പച്ച പുതച്ച കൊണ്ടോട്ടി; ഒരുപഞ്ചായത്തിൽ മാത്രം എൽഡിഎഫ്; സീറ്റ് വെച്ചുമാറുമോ സിപിഎം?

#എ. സുരേഷ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി: ഏറനാടൻ പോരാട്ടത്തിന്റെ കരുത്തും ഇശലിന്റെ മാധുര്യവും പേറുന്നതാണ് കൊണ്ടോട്ടിയുടെ രാഷ്ട്രീയചരിത്രം. രൂപവത്കരിച്ച കാലംമുതൽ മുസ്‌ലിംലീഗിനെ മാത്രം പിന്തുണച്ച മണ്ഡലം. കൊണ്ടോട്ടി നഗരസഭയും വാഴയൂർ, വാഴക്കാട്, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി മണ്ഡലം. വാഴയൂർ പഞ്ചായത്തിൽ മാത്രമാണ് ഇടതുപക്ഷം ഭരിക്കുന്നത്.

തിരഞ്ഞെടുപ്പ് ചരിത്രം

കോൺഗ്രസും ലീഗും ഒരുമിക്കുന്നതിനു മുൻപേ കൊണ്ടോട്ടിയിൽ മേൽക്കൈയുണ്ട് ലീഗിന്. മുന്നണികൾ മാറിമറിഞ്ഞ കാലങ്ങളിലൊക്കെ ലീഗ് എവിടെയാണോ അവിടെയാണ് വിജയം എന്നതാണ് കൊണ്ടോട്ടിയുടെ നില. 1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലീഗും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ത്രികോണമത്സരത്തിലായിരുന്നു. അന്ന് സ്വതന്ത്രനായി മത്സരിച്ച മുസ്‌ലിംലീഗിലെ എം.പി.എം. അഹമ്മദ്കുട്ടി 54.31 ശതമാനം വോട്ടുനേടി. 7115 വോട്ടിന്റെ ഭൂരിപക്ഷം. രണ്ടാംസ്ഥാനത്ത് കോൺഗ്രസിന്റെ അബൂബക്കർ കൊളക്കാടനായിരുന്നു.

1960-ലെ രണ്ടാം തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗും കോൺഗ്രസും മുന്നണിയായി ഒരുമിച്ചപ്പോൾ 73.66 ശതമാനം വോട്ടോടെ എം.പി.എം. അഹമ്മദ്കുട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.ക്ക് വേണ്ടി സ്വതന്ത്രനായി മത്സരിച്ചത് കോമുക്കുട്ടി മൗലവിയായിരുന്നു. 1965-ൽ മുസ്‌ലിം ലീഗും കോൺഗ്രസും വേറിട്ടു മത്സരിച്ചു. അന്ന് ലീഗിലെ എം. മൊയ്തീൻകുട്ടിഹാജി കോൺഗ്രസിലെ എം. ഉസ്മാനെതിരേ വിജയിച്ചു.

ലീഗ് ഒറ്റയ്ക്ക് 47 ശതമാനം വോട്ട് നേടി. സി.പി.എമ്മിന് വേണ്ടി മത്സരിച്ച എ.കെ. ഗോവിന്ദൻ നായർക്ക് 22 ശതമാനം വോട്ട് ലഭിച്ചു. ഏതാണ്ട് 20-25 ശതമാനം വോട്ടാണ് മണ്ഡലത്തിൽ മിക്കപ്പോളും ഇടതുപക്ഷത്തിന് ഉണ്ടാവാറുള്ളത്. 1967-ൽ സപ്തകക്ഷി മുന്നണിയിൽ സി.പി.എമ്മും മുസ്‌ലിം ലീഗും ഒരുമിച്ച് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയപ്പോൾ മുസ്‌ലിം ലീഗിലെ സെയ്ദ് ഉമർ ബാഫക്കി തങ്ങൾ കോൺഗ്രസിലെ എം.പി. ഗംഗാധരനെ 19,292 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അന്ന് ഭാരതീയ ജനസംഘം സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 3131 വോട്ട് നേടി. 1970-ൽ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു സ്ഥാനാർഥി. സി.എച്ച്. വന്നതോടെ കൊണ്ടോട്ടിയിലെ പോരാട്ടം സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെട്ടു. സി.പി.എം. സ്വതന്ത്രൻ മൂസഹാജിക്ക് കിട്ടിയതിന്റെ ഇരട്ടിയോളം വോട്ടാണ് അന്ന് സി.എച്ച് നേടിയത്.

