മുരളിക്കെതിരേ പത്‌മജ വരുമോ ? പാലക്കാട്ട് ശോഭാസുരേന്ദ്രനോ പ്രശാന്ത് ശിവനോ; 90 സീറ്റിൽ BJP മത്സരിക്കും

#എം.കെ.സുരേഷ്
കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍ | File Photo - Mathrubhumi archives
കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍ | File Photo - Mathrubhumi archives

തിരുവനന്തപുരം: മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക തയ്യാർ. പ്രധാനനേതാക്കളെ ഉൾപ്പെടുത്തിയുള്ള പട്ടിക കഴിഞ്ഞദിവസം തിരുവനന്തപുരത്തുചേർന്ന തിരഞ്ഞെടുപ്പ് സമിതിയും ചർച്ചചെയ്തു. സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നേമത്താകും മത്സരിക്കുക. അഞ്ചുമണ്ഡലങ്ങളിലേക്കാണ് ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കെ. മുരളീധരനാണ് യു.ഡി.എഫ്. സ്ഥാനാർഥിയെങ്കിൽ സഹോദരി പത്‌മജാ വേണുഗോപാലിനെ രംഗത്തിറക്കിയേക്കും.

90 സീറ്റിൽ ബി.ജെ.പി.യും അൻപതിടത്ത് ബി.ഡി.ജെ.എസ്. ഉൾപ്പെടെയുള്ള ഘടകകക്ഷികളും മത്സരിക്കും. കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും ആറന്മുളയിൽ കുമ്മനം രാജശേഖരനും മത്സരിക്കും. ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളി-ജിതിൻദേവ്, തിരുവല്ല-അനൂപ് ആന്റണി, മലമ്പുഴ-സി. കൃഷ്ണകുമാർ, കൊടുങ്ങല്ലൂർ-ബി. ഗോപാലകൃഷ്ണൻ, കോഴിക്കോട് നോർത്ത്-നവ്യാഹരിദാസ്, പാലാ-ഷോൺജോർജ്, തിരുവനന്തപുരം-കരമന ജയൻ എന്നിവർ സ്ഥാനാർഥികളാകും. തർക്കങ്ങളോ ഒന്നിലധികം പേരുകളോ ഉയരാത്ത മണ്ഡലങ്ങളിലാണ് സാധ്യതാപട്ടിക തയ്യാറായത്. കേന്ദ്ര പാർലമെന്ററി ബോർഡ് പട്ടിക പരിഗണിക്കും.

പാലക്കാട്, വട്ടിയൂർക്കാവ്, ഹരിപ്പാട്, കായംകുളം, അരൂർ എന്നിവിടങ്ങളിലാണ് ശോഭയുടെ പേരുയർന്നത്. ഇതിൽ ഹരിപ്പാട് അവരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് ശോഭയ്ക്ക് താത്പര്യമുണ്ടെങ്കിലും ആർ. ശ്രീലേഖയുടെ നിലപാടുകൂടി പരിഗണിക്കും. ഇവിടെ പത്‌മജയ്ക്കൊപ്പം നടൻ കൃഷ്ണകുമാറും പട്ടികയിലുണ്ട്. ആറ്റിങ്ങലിൽ രണ്ടുപേരാണ് പരിഗണനയിൽ-പി. സുധീർ, തിരുവനന്തപുരം ഡെപ്യൂട്ടിമേയർ ജി.എസ്. ആശാനാഥ്. ഒല്ലൂരിൽ ജേക്കബ് തോമസ് മത്സരിക്കും. കൊട്ടാരക്കരയിൽ കഴിഞ്ഞതവണ കെ.എൻ. ബാലഗോപാലിനെതിരേ മത്സരിച്ച കോൺഗ്രസിലെ ആർ. രശ്മിയെ സ്ഥാനാർഥിയാക്കുമോയെന്ന് ബി.ജെ.പി. സ്ഥിരീകരിച്ചില്ല. ശോഭാസുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ പ്രശാന്ത് ശിവനാണ് പാലക്കാട്ട് സാധ്യത. തൃശ്ശൂരിൽ തീരുമാനമായില്ല. എറണാകുളത്ത് തൃപ്പൂണിത്തുറയും ആലുവയും കഴിഞ്ഞാൽ മറ്റിടങ്ങളിൽ ട്വന്റി 20-യ്ക്കായിരിക്കും കൂടുതൽ സീറ്റുകൾ.

Content Highlights: bjp candidates chances list election