കുറ്റ്യാടിയിൽ വീണ്ടും പാറക്കൽ അബ്ദുള്ള-കുഞ്ഞമ്മദ് കുട്ടി പോരാട്ടം

#ഇലക്ഷന്‍ ഡെസ്‌ക്
കെ.പി കുഞ്ഞമ്മദ് കുട്ടി, പാറക്കല്‍ അബ്ദുള്ള
കെ.പി കുഞ്ഞമ്മദ് കുട്ടി, പാറക്കല്‍ അബ്ദുള്ള

വടകര: കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിനായി മൂന്നാംതവണയും മുസ്ലിംലീഗിലെ പാറക്കൽ അബ്ദുള്ളതന്നെ രംഗത്തിറങ്ങും. എൽഡിഎഫിനായി നിലവിലുള്ള എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി വരാനാണ് ഏറെ സാധ്യത. ഇതോടെ 2021-ന് സമാനമായ പോരിന് കുറ്റ്യാടിയിൽ കളമൊരുങ്ങും.

കുറ്റ്യാടി മണ്ഡലം രൂപവത്കരിച്ച 2011 മുതൽ യുഡിഎഫിൽ മുസ്ലിംലീഗാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഎമ്മും. ഇത്തവണയും ഇതിനുതന്നെയാണ് സാധ്യത. യുഡിഎഫിൽ മണ്ഡലം വെച്ചുമാറണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ലീഗിന് ഇതിനോട് താത്പര്യമില്ല. 2011-ൽ സിപിഎമ്മിലെ കെ.കെ. ലതികയും മുസ്ലിംലീഗിലെ സൂപ്പി നരിക്കാട്ടേരിയുമാണ് ഏറ്റുമുട്ടിയത്. അന്ന് കെ.കെ. ലതിക വിജയിച്ചു. 2016-ൽ കെ.കെ. ലതികയെ പരാജയപ്പെടുത്തി പാറക്കൽ അബ്ദുള്ള വരവറിയിച്ചു. 2021-ലും പാറക്കൽതന്നെ മത്സരിച്ചെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവിൽ 333 വോട്ടിന് സിപിഎമ്മിലെ കെ.പി. കുഞ്ഞമ്മദ് കുട്ടി വിജയിച്ചു.

മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറികൂടിയായ പാറക്കലിന്റെ പേരുമാത്രമാണ് നിലവിൽ പാർട്ടിയുടെ മുന്നിലുള്ളത്. കഴിഞ്ഞതിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും മണ്ഡലത്തിൽനിന്ന് മാറിനിന്നിട്ടില്ല ഇദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുമെല്ലാം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു. കുറ്റ്യാടി മണ്ഡലത്തിൽ ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ച രണ്ടുപഞ്ചായത്തുകൾ എൽഡിഎഫിൽനിന്ന് പിടിച്ചെടുത്തതും ഇദ്ദേഹത്തിന്റെ സാധ്യതയുറപ്പിക്കുന്ന ഘടകമാണ്. യുഡിഎഫുമായി ബന്ധപ്പെട്ട എല്ലാപരിപാടികളിലും നിറസാന്നിധ്യവുമാണ്.

കോൺഗ്രസിനും ആർഎംപിക്കുമെല്ലാം സർവസമ്മതനാണെന്നതും പാറക്കലിനെ വീണ്ടും പരീക്ഷിക്കാൻ നേതൃത്വത്തിന് ബലംപകരുന്നു. മണ്ഡലത്തിലെ ചിലപ്രദേശങ്ങളിൽ പാർട്ടിക്കുള്ളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. ഇത് പ്രതികൂലമാകുമോ എന്ന ആശങ്കയുണ്ടെങ്കിലും തിരഞ്ഞെടുപ്പിനുമുൻപേ ഇതെല്ലാം പരിഹരിക്കാൻകഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

2021-ൽ കെ.പി. കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർഥിയായത് പാർട്ടി പ്രവർത്തകരുടെ പരസ്യപ്രതിഷേധങ്ങൾക്കൊടുവിലാണ്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് കൊടുക്കാൻ തീരുമാനിച്ചതോടെയാണ് വലിയ പ്രതിഷേധമുയർന്നത്. ഒടുവിൽ നേതൃത്വത്തിന് തീരുമാനം മാറ്റേണ്ടിവന്നു.

അങ്ങനെ സ്ഥാനാർഥിയായി ജയിച്ചുകയറിയതാണ് കുഞ്ഞമ്മദ് കുട്ടി . മണ്ഡലത്തിലെ നിറസാന്നിധ്യവും ഏവർക്കും സ്വീകാര്യനുമായ ഇദ്ദേഹമാണ് മണ്ഡലത്തിൽ ഏറ്റവും യോജിച്ച സ്ഥാനാർഥിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എംഎൽഎയെന്നനിലയിലുള്ള മികച്ചപ്രവർത്തനവും ഇദ്ദേഹത്തിന് തുണയാകുന്നു. ഘടകകക്ഷികൾക്കും ഏറെ സ്വീകാര്യനാണ്. എന്നാൽ, 2021-ലെ പരസ്യപ്രതിഷേധങ്ങളുടെ പേരിൽ ഇദ്ദേഹത്തെ ജില്ലാസെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ കുറ്റ്യാടി ലോക്കൽകമ്മിറ്റി പിരിച്ചുവിടുകയുംചെയ്തു. വീണ്ടും സ്ഥാനാർഥിയാകുന്നതിന് ഈ നടപടികൾ തടസ്സമാകുമോയെന്നതാണ് ചോദ്യം.

എന്നാൽ, മാറിയസാഹചര്യത്തിൽ ഇത് ചർച്ചയാകില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞതവണത്തേതുപോലെ കേരള കോൺഗ്രസ് അവകാശവാദവുമായി വരാനുള്ള സാധ്യതയും കുറവാണ്.

Content Highlights: Get ready for a thrilling Kuttiyadi constituency election! UDF fields Parakkal Abdulla for a third time against LDF`s sitting MLA K.P. Kunjahammad Kutty. See who wins!