പൂഞ്ഞാറിൽ പി.സി. ജോർജ് എൻഡിഎ സ്ഥാനാർഥിയായേക്കും; സാധ്യത തള്ളാതെ ബിജെപി നേതൃത്വം

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പി.സി. ജോർജ് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരരംഗത്തെത്താനുള്ള സാധ്യതയേറുന്നു. പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തെ ബി.ജെ.പി.നേതൃത്വവും തള്ളിക്കളയുന്നില്ല. വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്നനിലയിലാണ് പി.സി. ജോർജിന് മുഖ്യപരിഗണന നൽകുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോർജും നേരത്തേ അറിയിച്ചിരുന്നു.
പൂഞ്ഞാറിൽ പി.സി. ജോർജല്ലാതെ ശക്തനായ മറ്റൊരു സ്ഥാനാർഥിയില്ലെന്നാണ് പാർട്ടിനേതൃത്വത്തിന്റെ വിലയിരുത്തൽ. എൻ.ഡി.എ. മുന്നണിയിൽ ബി.ഡി.ജെ.എസിനായിരുന്നു പൂഞ്ഞാർ സീറ്റ്. എന്നാൽ, നിലവിൽ ബി.ഡി.ജെ.എസ്. സീറ്റിനായി അവകാശമുന്നയിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നു. മകൻ ഷോൺ ജോർജ് പാലായിൽ മത്സരിക്കുന്നത് പി.സി. ജോർജിന്റെ സ്ഥാനാർഥിത്വത്തിന് തടസ്സമാകില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, ഔദ്യോഗികപ്രഖ്യാപനത്തിന് നേതൃത്വം തയ്യാറായിട്ടില്ല.
പൂഞ്ഞാറിലെ സ്ഥാനാർഥിത്വത്തിനായി വിജയസാധ്യതയാണ് പരിഗണിക്കുന്നത്, ഇതാണ് പാർട്ടിയുടെ നയമെന്നും ബി.ജെ.പി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ പറഞ്ഞു.
Content Highlights: Speculation mounts over P.C. George`s NDA candidacy for Poonjar. BJP considers him a strong contender. Official announcement awaited.