നെഞ്ചുവിരിച്ച് ജി. സുധാകരൻ, അട്ടിമറിച്ച് വി. കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും- വിജയംകണ്ട വിമതനീക്കങ്ങൾ

ജനങ്ങൾക്കിടയിലുണ്ടായ കടുത്ത ഭരണവിരുദ്ധവികാരത്തിനൊപ്പം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയർന്ന ശക്തമായ വിയോജിപ്പുകൾ കൂടി നേരിട്ടാണ് സി.പി.എമ്മും ഇടതുപക്ഷവും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എൽ.ഡി.എഫ്. പക്ഷത്തുനിന്നുള്ള ചില സുപ്രധാന നേതാക്കൾ വിമതനീക്കം നടത്തുകയും സ്വതന്ത്രമായോ യു.ഡി.എഫിനൊപ്പം ചേർന്നോ മത്സരിക്കുകയും ചെയ്തു. ഇങ്ങനെ പോയ നേതാക്കളിൽ ചിലർ അട്ടിമറിവിജയം നേടി. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും അമ്പലപ്പുഴയിൽ ജി. സുധാകരനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും വിജയിച്ചുകയറിയത് പാർട്ടിക്കുള്ളിൽത്തന്നെയുള്ള ഭരണവിരുദ്ധവികാരത്തിന്റെ തെളിവായി പ്രകടമാക്കപ്പെട്ടു.
അവഗണനയേറ്റതിന് സുധാകരന്റെ മറുപടി
ആരെയും അമ്പരപ്പിക്കുന്ന വിജയങ്ങളിലൊന്നായിരുന്നു അമ്പലപ്പുഴയിൽ ജി. സുധാകരന്റേത്. സി.പി.എം. സ്ഥാനാർഥിയായ എച്ച്. സലാമിനെ പിന്നിലാക്കി 27935 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻവിജയംതന്നെ സുധാകരൻ നേടി. ആകെ നേടിയത് 75184 വോട്ടുകൾ. തന്നെ വിലകൽപ്പിക്കാത്ത പാർട്ടി നേതൃത്വത്തിന് താനാരാണെന്ന് കാണിച്ചുകൊടുത്തു ജി. സുധാകരൻ.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളിൽനിന്നും തനിക്ക് കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ആരോപിച്ചാണ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചത്. ആലപ്പുഴ ജില്ലയിൽ പാർട്ടി നേതൃത്വം തന്നെ ബോധപൂർവം ഒതുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കാർക്കും ക്രിമിനൽ-മാഫിയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
യു.ഡി.എഫിന്റെ പിന്തുണ സ്വീകരിച്ചാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്. സുധാകരനെ കൂട്ടുപിടിച്ചതോടെ സംസ്ഥാനത്തുടനീളമുണ്ടായ ഭരണവിരുദ്ധവികാരം ഉപയോഗപ്പെട്ടതിനൊപ്പം ഇടതുപക്ഷത്തെ വിമതശബ്ദങ്ങളെ തങ്ങൾക്കനുകൂലമായ വോട്ടാക്കി മാറ്റാനും യു.ഡി.എഫിന് സാധിച്ചു.
കനത്ത പ്രഹരമായി വി. കുഞ്ഞികൃഷ്ണൻ
നേതൃത്വത്തോട് ഉടക്കി പയ്യന്നൂരിൽ സ്വതന്ത്രനായി ഇറങ്ങിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ വിജയവും പാർട്ടിക്കേറ്റ കനത്ത പ്രഹരമായി മാറി. 1967 മുതലുള്ള പാർട്ടിയുടെ കുത്തകയാണ് അദ്ദേഹം തകർത്തത്. കഴിഞ്ഞവർഷം 49,890 വോട്ടിന് ടി.ഐ. മധുസൂദനൻ വിജയിച്ചുകയറിയ മണ്ഡലമാണിത്. അങ്ങനെയൊരു മണ്ഡലത്തിൽ വി. കുഞ്ഞികൃഷ്ണൻ വിജയിച്ചുകയറിയെങ്കിൽ പാർട്ടിപ്രവർത്തകർക്കിടയിൽനിന്നുതന്നെ ശക്തമായ വിമതപിന്തുണ അദ്ദേഹത്തിന് ലഭിച്ചതിന്റെ തെളിവാണ്. നിലവിലെ എം.എൽ.എ. ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തി 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞികൃഷ്ണന്റെ വിജയം. 76,640 വോട്ടുകൾ അദ്ദേഹം നേടി. ടി.ഐ. മധുസൂദനന് 69,153 വോട്ടുകളും ബി.ജെ.പി. സ്ഥാനാർഥി എ.പി. ഗംഗാധരന് 8,432 വോട്ടുകളും ലഭിച്ചു.
