വിസ്മയമാകാതെ പാലക്കാട്ടെ UDF പരീക്ഷണങ്ങൾ, BJPക്ക് വീണ്ടും കാൽവഴുതി, ഇളക്കം തട്ടി ചെങ്കോട്ടകൾ

പാലക്കാട്ടെ ചെങ്കോട്ട കുലുങ്ങി, എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളിൽ മൂന്നെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. സി.പി.എം. നേതൃത്വത്തോട് കലഹിച്ച് പുറത്തിറങ്ങിയവരുമായി ചേർന്ന് യു.ഡി.എഫ്. നടത്തിയ പരീക്ഷണം പാലക്കാട്ട് ഫലംകണ്ടില്ല. പാലക്കാട് മണ്ഡലത്തിൽ സി.പി.എം. നടത്തിയ സ്വതന്ത്ര പരീക്ഷണവും മണ്ണാർക്കാട്ട് പൊതുസമ്മതനെ നിർത്തി സി.പി.െഎ. നടത്തിയ പരീക്ഷണവും വിജയിച്ചില്ല. പാലക്കാട്, ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, മലമ്പുഴ, മണ്ണാർക്കാട്, നെന്മാറ, തരൂർ, ആലത്തൂർ, ചിറ്റൂർ, കോങ്ങാട് എന്നിങ്ങനെ പന്ത്രണ്ട് മണ്ഡലങ്ങളുൾപ്പെടുന്നതാണ് പാലക്കാട് ജില്ലയുടെ നിയമസഭാ ഭൂപടം. 2016ലെ തിരഞ്ഞെടുപ്പിൽ 12-ൽ ഒമ്പതിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചിരുന്നു. 2021-ൽ ഇത് യഥാക്രമം പത്തും രണ്ടുമായി. പാലക്കാടും തൃത്താലയും മണ്ണാർക്കാടുമാണ് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ. ഈ തിരഞ്ഞെടുപ്പിൽ ചിറ്റൂരും കോങ്ങാടും കൈപ്പിടിയിലാക്കാൻ യുഡിഎഫിനായി. പാലക്കാട്, തൃത്താല, പട്ടാമ്പി, തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടന്നത്.
ബിജെപിക്ക് കാൽവഴുതി പാലക്കാട്
പാലക്കാട് എന്ന എ ക്ലാസ് മണ്ഡലം ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന എൻ.ഡി.എ. സ്വപ്നത്തിന് തിരിച്ചടിയേറ്റു. രമേഷ് പിഷാരടിയിലൂടെ യു.ഡി.എഫും കോൺഗ്രസും മണ്ഡലം നിലനിർത്തി. 13,147 വോട്ടാണ് ഇത്തവണത്തെ ഭൂരിപക്ഷം. 2016-ൽ 57,559 വോട്ടും 24-ലെ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടും നേടിയ യു.ഡി.എഫ്. ഇത്തവണ 62,199 വോട്ടാണ് സ്വന്തമാക്കിയത്. രമേഷ് പിഷാരടിയും ശോഭ സുരേന്ദ്രനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിൽ ലീഡ് നില മാറിമറിഞ്ഞു. അവസാന ലാപ്പിൽ 13147 വോട്ടുകൾക്ക് രമേഷ് പിഷാരടി വിജയിച്ചു. പിടിച്ചത് 62147 വോട്ടുകൾ. ശോഭാ സുരേന്ദ്രൻ (49052), എൻഎംആർ റസാഖ് (33931) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാമതെത്തിയ ശോഭാ സുരേന്ദ്രൻ ഇത്തവണയും വോട്ട് വിഹിതം ഉയർത്തി. 2024-ലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. യുടെ വോട്ട് 39,549 ആയിരുന്നു. അത് ഇത്തവണ 49,052 ആയി.
