പാർട്ടിയെ തിരുത്തിയ പാർട്ടിക്കാർ; 2021-ൽ സിപിഎം ഞെട്ടിയ കുറ്റ്യാടിപ്പോര്

നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും...... 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കുറ്റ്യാടി സീറ്റ് കേരളകോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിന്റെ മുൻനിരയിൽ പിടിച്ച ബാനറിലെ വാക്യം ഇങ്ങനെയായിരുന്നു. പ്രാദേശിക എതിർപ്പിനെ കണ്ടില്ലെന്ന് നടിച്ചും ശക്തമായ താക്കീത് നൽകിയും മുന്നണി സ്ഥാനാർഥിയുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആദ്യമൊക്കെ സിപിഎം നേതൃത്വം നിലപാടെടുത്തെങ്കിലും ഒടുവിൽ പ്രവർത്തകർക്ക് മുന്നിൽ പാർട്ടിക്ക് മുട്ടുമടക്കേണ്ടി വന്നു. മണ്ഡലത്തിൽ സിപിഎം നേതാവ് കെ.പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാവുകയും 333 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.
അന്ന് പാർട്ടിയോട് സമരം ചെയ്ത് നേടിയെടുത്ത സീറ്റിൽ കുഞ്ഞമ്മദ് കുട്ടിയെ വിജയിപ്പിച്ചെടുക്കുക എന്നത് പ്രാദേശിക സിപിഎം നേതൃത്തിന്റെ അഭിമാനപ്രശ്‌നം കൂടി ആയെങ്കിലും ഫോട്ടോഫിനിഷിനൊടുവിൽ കഷ്ടിച്ച് വിജയിച്ച് കയറിയതിന്റെ ഞെട്ടൽ പാർട്ടി പ്രവർത്തകരിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. അഞ്ചുവർഷത്തിനിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പിനെ കൂടി കുറ്റ്യാടി നേരിടാനൊരുങ്ങുമ്പോൾ 333 വോട്ടെന്ന ചെറിയ ഭൂരിപക്ഷത്തെ മറികടക്കുക എന്നതും മണ്ഡലം ഇടതുപക്ഷത്തോട് ഇത്തവണയും ഉറപ്പിച്ച് നിർത്തുകയെന്നതും വലിയ വെല്ലുവിളി തന്നെയാണ്.
മണ്ഡല രൂപവത്കരണത്തിന് ശേഷം 2011 മുതൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗായിരുന്നു മത്സരിച്ചിരുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ ലീഗിലെ സൂപ്പി നരിക്കാട്ടേരിക്കെതിരെ കെ.കെ ലതിക 6972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ 2016-ൽ പാറക്കൽ അബ്ദുള്ളയിലൂടെ യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. 1157 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു അന്നുണ്ടായത്. 2021-ൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഎം കരുതിയിരിക്കുമ്പോഴായിരുന്നു മണ്ഡലം കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കാനുള്ള ധാരണയുണ്ടായത്.
കെ.പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിക്കുകയും പ്രവർത്തകർ അനൗദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങുകയും ചെയ്ത സമയത്തായിരുന്നു സീറ്റ് വിട്ടുകൊടുക്കാനുള്ള ധാരണയായത്. ഇതോടെ സിപിഎം നേതൃത്വം അതുവരെ കാണാത്ത പരസ്യപ്രതിഷേധത്തിനാണ് കുറ്റ്യാടി സാക്ഷിയായത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.മോഹനനും കുടുംബത്തിന് എതിരേയും വരെ പ്രതിഷേധത്തിൽ പങ്കെടുത്തവർ അസഭ്യവർഷം നടത്തി. വലിയ വിമർശനത്തിനും ഇടയാക്കി.
ഇത്തവണയും കെ.പി കുഞ്ഞമ്മദ് കുട്ടിതന്നെ മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി ജനവിധി തേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞതവണ അതിശക്തമായ പോരാട്ടം നടത്തി ജയത്തിന്റെ വക്കോളമെത്തിയ പാറക്കൽ അബ്ദുള്ളതന്നെ യുഡിഎഫിന് വേണ്ടിയും ജനവിധി തേടുമെന്നും പ്രതീക്ഷിക്കുന്നു. ഇരുവർക്കും മണ്ഡലം കേന്ദ്രീകരിച്ച് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം കൂടുതൽ സജീവമാക്കാൻ നിർദേശവും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 2020 ൽ നിന്നും വ്യത്യസ്തമായി നേരിയ മുന്നേറ്റമാണ് മണ്ഡലത്തിൽ യുഡിഎഫിന് നടത്താനായത്. എൽഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന പുറമേരി പഞ്ചായത്ത് പിടിച്ചെടുത്തതാണ് ഏറെ ആശ്വാസം. നിലവിൽ ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ നാലെണ്ണം എൽഡിഎഫിനും നാലെണ്ണം യുഡിഎഫിനുമൊപ്പമാണ്. ഇതിൽ തിരുവള്ളൂർ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് കിട്ടിയത്.
കഴിഞ്ഞ തവണ കേരളകോൺഗ്രസിന് സീറ്റ് നൽകിയതിന് എതിരെ പ്രതിഷേധം ഉയർന്നതുമുതൽ അണികൾ സമൂഹമാധ്യമങ്ങളിലും മറ്റും കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ ചിത്രം വെച്ച് നമ്മുടെ സ്ഥാനാർഥി കുഞ്ഞമ്മദ് കുട്ടി എന്ന പ്രചാരണം നടത്തിയിരുന്നു. പലയിടത്തും ബാനറുകളും പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിൽ കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലാ നേതൃത്വത്തിലെ ചിലർക്ക് അതൃപ്തയുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്ക് കീഴടങ്ങിയെന്ന തോന്നലുണ്ടാകുമെന്നായിരുന്നു വാദിച്ചത്. പക്ഷേ, അവസാനം കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാർഥിയായി വരുന്ന അസാധാരണ സാഹചര്യമായിരുന്നു കുറ്റ്യാടിയിലുണ്ടായിരുന്നത്.
2008-ൽ മണ്ഡലം കുറ്റ്യാടിയാവുന്നതിന് മുമ്പ് മേപ്പയ്യൂർ മണ്ഡലമായിരുന്നു. 2001-ൽ മത്തായിചാക്കോയും 2006-ൽ കെ.കെ ലതികയും ഇവിടെ നിന്ന് നിയമസഭയിലെത്തി. 2011-ൽ കുറ്റ്യാടി മണ്ഡലം ആയ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിലും കെ.കെ ലതിക വിജയിച്ചു കയറി. ഇങ്ങനെ മണ്ഡല ചരിത്രം വലിയ ഇടതുവേരോട്ടമുള്ളതാണെന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും വാദിച്ചായിരുന്നു കഴിഞ്ഞ വർഷം പ്രവർത്തകർ തെരുവിലറങ്ങിയത്.
Content Highlights: Explore the 2021 Kuttiyadi election drama where CPM workers revolted over seat sharing, forcing the party to nominate their preferred candidate. Learn about the consequences and future challenges.