ചെങ്കൊടി താഴെവെച്ച് ചെങ്കോട്ട പിടിച്ച് പഴയ സഖാവ്; ഇരുപത് വർഷത്തിനുശേഷം അമ്പലപ്പുഴയിൽ യുഡിഎഫ്

#ന്യൂസ് ഡെസ്ക്
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ജി. സുധാകരൻ (ഫയൽ ചിത്രം)| ഫോട്ടോ: mathrubhumi
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ജി. സുധാകരൻ (ഫയൽ ചിത്രം)| ഫോട്ടോ: mathrubhumi

കേരളം ഉറ്റുനോക്കിയ അമ്പലപ്പുഴയിലെ പോരാട്ടത്തിൽ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ജി. സുധാകരന്റെ ഉജ്ജ്വല വിജയം. പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച്, യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയ സുധാകരൻ, രാഷ്ട്രീയത്തിലെ 'ക്രിമിനൽവൽക്കരണത്തിനെതിരെയുള്ള' തന്റെ പോരാട്ടം അർത്ഥവത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.

കടുത്ത വ്യക്തിഗത പോരാട്ടത്തിനും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച അമ്പലപ്പുഴയിൽ, സിറ്റിങ് എം.എൽ.എ എച്ച്. സലാമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സുധാകരന്റെ കുതിപ്പ്. 19,000-ത്തിന് മുകളിൽ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.  എച്ച് സലാം 47249 വോട്ടും ബിജെപി സ്ഥാനാർഥി 16348 വോട്ടും നേടി. 

2021-ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്. 

2006 മുതൽ തുടർച്ചയായി ഇടതിനൊപ്പം നിന്ന അമ്പലപ്പുഴ മണ്ഡലം നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് ചേരിയിലേക്ക് തിരിച്ചെത്തുന്നത്. 2006, 2011, 2016 വർഷങ്ങളിൽ ജി. സുധാകരനും 2021-ൽ എച്ച്. സലാമും സി.പി.എം സ്ഥാനാർഥികളായാണ് ഇവിടെ വിജയിച്ചത്.

തദ്ദേശതിരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളിൽ 13 എണ്ണവും യു.ഡി.എഫ് നേടിയിരുന്നു. 

[object Object]

2021ലെ ഫലം 

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന മണ്ഡലമായിരുന്നു അമ്പലപ്പുഴ. അന്ന് എച്ച്. സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

2021 തിരഞ്ഞെടുപ്പ് കണക്കുകൾ:

  • എച്ച്. സലാം (എൽ.ഡി.എഫ്.) - 61,365

  • എം. ലിജു (യു.ഡി.എഫ്.) - 50,240

  • അനൂപ് ആന്റണി (എൻ.ഡി.എ.) - 22,389

  • ഭൂരിപക്ഷം - 11,125

അന്ന് എൽ.ഡി.എഫിനൊപ്പം നിന്ന പല കേന്ദ്രങ്ങളും ഇത്തവണ സുധാകരന്റെ വ്യക്തിപ്രഭാവത്തിന് മുന്നിൽ വഴിമാറുന്ന കാഴ്ചയാണ് അമ്പലപ്പുഴയിൽ കണ്ടത്.

ജി. സുധാകരൻ: പോരാട്ടങ്ങളുടെ കനൽവഴികൾ

ഈ മുന്നേറ്റം സുധാകരൻ എന്ന വ്യക്തിയുടെ മാത്രം വിജയമല്ല, മറിച്ച് അദ്ദേഹത്തിന്റെ 63 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം വോട്ടർമാർ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വള്ളികുന്നം സ്കൂളിൽ നിന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതം. 1977-ൽ കൊല്ലപ്പെട്ട സഹോദരൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സുധാകരന്റെ രാഷ്ട്രീയത്തെ കൂടുതൽ കരുത്തുറ്റതാക്കി.

1975-ൽ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തതിന് ജയിലിലായ സുധാകരന്റെ വിഷയം എ.കെ.ജി പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ ഇ.എം.എസും എത്തിയിരുന്നു.

അഴിമതി തൊട്ടുതീണ്ടാത്ത മന്ത്രിയെന്ന വിശേഷണവും രാഷ്ട്രീയ എതിരാളികൾക്കിടയിൽ പോലുമുള്ള ബഹുമാനവും സുധാകരന് ഇത്തവണ തുണയായി.

2021-ൽ ജില്ല തൂത്തുവാരിയ എൽ.ഡി.എഫിന് ഇത്തവണ അമ്പലപ്പുഴയിലെ തിരിച്ചടി വലിയ ആഘാതമാണ്. കഴിഞ്ഞ തവണത്തെ 11,125 വോട്ടുകളുടെ ഭൂരിപക്ഷം മറികടന്ന്, വെറും ഒൻപത് റൗണ്ടിൽ തന്നെ 17,827 വോട്ടുകളുടെ ലീഡ് സുധാകരൻ നേടിയത് കേരള രാഷ്ട്രീയത്തിന്റെ പുതിയ ദിശ നിർണയിക്കലായി മാറിയിരിക്കുന്നു.