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണങ്ങളിൽ പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിച്ചത്. 2016-ൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ സി.വി. ധനരാജിന്റെ കുടുംബസഹായ ഫണ്ടിൽനിന്ന് 46 ലക്ഷം രൂപ അപഹരിച്ചുവെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ 70 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് ലക്ഷങ്ങൾ വകമാറ്റിയെന്നുമെല്ലാമുള്ള ആരോപണങ്ങൾ ഉയർത്തിയാണ് പയ്യന്നൂർ എം.എൽ.എ. ആയ ടി.ഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർക്കെതിരെ വി. കുഞ്ഞികൃഷ്ണൻ രംഗത്തുവന്നത്.
ആ തെളിവുകൾ നിരത്തി പാർട്ടി നേതൃത്വത്തെ വിവരങ്ങൾ അറിയിച്ചിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം. ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പാർട്ടി, പരാതി നൽകിയ കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും പകരം ടി.വി. രാജേഷിനെ നിയമിക്കുകയും ചെയ്തു. വിവരങ്ങൾ മാധ്യമങ്ങളിൽ പറഞ്ഞതിനെത്തുടർന്ന് പാർട്ടിയെ വഞ്ചിച്ചു എന്നാരോപിച്ച് കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നുതന്നെ പുറത്താക്കി.
പ്രാദേശികതലത്തിൽ പാർട്ടിക്കുള്ളിൽനിന്നുള്ള പലരുടെയും പിന്തുണ കുഞ്ഞികൃഷ്ണനുണ്ടായിരുന്നു. 'നേതൃത്വത്തെ അണികൾ നോക്കി തിരുത്തണം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ പാർട്ടി എതിർപ്പുകൾ അവഗണിച്ച് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി, പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായ ടി.ഐ. മധുസൂദനനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ തീരുമാനിച്ചത്. ഇതോടെ ആർ.എസ്.പിയും യു.ഡി.എഫും അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.
ടി.കെ. ഗോവിന്ദൻ പറഞ്ഞത് പാർട്ടിക്കാരും ശരിവെച്ചു
തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് മുതിർന്ന നേതാവായ ടി.കെ. ഗോവിന്ദനെ സ്വതന്ത്രനായി (വിമതനായി) മത്സരിക്കാൻ പ്രേരിപ്പിച്ചത്. ആ നീക്കത്തിൽ ടി.കെ. ഗോവിന്ദന് പിഴവുണ്ടായില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തി 12568 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗവും ഹാൻവീവ് ചെയർമാനുമായ അദ്ദേഹം തന്റെ ആറുപതിറ്റാണ്ടോളം നീണ്ട പാർട്ടിബന്ധം ഉപേക്ഷിച്ചാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതാണ് ടി.കെ. ഗോവിന്ദനെ പ്രകോപിപ്പിച്ചത്. മൂന്നുതവണ എം.എൽ.എ.യായ എം.വി. ഗോവിന്ദൻ, തനിക്ക് വീണ്ടും മത്സരിക്കാൻ സാധിക്കാത്തതിനാൽ ഭാര്യയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചു എന്നാണ് ടി.കെ. ഗോവിന്ദന്റെ ആരോപണം. സ്ഥാനാർഥിനിർണയത്തിൽ സീനിയോറിറ്റിയും സംഘടനാമര്യാദകളും പൂർണമായി അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തളിപ്പറമ്പിൽ ഒരു വനിതയായിരിക്കണം സ്ഥാനാർഥിയെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചപ്പോൾ എൻ. സുകന്യയുടെ പേര് ടി.കെ. ഗോവിന്ദൻ നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി.കെ. ശ്യാമളയുടെ പേര് മാത്രമാണ് അയച്ചത്. ഇതിനെതിരെ ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനം ഉയരുകയും അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ഒരു പുനഃപരിശോധനയും ഉണ്ടായില്ല. ടി.കെ. ഗോവിന്ദന്റെ വിമതനീക്കത്തിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാവ് എം.വി. ജയരാജനും അദ്ദേഹത്തെ 'വഞ്ചകൻ' എന്നാണ് വിശേഷിപ്പിച്ചത്.