2021ൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ബി.ജെ.പിയുടെ മെട്രോമാൻ ഇ.ശ്രീധരനെ മറികടന്ന് 3859 എന്ന ചെറിയ ഭൂരിപക്ഷത്തിനാണ് സിറ്റിങ്ങ് സീറ്റ് നിലനിർത്തിയത്. 2024ലെ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ 18000ൽ കൂടുതൽ വോട്ടുകൾക്ക് വിജയിച്ചിരുന്നു. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറായിരുന്നു രണ്ടാം സ്ഥാനത്ത്. പാലക്കാട്ട് 2024-ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിൻ നേടിയ വോട്ട് ഇത്തവണ സ്വതന്ത്രനായി രംഗത്തിറക്കിയ ഹോട്ടൽവ്യവസായി എൻ.എം.ആർ. റസാക്കിനില്ലായിരുന്നു. റസാക്ക് നേടിയത് 33,931 വോട്ടാണ്.
തൃത്താലയിൽ അട്ടിമറി
എൽഡിഎഫ് പ്രതീക്ഷയർപ്പിച്ച തൃത്താലയിൽ അട്ടിമറി വിജയമാണ് യുഡിഎഫ് സ്ഥാനാർഥിയും മുൻ എംഎൽഎയുമായ വിടി ബൽറാം നേടിയത്. ഭൂരിപക്ഷം 8385. സിറ്റിങ് എംഎൽഎ ആയ എംബി രാജേഷ് രണ്ടാം സ്ഥാനത്തേക്കായി. ബിജെപി സ്ഥാനാർഥി വി ഉണ്ണികൃഷ്ണൻ മാസ്റ്റാണ് മൂന്നാം സ്ഥാനത്ത്. രാഷ്ട്രീയമായി ആർക്കും കുത്തക അവകാശപ്പെടാനില്ലാത്ത മണ്ഡലമായിരുന്നു തൃത്താല. 20 വർഷത്തെ സിപിഎം ഭരണത്തിന് ശേഷം 2011ലായിരുന്നു വിടി ബൽറാം ഇവിടെ വിജയിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബൽറാമിനെ 2021ലെ മൂന്നാം അങ്കത്തിൽ ജനങ്ങൾ കൈവിടുകയും എംബി രാജേഷിനെ വിജയിപ്പിക്കുകയുമായിരുന്നു. 3,016 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ൽ എംബി രാജേഷ് വിജയിച്ചത്.
ഒറ്റപ്പാലത്തെ കോട്ട എൽഡിഎഫ് കാത്തു
2006 മുതൽ സിപിഎം തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണിത്. ഇത്തവണ എൽഡിഎഫ് വിട്ട പികെ ശശിയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയതെങ്കിലും അഡ്വ. പ്രേംകുമാർ 26777 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷമുയർത്താനും പ്രേംകുമാറിന് കഴിഞ്ഞിട്ടുണ്ട്. പി.കെ.ശശി മൂന്നാം സ്ഥാനയായി. 42476 വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർഥി മേജർ രവിയാണ് രണ്ടാമത്. ഇതാദ്യമായാണ് മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത്. വോട്ട് 25,056ൽ നിന്ന് ഉയർത്താനായത് ബിജെപിക്കും മേജർ രവിക്കും വലിയ നേട്ടമായി.
സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവും കെ.ടി.ഡി.സി. ചെയർമാനുമായിരുന്നു പി.കെ. ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിന്റെ പ്രതിനിധിയായി യു.ഡി.എഫ്. സ്വതന്ത്രനായാണ് ഒറ്റപ്പാലത്ത് മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ഡോ. പി. സരിൻ ഇവിടെ 59,707 വോട്ട് നേടിയിരുന്നു. ഇത്തവണ പി.കെ. ശശിക്ക് കിട്ടിയത് 48,585 വോട്ട്. എൽ.ഡി.എഫ്. സ്ഥാനാർഥി കെ. പ്രേംകുമാറിന് കഴിഞ്ഞ തവണ 15,152 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണ 26,777 ആയി വർധിച്ചു. 2016-ൽ പി. ഉണ്ണി യുഡിഎഫിലെ അഡ്വ. ഷാനിമോൾ ഉസ്മാനെ 16,088 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. സിപിഎം നേതൃത്വവുമായി അകന്ന പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിലൂടെ ഒറ്റപ്പാലത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ശശി ഫാക്ടർ വിസ്മയങ്ങളൊന്നും ഉണ്ടാക്കിയില്ല.
