30 വർഷമായി പുനലൂർ ചെങ്കോട്ട; CPI-ക്കായി സുപാൽ തന്നെയോ?, ലീഗിൽനിന്ന് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്

പി.എസ്. സുപാൽ, കോൺഗ്രസ്, ബിജെപി കൊടികൾ | Photo: Mathrubhumi
പി.എസ്. സുപാൽ, കോൺഗ്രസ്, ബിജെപി കൊടികൾ | Photo: Mathrubhumi

പുനലൂർ(കൊല്ലം): നീണ്ട മൂന്നുപതിറ്റാണ്ട്... കഴിഞ്ഞ 30 വർഷത്തിനിടെ പുനലൂർ നിയോജകമണ്ഡലം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല ഇടതുമുന്നണി. മുന്നണിയുടെ സുരക്ഷിതമണ്ഡലമായി കണക്കാക്കപ്പെടുന്ന ഇവിടെ ഇക്കുറി പക്ഷേ ജനത്തിന് ആകാംക്ഷയുണ്ട്. മാറിയ രാഷ്ട്രീയസാഹചര്യങ്ങളും മുന്നണികൾ മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർഥികളുടെ ഗരിമയുമൊക്കെ വോട്ടിനെ സ്വാധീനിച്ചേക്കാം.

പതിവുമുഖങ്ങൾ വിട്ട് പുതിയ സ്ഥാനാർഥികൾ എത്തിയാൽ എന്താകും മണ്ഡലത്തിന്റെ ഭാവിയെന്ന് ഉറ്റുനോക്കുന്നു സമ്മതിദായകരും രാഷ്ട്രീയനിരീക്ഷകരും.

തിരഞ്ഞെടുപ്പിന് ഓളംതള്ളിത്തുടങ്ങിയെങ്കിലും മണ്ഡലത്തിൽ മുന്നണികൾ ഇനിയും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല. ഇടതുമുന്നണിയിൽ സീറ്റ് സി.പി.ഐ.ക്കാണെങ്കിലും സ്ഥാനാർഥിത്വം സംബന്ധിച്ച് ആലോചന തുടങ്ങിയിട്ടില്ലെന്ന് നേതൃത്വം പറയുന്നു. മുസ്‌ലിം ലീഗ് മത്സരിച്ചിരുന്ന സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ യു.ഡി.എഫിൽ ഏതാണ്ട് ധാരണയായിട്ടുണ്ടെങ്കിലും പാർട്ടിയും ഇതുസംബന്ധിച്ച് ആലോചന ആരംഭിച്ചിട്ടില്ല. വർഷങ്ങൾക്കുശേഷം തങ്ങളുടെ സ്ഥാനാർഥിയെ നിർത്താൻ അവസരം ലഭിക്കുന്നതിനാൽ ഗ്രൂപ്പ് തർക്കങ്ങളുണ്ടാകാതെ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്താനാകും കോൺഗ്രസ് നീക്കം. എൻ.ഡി.എ.യിലും സ്ഥാനാർഥിത്വം സംബന്ധിച്ച് ആലോചന ആരംഭിച്ചിട്ടില്ല.

സി.പി.ഐ. ജില്ലാ സെക്രട്ടറിയായ പി.എസ്. സുപാലാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്‌. തൊട്ടുമുൻപുള്ള 15 കൊല്ലം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയും നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ കെ. രാജുവായിരുന്നു പ്രതിനിധി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ 37,057 വോട്ടിന് പരാജയപ്പെടുത്തിയാണ് സുപാൽ തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുൻപ് മൂന്നുതവണ എം.എൽ.എ.യായ കെ. രാജു മുൻ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 33,582, 18,005, 7,925 എന്നീ നിലയിൽ ഭൂരിപക്ഷം നേടിയായിരുന്നു വിജയിച്ചത്.

2006-ൽ സി.എം.പി. ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എം.വി. രാഘവനെയാണ് രാജു പരാജയപ്പെടുത്തിയത്.

തദ്ദേശസ്ഥാപനങ്ങളും ഇടതിനൊപ്പം

പുനലൂർ നഗരസഭയും ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പുനലൂർ നിയോജകമണ്ഡലം. പൊതുവേ ഇടതുമുന്നണിയോടൊപ്പം നിൽക്കുന്നതാണ് ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുളത്തൂപ്പുഴ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. രണ്ടിടത്തും ഇടതുമുന്നണിയിൽനിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. അതേസമയം കഴിഞ്ഞതവണ ഭരണം ലഭിച്ച തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകൾ നഷ്ടപ്പെടുകയും ചെയ്തു.

നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന മണ്ഡലം പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിഞ്ഞുചിന്തിക്കുന്ന കൗതുകമുണ്ട് പുനലൂരിന്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന് പുനലൂർ മണ്ഡലത്തിൽ 18,044 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2019-ൽ ഇതേ മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 18,666 വോട്ടായിരുന്നു.

നിലവിലെ കരട് വോട്ടർപട്ടികപ്രകാരം 1,90,517 പേരാണ് മണ്ഡലത്തിലെ വോട്ടർമാർ. ഇതിൽ 99,991 പേർ സ്ത്രീകളും 90,524 പേർ പുരുഷന്മാരുമാണ്. രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.

2021-ലെ വോട്ടുനില

പി.എസ്. സുപാൽ (എൽ.ഡി.എഫ്.)-80,428

അബ്ദുറഹിമാൻ രണ്ടത്താണി (യു.ഡി.എഫ്.)-43,371

ആയൂർ മുരളി (എൻ.ഡി.എ.)-20,069

ഭൂരിപക്ഷം 37,057

പോളിങ് ശതമാനം 71.8

Content Highlights: punalur assembly constituency will supal contest this time who are will be congress and nda candidates