വർഗീയശക്തികളുടെ (ബി.ജെ.പി.) പിന്തുണ സ്വീകരിക്കില്ലെങ്കിലും യു.ഡി.എഫ്. പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞതവണ മത്സരിച്ച വി.പി. അബ്ദുൾ റഷീദിനെ മാറ്റി ഗോവിന്ദനെ പിന്തുണയ്ക്കാൻ യു.ഡി.എഫ്. നേതൃത്വം തീരുമാനിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ പിന്തുണയും പാർട്ടി പ്രവർത്തകരിൽനിന്നുള്ള എതിർപ്പും ശക്തമായ ഭരണവിരുദ്ധവികാരം കൂടിയായതോടെ ടി.കെ. ഗോവിന്ദന് വിജയം എളുപ്പമായി.
വിമതനീക്കം പരാജയത്തിൽ കലാശിച്ചവർ
പാർട്ടിയോടും എൽ.ഡി.എഫിനോടും തെറ്റിപ്പിരിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാൻ മുതിർന്നവരിൽ മറ്റ് പ്രമുഖരാണ് ഒറ്റപ്പാലത്ത് മത്സരിച്ച പി.കെ. ശശിയും കൊട്ടാരക്കരയിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ആയിഷ പോറ്റിയും ബേപ്പൂരിൽ മത്സരിച്ച പി.വി. അൻവറും. ഇക്കൂട്ടത്തിൽ ശക്തമായ വെല്ലുവിളി ഉയർത്തിയത് കൊട്ടാരക്കരയിൽ മത്സരിച്ച ആയിഷ പോറ്റിയാണ്. വെറും 1,012 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി. ബാലഗോപാൽ വീണ്ടും വിജയിച്ചുകയറിയത്. 2021-ൽ 10,814-ന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയം കണ്ടത്. സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന ആയിഷ പോറ്റി മൂന്നുതവണ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അവർ അകൽച്ചയിലായിരുന്നു. ഇത്തവണ സി.പി.എമ്മുമായി പൂർണമായും ബന്ധം വേർപ്പെടുത്തി അവർ കോൺഗ്രസിൽ ചേരുകയായിരുന്നു. പതിറ്റാണ്ടുകളോളം സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ, അവിടെ ചെങ്കൊടിനാട്ടുവാൻ മുൻകൈയെടുത്ത നേതാവുതന്നെ യു.ഡി.എഫിനായി രംഗത്തുവന്നത് 2026-ലെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയചർച്ചകളിൽ ഒന്നായിരുന്നു. എന്നാൽ പരാജയപ്പെട്ടെങ്കിലും യു.ഡി.എഫിനൊപ്പം പോകാനുള്ള തന്റെ തീരുമാനം പാളിയില്ലെന്ന് ആയിഷ പോറ്റി കാണിച്ചുകൊടുത്തു.
പി.കെ. ശശിയുടെ ഒറ്റപ്പാലത്തെ വിമതനീക്കം പക്ഷേ, പരാജയത്തിലൊടുങ്ങി. സി.പി.എം. സ്ഥാനാർഥിയായ കെ. പ്രേംകുമാറിനോട് 26,777 വോട്ടിനാണ് പി.കെ. ശശി പരാജയപ്പെട്ടത്. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വവുമായുള്ള കടുത്ത അസ്വാരസ്യങ്ങളും തനിക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടികളുമാണ് പി.കെ. ശശിയെ വിമതനാകാൻ പ്രേരിപ്പിച്ചത്. പലതവണയായി പാർട്ടി നേതൃത്വത്തിന്റെ അപ്രീതി നേടേണ്ടി വന്നയാളാണ് പി.കെ. ശശി. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളജിനുവേണ്ടി പാർട്ടി അറിയാതെ 5.49 കോടി രൂപയുടെ ധനസമാഹരണം നടത്തിയെന്ന അന്വേഷണറിപ്പോർട്ടിനെത്തുടർന്ന് സി.പി.എം. അദ്ദേഹത്തെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. 2018-ൽ ഒരു ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷം പാർട്ടി അദ്ദേഹത്തെ പതിയെ നേതൃനിരയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഈ വർഷം കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം രാജിവെച്ച അദ്ദേഹം മാർച്ച് 5-ന് പാലക്കാട് നടന്ന സി.പി.എം. വിമതരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്താണ് പാർട്ടിയുമായി പി.കെ. ശശി കൊമ്പുകോർത്ത ഏറ്റവും ഒടുവിലത്തെ സംഭവം. ഇതേത്തുടർന്ന് സി.പി.എം. അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഒറ്റപ്പാലത്ത് മത്സരിക്കാൻ സി.പി.എം. വിട്ടവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാനും പി.കെ. ശശി ശ്രമിച്ചു. യു.ഡി.എഫിന്റെ പിന്തുണ പി.കെ. ശശിക്ക് ലഭിച്ചിരുന്നു. ആദ്യം സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം നടത്തിയെങ്കിലും പിന്നീട് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽത്തന്നെ ശശിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ്. തീരുമാനിക്കുകയായിരുന്നു.