ഷൊർണൂരിൽ വീണ്ടും മമ്മിക്കുട്ടി
ഷൊർണൂരിൽ സിറ്റിങ് എംഎൽഎ ആയ പി മമ്മിക്കുട്ടി 16517 വോട്ട് ഭൂരിപക്ഷത്തിന് മണ്ഡലം നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി പി ഹരിഗോവിന്ദൻ രണ്ടാം സ്ഥാനത്തും ബിജെപിയുടെ അഡ്വ.ശങ്കു ടി ദാസ് മൂന്നാം സ്ഥാനത്തുമായി. 2011ൽ നിലവിൽവന്നതു മുതൽ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായാണ് ഷൊർണൂർ മണ്ഡലം അറിയപ്പെടുന്നത്. മൂന്ന് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്. സ്ഥാനാർഥികളാണ് വിജയിച്ചത്. ഓരോ തവണയും ഭൂരിപക്ഷം കൂടിക്കൊണ്ടിരിക്കയും ചെയ്തു.കെ.എസ്. സലീഖ ആയിരുന്നു 2011-ൽ എൽ.ഡി.എഫ്. സ്ഥാനാർഥി.സലീഖ രണ്ട് ടേം പൂർത്തിയാക്കിയതോടെ 2016-ൽ എൽ.ഡി.എഫ്. പികെ. ശശിയിലൂടെ മണ്ഡലം നിലനിർത്തി. ശശിക്കെതിരേ ലൈംഗികാരോപണം ഉയർന്നു. തുടർന്ന് 2021-ൽ സി.പി.എം. ശശിക്കുപകരം പി. മമ്മിക്കുട്ടിയെ അവതരിപ്പിച്ചു. മമ്മിക്കുട്ടി 36764 വോട്ടുകൾക്ക് മണ്ഡലം നിലനിർത്തി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ടാം സ്ഥാനം ഇക്കുറി തിരിച്ചുപിടിച്ചതാണ് യുഡിഎഫിന് ആശ്വാസമായത്.
ത്രില്ലടിപ്പിച്ച് പട്ടാമ്പി
പട്ടാമ്പി ആദ്യം എൽഡിഎഫിന് നെഞ്ചിടിപ്പേറ്റിയെങ്കിലും സിറ്റിങ് എംഎൽഎ മുഹമ്മദ് മുഹ്‌സിനിലൂടെ മണ്ഡലം നിലനിർത്തി. 9442 വോട്ടുകൾക്കാണ് മുഹമ്മദ് മുഹ്‌സിൻ യുഡിഎഫിന്റെ ടിപി ഷാജിയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് 2021ൽ എൽഡിഎഫിനൊപ്പം നിൽക്കുകയും 2026ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുകയും ചെയ്ത ടിപി ഷാജി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാമ്പി നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചത് ഷാജിയുടെ മടങ്ങിവരവോടെയായിരുന്നു. ടിപി ഷാജി വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. മുഹമ്മദ് മുഹ്‌സിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ടിപി ഷാജിക്ക് സാധിച്ചിട്ടുണ്ട്. 2021ൽ 17,974 വോട്ടുകൾക്കാണ് മുഹ്‌സിൻ യുഡിഎഫിന്റെ റിയാസ് മുക്കോളിയെ പരാജയപ്പെടുത്തിയത്. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല.
