ടി.പി. രാമകൃഷ്ണന്റെ സീറ്റ് ജോസിന് കൊടുക്കുമോ സിപിഎം; പേരാമ്പ്ര കിട്ടിയാൽ മുഹമ്മദ് ഇക്ബാൽ സ്ഥാനാർഥി?

കോഴിക്കോട്: കേരള കോൺഗ്രസ് എം ജോസ് വിഭാഗം മുന്നണി വിടുമെന്ന ചർച്ച ചൂടുപിടിക്കുമ്പോൾ കോഴിക്കോട് ആ പാർട്ടിയുടെ മുഖം തന്നെ മുഹമ്മദ് ഇക്ബാലാണ്. 2011 മുതൽ 2016 വരെ യുഡിഎഫിന്റെ ഭാഗമായി രണ്ട് തവണ പേരാമ്പ്രയിൽ മത്സരിച്ച് തോൽക്കുകയും 2021-ൽ എൽഡിഎഫിന്റെ ഭാഗമായി കുറ്റ്യാടിയിൽ മത്സരിക്കാനെത്തി ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയും ചെയ്ത വ്യക്തി. ഇത്തവണ ജോസ് കെ. മാണി വിഭാഗം മുന്നണി മാറിയാലും ഇല്ലെങ്കിലും പേരാമ്പ്രയിൽ മുഹമ്മദ് ഇക്ബാൽ തന്നെയാവും സ്ഥാനാർഥി. മുന്നണി മാറ്റം പാർട്ടി ജില്ലാ കമ്മിറ്റി തള്ളിക്കള്ളയുന്നുണ്ടെങ്കിലും ജോസ് എന്ത് തീരുമാനമെടുക്കുന്നോ ആ തീരുമാനത്തിന് ഒപ്പമെന്നാണ് കോഴിക്കോട് ജില്ലാകമ്മിറ്റിയുടേയും നയം.
എൽഡിഎഫ് കഴിഞ്ഞതവണ 13 സീറ്റായിരുന്നു ജോസ് വിഭാഗത്തിന് വാഗ്ദാനം ചെയ്തത്. ഇത്തവണ അതിൽ മുഴുവൻ മത്സരിക്കുമെന്ന് ജോസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണെങ്കിൽ പേരാമ്പ്ര സീറ്റിൽ മത്സരിക്കാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ കുറ്റ്യാടി മണ്ഡലമാണ് കേരളാ കോൺഗ്രസ് എമ്മിന് മത്സരിക്കാൻ നൽകിയിരുന്നതെങ്കിലും പ്രാദേശിക സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. ഈ പാഠം ഉൾക്കൊണ്ട് ഇത്തവണ കുറ്റ്യാടിക്ക് വേണ്ടി കടുംപിടുത്തം പിടിക്കേണ്ടെന്നാണ് ധാരണ. ഇതിന് പകരമായിട്ടായിരിക്കും പേരാമ്പ്ര സീറ്റ് ചോദിക്കുക.
കഴിഞ്ഞതവണ പിൻവാങ്ങിയപ്പോൾ തന്നെ അടുത്ത തവണ മത്സരിക്കാൻ പകരം സീറ്റ് നൽകാമെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ കേരളാ കോൺഗ്രസ് എമ്മിന് വാക്ക് നൽകിയിരുന്നു. ആ വാക്ക് ഇത്തവണ പാലിക്കുമെന്നാണ് കരുതുന്നതെന്നും അങ്ങനെയെങ്കിൽ പേരാമ്പ്ര തന്നെയായിരിക്കുമെന്നും മുതിർന്ന കേരള കോൺഗ്രസ് എം നേതാവ് പ്രതികരിച്ചു.
