യാതിയുണ്ട് ഇത്തവണ താനൂരിന്. മണ്ഡലം നിലവിൽവന്നതുമുതൽ 'കോണി' മാത്രം കയറിയിരുന്ന താനൂരുകാർ 2016-ലാണ് 'കോണി'യിൽനിന്നിറങ്ങിയത്. മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവും അന്നായിരുന്നു. രണ്ടുതവണ എം.എൽ.എ.യായിരുന്ന അബ്ദുറഹ്‌മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായ വി. അബ്ദുറഹ്‌മാൻ ജയിച്ചു. ലീഗിന് സർവാധിപത്യമുണ്ടായിരുന്ന താനൂരിന്റെ തീരദേശമണ്ണിൽ 4918 വോട്ടിനായിരുന്നു വി. അബ്ദുറഹ്‌മാന്റെ വിജയം. 2021-ലും ജയം ആവർത്തിച്ചു. മുസ്‌ലിം ലീഗിന്റെ പി.കെ. ഫിറോസിനെ 985 വോട്ടിന് തോൽപ്പിച്ചായിരുന്നു ജയം.
മണ്ഡല ചരിത്രം
1957-ലാണ് താനൂർ നിയോജകമണ്ഡലം രൂപവത്കരിച്ചത്. വടക്ക് പരപ്പനങ്ങാടി നഗരസഭ, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് അതിർത്തികൾ. നേരത്തേ നന്നമ്പ്ര, എടരിക്കോട്, തെന്നല, പറപ്പൂർ, പെരുമണ്ണ ക്ലാരി എന്നീ പഞ്ചായത്തുകൾ താനൂർ മണ്ഡലത്തിലായിരുന്നു. 2008-ലെ മണ്ഡല പുനർനിർണയത്തിൽ ഇവയെ താനൂരിൽനിന്ന് വിഭജിച്ചു. നിലവിൽ താനൂർ നഗരസഭയും ഒഴൂർ, താനാളൂർ, പൊന്മുണ്ടം, നിറമരൂതൂർ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് താനൂർ നിയോജകമണ്ഡലം.
1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ എം.എൽ.എ.യായത് ലീഗിന്റെ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു. കോൺഗ്രസിന്റെ അസ്സനാർകുട്ടിക്കെതിരേ 5267 വോട്ടിനായിരുന്നു ജയം. 1960, 65 തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ജയിച്ചു. 1967-ൽ എം.കെ. ഹാജിയും 70-ൽ സയ്യിദ് ഉമർ ബാഫഖിയും 77-ൽ യു.എ. ബീരാനും എം.എൽ.എ.മാരായി. 1980, 82, 87 തിരഞ്ഞെടുപ്പുകളിൽ ഇ. അഹമ്മദും ജയിച്ചുകയറി. 1991-ൽ പി. സീതി ഹാജിയും 1996, 2001 തിരഞ്ഞെടുപ്പുകളിൽ പി. അബ്ദുറബ്ബും ഇവിടെനിന്ന് നിയമസഭയിലെത്തി.
2006-ലെ തിരഞ്ഞെടുപ്പിൽ അബ്ദുറഹ്‌മാൻ രണ്ടത്താണി ജയിച്ചു. മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന 2011-ലെ ആദ്യ തിരഞ്ഞെടുപ്പിലും അദ്ദേഹം ജയം ആവർത്തിച്ചു. എന്നാൽ, പിന്നീട് താനൂരിൽ ലീഗിന് പച്ചതൊടാനായിട്ടില്ല.
ഇത്തവണ കളത്തിൽ
'മന്ത്രി' മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും 'കോണി' വിട്ട മണ്ഡലം തിരികെ പിടിക്കാൻ യു.ഡി.എഫും സീറ്റ് പിടിക്കണമെന്ന വാശിയിൽ ബി.ജെ.പി.യും കച്ചകെട്ടിയിറങ്ങിയാൽ താനൂരിന്റെ തീരദേശമണ്ണിൽ ഇത്തവണ രാഷ്ട്രീയക്കാറ്റ് ആഞ്ഞുവീശുമെന്നുറപ്പാണ്. മന്ത്രി വി. അബ്ദുറഹ്‌മാൻ മൂന്നാംടേമിലും ഇവിടെനിന്നു മത്സരിക്കാൻ സാധ്യതയുണ്ട്. യുവജനനേതാവിനെ നിർത്തിയാകും ലീഗിന്റെ പരീക്ഷണമെന്നു പറയുന്നു. ജില്ലയിൽ ബി.ജെ.പി. പ്രതിപക്ഷത്തിരിക്കുന്ന ഏക തദ്ദേശസ്ഥാപനം താനൂർ നഗരസഭയാണ്. അതുകൊണ്ടുതന്നെ 'സ്ഥാനാർഥി കാര്യത്തിൽ' അവരും ജില്ലാ-സംസ്ഥാന നേതാക്കളെ പരിഗണിക്കാനാണ് സാധ്യത.
മുൻ തിരഞ്ഞെടുപ്പുകളിൽ ഇങ്ങനെ
2011-ൽ
ആകെ വോട്ടർമാർ-1,33,276
പോൾ ചെയ്തത് -1,04,111
അബ്ദുറഹ്‌മാൻ രണ്ടത്താണി
(മുസ്‌ലിം ലീഗ്)-51,549
ഭൂരിപക്ഷം-9433
ഇ. ജയൻ
(സി.പി.എം.)42,116
രവി തേലത്ത്
(ബി.ജെ.പി)-7304
2016-ൽ
ആകെ വോട്ടർമാർ -1,76,077
പോൾ ചെയ്തത്-1,40,838
വി. അബ്ദുറഹ്‌മാൻ (ഇടത് സ്വത.) 64,472
ഭൂരിപക്ഷം-4918
അബ്ദുറഹ്‌മാൻ രണ്ടത്താണി (മുസ്‌ലിം ലീഗ്)-59,554
രശ്മിൽ നാഥ് (ബി.ജെ.പി.) 11,051
2021ൽ
ആകെ വോട്ടർമാർ -1,96,081
പോൾ ചെയ്തത് -1,52,570
വി. അബ്ദുറഹ്‌മാൻ (ഇടത് സ്വത.)70,704
ഭൂരിപക്ഷം -985
പി.കെ. ഫിറോസ്(മുസ്‌ലിം ലീഗ് )69,719
നാരായണൻ (ബി.ജെ.പി.) 10,590
Content Highlights: Overview of Tanur's transition from an IUML stronghold to an LDF-leaning constituency., Detailed electoral history starting from 1957., Analysis of 2016 and 2021 election results and the impact of V. Abdurahiman., Insights into the political landscape and future electoral prospects.