പരീക്ഷണം വിജയിക്കാതെ മലമ്പുഴ
മലമ്പുഴ മണ്ഡലം രൂപീകരിച്ച് 51 വർഷമായെങ്കിലും ഇതുവരെ എൽഡിഎഫിൽ നിന്നല്ലാത്തൊരു എംഎൽഎ ഇവിടെയുണ്ടായിട്ടില്ല. ഇത്തവണയും മലമ്പുഴ ആ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാത്തു. ഇ.കെ.നായനാർ രണ്ടുതവണയും വി.എസ്. നാലു തവണയും വിജയിച്ച മലമ്പുഴ ഇക്കുറി 19721 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എ.പ്രഭാകരനെ വിജയിപ്പിച്ചു. 2021ലെ കാൽലക്ഷമെന്ന ഭൂരിപക്ഷം കുറഞ്ഞു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 2021ലെ തിരഞ്ഞെടുപ്പിൽ 50200 വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇത്തവണ 48908 വോട്ടുകളാണ് നേടിയത്. 2016ൽ വിഎസ് അച്യുതാനന്ദന്റെ ഭൂരിപക്ഷം 27000ൽ കൂടുതലായിരുന്നു. അന്നും ബിജെപി ആയിരുന്നു രണ്ടാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ഇക്കുറി ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന സീറ്റായിരുന്നു മലമ്പുഴ. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എ സുരേഷ് യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ച് 42262 വോട്ടുകൾ നേടി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതുയുഗയാത്ര പാലക്കാട്ടെത്തിയപ്പോഴാണ് സുരേഷ് യു.ഡി.എഫിലെത്തിയത്. കോൺഗ്രസിൽച്ചേർന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സുരേഷിനെ മത്സരിപ്പിച്ച് ഇടത് വോട്ടിൽ ഭിന്നിപ്പിക്കുണ്ടാക്കാൻ കഴിയുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷയെങ്കിലും ഫലം കണ്ടില്ല. 2021-ൽ സ്ഥാനാർഥിയായ എസ്.കെ. അനന്തകൃഷ്ണൻ നേടിയത് 35,444 വോട്ടാണ്.
കോങ്ങാട് പിടിച്ചെടുത്ത് തുളസി
അട്ടിമറി വിജയമാണ് കോങ്ങാട് മണ്ഡലത്തിലുണ്ടായത്. ഇടതിനെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ളകോങ്ങാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.എ. തുളസി ആണ് വിജയിച്ചത്. 3706 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് എംഎൽഎ കൂടിയായ സി.പി.എമ്മിന്റെ അഡ്വ. ശാന്തകുമാരിയെ ആണ് പരാജയപ്പെടുത്തിയത്. 2011ൽ കോങ്ങാട് മണ്ഡലം രൂപീകരിച്ചശേഷം ആദ്യമായാണ് യു.ഡി.എഫ് വിജയിക്കുന്നത്. എംപിയും കോൺഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠന്റെ ഭാര്യ കൂടിയാണ് നെന്മാറ എൻ.എസ്.എസ്. കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായകെ.എ. തുളസി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 62734 വോട്ടുകളാണ് തുളസി നേടിയത്. 59028 വോട്ടുകൾ അഡ്വ.ശാന്തകുമാരി നേടി. ബിജെപി സ്ഥാനാർഥി ഡോ.രേണു സുരേഷ് ആണ് മൂന്നാം സ്ഥാനത്ത്. 2021ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി യു.സി രാമൻ നേടിയതിനേക്കാൾ 22000ൽപ്പരം വോട്ടുകളാണ് ഇക്കുറി കെ.എ തുളസി നേടിയത്. 2021ൽ അഡ്വ. ശാന്തകുമാരി 27,219 വോട്ടുകൾക്കാണ് കോങ്ങാട് നിന്ന് വിജയിച്ചത്.
മറുകണ്ടം ചാടി ചിറ്റൂർ
ചിറ്റൂർ ഇത്തവണ ഇടതുപക്ഷത്തെ കൈവിട്ടു. 1996 മുതൽ 20 വർഷം കോൺഗ്രസിനെ വിജയിപ്പിച്ച ചിറ്റൂർ മണ്ഡലത്തെ 2016ൽ ജനതാദളിലെ കെ കൃഷ്ണൻകുട്ടിയിലൂടെയാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. രണ്ട് ടേം മത്സരിച്ച് വിജയിച്ച കൃഷ്ണൻകുട്ടി ഇത്തവണ മാറിനിന്നതോടെ മണ്ഡലം എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതനാണ് 6510 വോട്ടുകൾക്ക് ഇവിടെ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി മുരുഗദാസ് രണ്ടാം സ്ഥാനത്തായി. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനാണ് സുമേഷ് അച്യുതൻ. സർക്കാരിന്റെ വികസനവും കെ. കൃഷ്ണൻകുട്ടിയുടെ ജനകീയതയും പ്രവർത്തനങ്ങളും സീറ്റ് നിലനിർത്താൻ സഹായിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ കൊഴിഞ്ഞാമ്പാറയിലടക്കമുള്ള രാഷ്ട്രീയ മാറ്റങ്ങൾ യുഡിഎഫിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. 2016ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൃഷ്ണൻകുട്ടി വിജയിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭൂരിപക്ഷം ഏകദേശം 35,000ന് മേലെ ആയിരുന്നു. ബിജെപി സ്ഥാനാർഥി പ്രനേഷ് രാജേന്ദ്രന് 2021ൽ ബിജെപി സ്ഥാനാർഥി നേടിയതിനേക്കാൽ വെറും 239 വോട്ടുകൾ മാത്രമാണ് നേടിയത്.