പിന്നീട് സീതിഹാജി കൊണ്ടോട്ടിയുെട ജനനായകനായി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം, 1977 മുതൽ 87 വരെ 10 വർഷത്തിനിടെ നടന്ന നാലു തിരഞ്ഞെടുപ്പിലും സീതിഹാജിയോടൊപ്പമായിരുന്നു കൊണ്ടോട്ടി. 1991-ൽ കെ. അബുവും 1996-ൽ പി.കെ.കെ. ബാവയും ലീഗിന്റെ പെരുമ കാത്തു. ലീഗിനെതിരേ സി.പി.എം. വനിതാ സ്ഥാനാർഥിയെ അവതരിപ്പിച്ച 2001-ൽ കെ.എൻ.എ. ഖാദർ കൊണ്ടോട്ടിയിൽനിന്ന് സഭയിലെത്തി. സി.പി.എമ്മിലെ ഇ.കെ. മലീഹയായിരുന്നു എതിരാളി. 2006-ലും 2011-ലും കെ. മുഹമ്മദുണ്ണി ഹാജിയാണ് കൊണ്ടോട്ടിയിൽ വിജയിച്ചത്. 2016-ലും 21-ലും ടി.വി. ഇബ്രാഹിം കൊണ്ടോട്ടിയിൽനിന്നുള്ള എം.എൽ.എ.യായി. ഒരുവട്ടംകൂടി പച്ചക്കൊടി ഉയരേ പാറിക്കാൻ ടി.വി. ഇബ്രാഹിം എത്തിയേക്കാം.

2011

: ആകെ വോട്ടർമാർ 1,58,057

പോൾചെയ്തത് 1,19,675

കെ. മുഹമ്മദുണ്ണിഹാജി (മുസ്‌ലിം ലീഗ്) 67,998

പി.സി. നൗഷാദ് (സി.പി.എം.) 39,849

കുമാരി സുകുമാരൻ (ബി.ജെ.പി.) 6840

ഭൂരിപക്ഷം 28,149

2016

: ആകെ വോട്ടർമാർ 1,88,358

പോൾ ചെയ്തത് 1,49,554

ടി.വി. ഇബ്രാഹിം (മുസ്‌ലിംലീഗ്) 69,668

കെ.പി. ബീരാൻകുട്ടി (സി.പി.എം.) 59,014

കെ. രാമചന്ദ്രൻ (ബി.ജെ.പി.) 12,513

ഭൂരിപക്ഷം 10,654

2021

:ആകെ വോട്ടർമാർ 2,05,261

പോൾ ചെയ്തത് 1,64,145

ടി.വി. ഇബ്രാഹിം (മുസ്‌ലിംലീഗ്) 82,759

കാട്ടിപ്പരുത്തി സുലൈമാൻഹാജി (സി.പി.എം.) 65,093

ഷീബ ഉണ്ണിക്കൃഷ്ണൻ (ബി.ജെ.പി.) 11,114

ഭൂരിപക്ഷം 17,666

ഇത്തവണ ആരൊക്കെ

: ഇത്തവണ ടി.വി. ഇബ്രാഹിം വീണ്ടുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മറ്റൊരാൾ വരാനും സാധ്യതയുണ്ട്. എൽ.ഡി.എഫിൽ രണ്ടു പതിറ്റാണ്ടിലേറെയായി സി.പി.എം. ആണ് മത്സരിക്കുന്നത്. ഘടകകക്ഷികളുമായി സീറ്റ് വെച്ചുമാറാനും സാധ്യതയുണ്ട്.

Content Highlights: Provides a detailed political history of the Kondotty constituency from its inception in 1957., Highlights the consistent electoral dominance of the Indian Union Muslim League (IUML) in the region., Features a list of past MLAs, including prominent figures like C.H. Mohammed Koya and Seethi Haji., Includes a breakdown of election results and vote margins for the 2011, 2016, and 2021 elections.