നിലവിൽ ടി.പി രാമകൃഷ്ണനാണ് പേരാമ്പ്ര എംഎൽഎ. ഇത്തവണ ആരോഗ്യപ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടി ടിപി മത്സരത്തിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ക്രിസ്ത്യൻ കുടിയേറ്റ പഞ്ചായത്തുകളുള്ള മണ്ഡലം എന്നതുകൊണ്ടും വർഷങ്ങളായി മുഹമ്മദ് ഇക്ബാൽ മണ്ഡലത്തിലെ പരിചിത മുഖം എന്നതുകൊണ്ടും മത്സരിച്ചാൽ ജയിക്കുമെന്നാണ് കേരളാ കോൺഗ്രസ് എം കണക്കുകൂട്ടുന്നത്. മാത്രമല്ല കഴിഞ്ഞതവണ സിപിഎം പ്രതിഷേധത്തിന്റെ വികാരം മാനിച്ച് സ്വയം ഒഴിഞ്ഞുകൊടുത്തതിന്റെ പ്ലസ് പോയിന്റ് ഇത്തവണ പേരാമ്പ്രയിൽ ഇക്ബാലിന് ഗുണകരമാവുമെന്നും കരുതുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പേരാമ്പ്രയിലെ പരാജയം ഇടതുപക്ഷത്തിന് അത്ര നല്ല സൂചനയല്ല നൽകുന്നതെങ്കിലും ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. മുഹമ്മദ് ഇക്ബാൽ പേരാമ്പ്ര ലക്ഷ്യമിട്ട് നേരത്തെ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നു.
ജോസ് വിഭാഗം യുഡിഎഫിലേക്ക് മാറുമെന്ന ചർച്ച ദിവസങ്ങളായി ചൂടുപിടിക്കുന്നുണ്ടെങ്കിലും അതിനുള്ള ഒരു സാധ്യത നിലവിലില്ലെന്നാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുന്നണിവിടാൻ പ്രത്യേകിച്ച് ഒരു കാരണമില്ല എന്നതുകൊണ്ട് തന്ന ഇത് അണികളെയും വോട്ടർമാരെയും ബോധിപ്പിക്കാൻ പാർട്ടിക്ക് പാടുപെടേണ്ടി വരുമെന്നാണ് മുന്നണി മാറ്റത്തെ എതിർക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ മുന്നണി മാറിയാൽ പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുമെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല കെ.എം മാണി സ്മാരകം എന്ന കേരള കോൺഗ്രസ് എമ്മിന്റെ ദീർഘകാലമായുള്ള ആവശ്യത്തിനും സർക്കാർ പച്ചക്കൊടി കാട്ടിയിരുന്നു.
സ്മാരകം നിർമിക്കാൻ തലസ്ഥാനത്ത് 25 സെന്റ് സർക്കാർ അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുന്നണിമാറ്റ ചർച്ചകൾക്കിടെയാണ്, വെള്ളയമ്പലത്ത് ജലഅതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് കെ.എം. മാണി ഫൗണ്ടേഷന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. 2020-21 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അഞ്ചുകോടി രൂപ നീക്കിവെച്ചിരുന്നു, അന്ന് കേരളകോൺഗ്രസ്-എം യുഡിഎഫിനൊപ്പമായിരുന്നു.
പാർട്ടിക്ക് 13 സീറ്റ് മത്സരിക്കാൻ നൽകുകയും പൂർണമായി അനുകൂലമായി നിൽക്കുകയും ചെയ്യുന്ന സമയത്ത് മുന്നണി മാറുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
മറിച്ച് എന്തെങ്കിലും സംഭവിച്ചാൽ പോലും പേരാമ്പ്രയിൽ മുഹമ്മദ് ഇക്ബാൽ എന്നതിനപ്പുറം മറ്റൊരു പേര് യുഡിഎഫിന് മുമ്പിലുമുണ്ടാവില്ല. 1980 മുതൽ തുടർച്ചയായി സിപിഎം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്രയെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫ് ഇവിടെ നേരിട്ടത്. ആകെയുള്ള പത്ത് പഞ്ചായത്തിൽ ഒമ്പതും കൈവശം വെച്ചിടുത്തു നിന്ന് ഇത്തവണ നാലിലേക്ക് ഒതുങ്ങി. അഞ്ചു പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഇതിൽ ഇരുപത് വർഷത്തിലധികം എൽഡിഎഫ് ഭരിച്ചിരുന്ന പേരാമ്പ്ര പഞ്ചായത്ത് വരെ ഉൾപ്പെടും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവമായിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവുക എന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുമ്പോഴും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത്ര വലിയ ആത്മവിശ്വാസത്തോടെ അവർക്ക് ഗോദയിലേക്കിറങ്ങാനാവില്ല. 1977-ൽ കേരള കോൺഗ്രസിൽ നിന്ന് ഡോ.കെ.സി ജോസഫ് പേരാമ്പ്രയിൽ നിന്ന് വിജയിച്ചിരുന്നു.
Content Highlights: Kerala Congress (M) announces Muhammad Iqbal as candidate for Perambra constituency, regardless of alliance. Learn more about the election dynamics.