മാറ്റമില്ലാതെ മണ്ഡലങ്ങൾ
മണ്ണാർക്കാടും ആലത്തൂരും നെന്മാറയിലും തരൂരിലും എൽഡിഎഫിനും യുഡിഎഫിനും സിറ്റിങ് സീറ്റുകൾ നിലനിർത്താനായിയിട്ടുണ്ട്. മണ്ണാർക്കാട് സിറ്റിങ് എംൽഎ ആയ അഡ്വ.എൻ ഷംസുദ്ദീൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021ലെ 5870 എന്ന ഭൂരിപക്ഷമാണ് ഇക്കുറി 25903 ആക്കി ഉയർത്തിയത്. എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറാണ് രണ്ടാം സ്ഥാനത്ത്, നേടിയത് 64,703 വോട്ടാണ്. എൻഡി എയ്ക്കുവേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി ഐസക് രാജ് 10671 വോട്ടുകൾ നേടി. 2021ൽ സുരേഷ് രാജായിരുന്നു എൽഡിഎഫിന് വേണ്ടി മത്സരിച്ചത്.
കാറ്റിലും കോളിലും ഉലയാത്ത സ്ട്രോങ് റെഡ് ഏരിയ എന്നാണ് ആലത്തൂർ മണ്ഡലം അറിയപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ആലത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് വിജയിച്ചുകയറി. 8553 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിഎം ശശി വിജയിച്ചത്. കെഎം ഫെബിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്ക്ക് വേണ്ടി കെവി പ്രസന്നകുമാർ മത്സരിച്ചെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ പോലും നേടാൻ കഴിഞ്ഞില്ല. യുഡിഎഫ് സ്ഥാനാർഥി കെഎം ഫെബിന് വോട്ടുയർത്താൻ കഴിഞ്ഞിട്ടുണ്ട്. 2021ൽ യുഡിഎഫിന്റെ പാളയം പ്രദീപിനെതിരേ 34118 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കെ.ഡി പ്രസേനൻ വിജയിച്ചത്. 2016ൽ കെഡി പ്രസേനൻ നേടിയ ഭൂരിപക്ഷം 36,060 ആയിരുന്നു. മൂന്ന് തിരഞ്ഞെടുപ്പുകളിലായി എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയുന്ന ട്രെൻഡാണ് രേഖപ്പെടുത്തിയത്.
2008ൽ നെന്മാറ മണ്ഡലം നിലവിൽവന്നശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ്. പരാജയമറിയാത്ത മണ്ഡലമാണ നെന്മാറ. ഇക്കുറി 3305 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽഡിഎഫ് സ്ഥാനാർഥി കെ പ്രേമൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പനാണ് രണ്ടാം സ്ഥാനത്ത്. എൻഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർഥി എഎൻ അനുരാഗാണ് ഇവിടെ മത്സരിച്ചത്. ഇത്തവണ സിഎംപിയിൽ നിന്ന് മണ്ഡലമേറ്റെടുത്താണ് കോൺഗ്രസ് ഇവിടെ മത്സരിച്ചത്. വോട്ട് നില ഉയർത്താനും സാധിച്ചിട്ടുണ്ട്. 2016ലെയും 2021ലേയും തിരഞ്ഞെടുപ്പിനേക്കാളും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി കെ പ്രേമന്റെ വിജയം.
Content Highlights: UDF secured key victories in Palakkad, Chittur, Kongad, and Thrithala., LDF maintained strongholds in Malampuzha, Shornur, Ottapalam, Alathur, and Nemmara., The final seat tally stands at LDF 7 and UDF 5 for Palakkad district., Significant shifts in voting patterns observed in traditionally LDF-leaning constituencies., Analysis of candidate performance including Ramesh Pinarayi and V.T. Balram.