പിണറായിസത്തിനും മരുമോനിസത്തിനും എതിരെ മത്സരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് പി.വി. അൻവർ ബേപ്പൂരിൽ മുഹമ്മദ് റിയാസിനെതിരെ മത്സരരംഗത്തിറങ്ങിയത്. ഭരണവിരുദ്ധവികാരം റിയാസിനെതിരെയും അലയടിക്കുമെന്നും വിജയിക്കാനാകുമെന്നാണ് അൻവർ പ്രതീക്ഷിച്ചതെങ്കിലും റിയാസ് വിജയിച്ചു. കോഴിക്കോട് ജയം നേടിയ ഏക എൽ.ഡി.എഫ്. സ്ഥാനാർഥി കൂടിയാണ് റിയാസ്. നിലമ്പൂരിൽനിന്ന് രണ്ടുതവണ എൽ.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര എം.എൽ.എ. ആയി വിജയിച്ച പി.വി. അൻവർ, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം. നേതൃത്വവുമായും പിണങ്ങിയാണ് ബേപ്പൂരിൽ അങ്കത്തിനിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അദ്ദേഹം ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് അൻവർ എൽ.ഡി.എഫുമായി തെറ്റിയത്.
അൻവറിന്റെ ആരോപണങ്ങളെ സി.പി.എം. തള്ളിക്കളയുകയും അദ്ദേഹത്തിനെതിരെ രംഗത്തുവരികയും ചെയ്തു. ഇതോടെ എൽ.ഡി.എഫുമായി പൂർണമായും അകന്ന അൻവർ നിലമ്പൂർ എം.എൽ.എ. സ്ഥാനം രാജിവെച്ചു.
എൽ.ഡി.എഫ്. വിട്ടതിനുപിന്നാലെ അദ്ദേഹം 'ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള' (ഡി.എം.കെ.) എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുകയും പിന്നീട് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. എന്നാൽ, ഈ നീക്കങ്ങൾ വിലപ്പോവില്ലെന്ന് കണ്ടതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. ഇതിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഒറ്റയ്ക്ക് നിന്നാൽ ജയിക്കാനാകില്ലെന്ന് മനസ്സിലാക്കിയ അൻവർ യു.ഡി.എഫ്. പക്ഷത്തേക്ക് ചാടുകയായിരുന്നു.
സി.പി.എമ്മിന്റെ ഭരണപരാജയങ്ങളെയും മുഖ്യമന്ത്രിയെയും എതിർക്കുന്ന അൻവറുമായി സഹകരിക്കുന്നതിൽ യു.ഡി.എഫിനോ മുസ്ലിം ലീഗിനോ യാതൊരു വിരോധവുമില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. സി.പി.എമ്മിനോടുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അൻവർ യു.ഡി.എഫിനോട് ബേപ്പൂർ സീറ്റ് ചോദിച്ചുവാങ്ങുകയായിരുന്നു.
എന്നാൽ. ഈ നീക്കത്തിൽ അൻവർ വീണ്ടും പരാജയപ്പെട്ടു. 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് വിജയിച്ചത്. റിയാസ് 81,849 വോട്ടുകൾ നേടിയപ്പോൾ 74,362 വോട്ടുകൾ നേടി പി.വി. അൻവർ രണ്ടാമതെത്തി. ബി.ജെ.പി. സ്ഥാനാർഥി പ്രകാശ് ബാബു 26,543 വോട്ടുകളും നേടി മൂന്നാമതെത്തി.
Content Highlights: The 2026 Kerala Assembly elections saw a massive setback for the LDF as prominent CPM rebels like G. Sudhakaran and V. Kunjikrishnan secured stunning victories, signaling deep-rooted internal dissent and a strong anti-incumbency wave against the state leadership.