നേമം തിരിച്ചുപിടിച്ച് രാജീവ്; രണ്ടാമത്തെ സീറ്റും നേടി ബിജെപി

തിരുവനന്തപുരം: നേമത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർക്ക് ജയം. എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
രാജീവിന്റെ വിജയത്തോടെ സംസ്ഥാന നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം രണ്ടായി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽനിന്ന് ബി.ബി. ഗോപകുമാറും ജയിച്ചിരുന്നു.
ഇത് രണ്ടാംവട്ടമാണ് നേമം മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി ജയിക്കുന്നത്. നേരത്തെ 2016-ൽ ബിജെപിയുടെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ ജയിച്ചിരുന്നു. അന്നും വി. ശിവൻകുട്ടിയായിരുന്നു എതിരാളി.
അഞ്ചുവർഷത്തിനിപ്പുറം 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ എത്തിയെങ്കിലും ശിവൻകുട്ടി ജയിച്ചുകയറി. എന്നാൽ 2026-ൽ ശിവൻകുട്ടിക്കും ഇടതുപക്ഷത്തിനും പാളി. രാജീവ് ചന്ദ്രശേഖർ ജയിച്ചുകയറി.
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. അതിനാൽതന്നെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടിയിരുന്ന അനിവാര്യതയുമുണ്ടായിരുന്നു. 2016-ന് ശേഷം ഇതാദ്യമായാണ് ബിജെപി സംസ്ഥാന നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കുന്നത്. രണ്ട് സീറ്റുകളിലാണ് വിജയിക്കാനായത്.
Content Highlights: Rajeev Chandrasekhar wins the Nemom constituency in the 2026 Kerala Assembly elections., BJP secures two seats in the assembly, with B.B. Gopakumar winning in Chavara., The victory marks a return for BJP in Nemom, previously held by O. Rajagopal in 2016., This is the first major electoral performance under Rajeev Chandrasekhar's state presidency.