പയ്യന്നൂരിൽ സ്ഥാനാർഥി മധുസൂദനനെങ്കിൽ സ്വതന്ത്രനായി കുഞ്ഞികൃഷ്ണൻ എത്താൻ സാധ്യത

പയ്യന്നൂർ: ചുവപ്പിന്റെ കോട്ടയാണ് പയ്യന്നൂർ. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇവിടെ ചെങ്കോടി പാറി. ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലത്തിൽ രണ്ടാം തേരോട്ടത്തിന് ടി.ഐ.മധുസൂദനൻ ഇറങ്ങുമോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ടി.ഐ.മധുസൂദനൻ ജയിച്ചത്. വാശിയുള്ള പോരാട്ടത്തിന് കോൺഗ്രസ് കരുത്തരെ ഇറക്കുമോ. വോട്ട് കൂട്ടാൻ ബി.ജെ.പി.യുടെ തന്ത്രം എങ്ങനെയായിരിക്കും. കാരണം പയ്യന്നൂരിലെ രാഷ്ട്രീയത്തിൽ ഇക്കുറി വിവാദങ്ങളുടെ കാറ്റ് ആഞ്ഞുവീശിയ നേരമാണ്. അതിനാൽ, സ്ഥാനാർഥി ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല.
പയ്യന്നൂരിൽ സിറ്റിങ് എം.എൽ.എ. ടി.ഐ.മധുസൂദനൻ തന്നെയായിരിക്കും ഇടതുസ്ഥാനാർഥി എന്നാണ് വിലയിരുത്തൽ. വികസനപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന മണ്ഡലത്തിൽ ഒരു മാറ്റം ചർച്ചാവിഷയമാകും എന്നത് പാർട്ടി ഗൗരവമായി എടുക്കുന്നുണ്ട്. മധുസൂദനൻ മത്സരിച്ചാൽ, അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ചതിന് പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിച്ചേക്കും എന്നതും പയ്യന്നൂരിൽ ഇത്തവണ കാണേണ്ടിവരും. ധനരാജ് രക്തസാക്ഷി ഫണ്ടിലുൾപ്പെടെ ധനാപഹരണം നടന്നുവെന്ന് ആരോപിച്ചതിനാണ് ജില്ലാകമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. രക്തസാക്ഷിഫണ്ടിൽ വെട്ടിപ്പ് നടന്നുവെന്ന ആരോപണം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കുഞ്ഞികൃഷ്ണൻ മത്സരിച്ചാൽ ഫണ്ട് വിവാദം വീണ്ടും ചർച്ചയാവും. മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. കുഞ്ഞികൃഷ്ണന്റെ നീക്കത്തിനനുസരിച്ചായിരിക്കും യു.ഡി.എഫിന്റെ സ്ഥാനാർഥിനിർണയം. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ യു.ഡി.എഫ്. പിന്തുണയ്ക്കുമെന്നും പ്രചാരണമുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയോടൊപ്പമെത്തിയ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ടിരുന്നു. ബി.ജെ.പി.യും അവസരം ഉപയോഗപ്പെടുത്താൻ ശ്രമിക്കും. വി.കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പ്രസംഗിക്കാൻ സംസ്ഥാന നേതാക്കളെ ബി.ജെ.പി. പയ്യന്നൂർ നഗരത്തിൽ ഇറക്കിയിരുന്നു. യു.ഡി.എഫും ബി.ജെ.പി.യും പയ്യന്നൂരിലെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കിയെങ്കിലും നിലവിലെ സാഹചര്യത്തിനനുസരിച്ച് മാത്രമേ പ്രഖ്യാപിക്കൂ.
ചുവപ്പേറ്റിയ ചരിത്രം
പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി എന്നിവ ഉൾക്കൊള്ളുന്നതാണ് പയ്യന്നൂർ മണ്ഡലം. കരിവെള്ളൂർ സമരസേനാനിയും സി.പി.എം. നേതാവുമായ എ.വി.കുഞ്ഞമ്പുവാണ് ആദ്യമായി പയ്യന്നൂരിൽനിന്ന് നിയമസഭയിലെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യ ഷേണായിയും എം.വി.ആറും പിണറായിയും പി.കെ.ശ്രീമതിയും ഉൾപ്പെടെയുള്ളവർ പയ്യന്നൂരിന്റെ പ്രതിനിധികളായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഐ.മധുസൂദനൻ നേടിയത് 93,695 വോട്ടാണ്. ലീഡ് 49,780 വോട്ട്. കോൺഗ്രസിന്റെ എം.പ്രദീപ്കുമാറിന് 43,915 വോട്ട് ലഭിച്ചു. ബി.ജെ.പി.യുടെ കെ.കെ.ശ്രീധരന് 11,308 വോട്ട് കിട്ടി. വോട്ടുശതമാനത്തിന്റെ കണക്കെടുത്താൽ മധുസൂദനന് ലഭിച്ചത് 62.49 ശതമാനമാണ്; റെക്കോഡ് ഭൂരിപക്ഷം. 2016-ൽ സി.കൃഷ്ണൻ വിജയിച്ചത് 40,263 വോട്ടിനാണ്. സി.കൃഷ്ണന് 83,226 (58.02 ശതമാനം) വോട്ടുലഭിച്ചപ്പോൾ കോൺഗ്രസിലെ സാജിദ് മവ്വലിന് 42,963 വോട്ടാണ് ലഭിച്ചത്. ഇക്കുറി തദ്ദേശതിരഞ്ഞെടുപ്പിൽ പയ്യന്നൂർ നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്ന (പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി) 153 വാർഡുകളിൽ 112 എണ്ണം എൽ.ഡി.എഫ് നേടി. യു.ഡി.എഫിന് 37 വാർഡുകൾ ലഭിച്ചു. എൻ.ഡി.എയ്ക്ക് സീറ്റില്ല. മറ്റുള്ളവർക്ക് നാല് വാർഡുകളും ലഭിച്ചു. ചെറുപുഴ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നേടിയപ്പോൾ ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ എൽ.ഡി.എഫ്. നേടി.
ഭൂരിപക്ഷങ്ങൾ
തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. - 32,113.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനൻ -49,780,
2016-40,263
2024 ലോക്‌സഭ: എൽ.ഡി.എഫ്. ലീഡ് 13,257.
Content Highlights: Payyanur is a traditional LDF/CPM stronghold with a history of high-margin victories., Sitting MLA T.I. Madhusoodanan is the likely LDF candidate, who won with a record majority last time., A controversy involving expelled leader V. Kunhikrishnan over a martyr's fund could impact the election., UDF and BJP are strategizing to capitalize on the internal conflicts within the local CPM unit., Historical data shows consistent LDF dominance, but the current political climate presents a unique challenge.