ഏറനാട്ടിൽ ഇനി പരീക്ഷണത്തിനില്ല; ഇക്കുറി ചിഹ്നത്തിലേറാൻ CPI; സഫീർ കിഴിശ്ശേരിയെ രംഗത്തിറക്കിയേക്കും

#ന്യൂസ് ഡെസ്ക്
അഡ്വ. സഫീർ കിഴിശ്ശേരി
അഡ്വ. സഫീർ കിഴിശ്ശേരി

എടവണ്ണ(മലപ്പുറം): ഏറനാട്ടിൽ എൽ.ഡി.എഫിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ഇനിയൊരു പരീക്ഷണത്തിനിടയില്ല. ചിഹ്നത്തിലൂന്നിയ ചർച്ചകളാണ് പാർട്ടി അംഗങ്ങൾക്കിടയിൽ. കഴിഞ്ഞ രണ്ടുതവണയും സ്വതന്ത്രരെ പരീക്ഷിച്ച് തോറ്റ എൽ.ഡി.എഫ്. ഇക്കുറി വിജയിക്കാനുറച്ച് കളത്തിലിറങ്ങുമെന്നുറപ്പായി. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തി പ്രചാരണത്തിനിറങ്ങാനുള്ള നീക്കങ്ങളാണ് അണിയറയിൽ. എൽ.ഡി.എഫിൽ സി.പി.ഐ.യ്ക്ക് അനുവദിച്ച സീറ്റാണിത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ സ്ഥാനാർഥി സംബന്ധിച്ച് സി.പി.എമ്മിൽ അതൃപ്തി നിഴലിച്ച മണ്ഡലം കൂടിയാണ് ഏറനാട്. ഇത്തവണ ഇവിടെ സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും എ.ഐ. വൈ.എഫ്. ജില്ലാ സെക്രട്ടറിയുമായ അഡ്വ. സഫീർ കിഴിശ്ശേരിയെ രംഗത്തിറക്കാനാണ് നീക്കം. മണ്ഡലത്തിൽ സുപരിചിതനും എളിമയാർന്ന വ്യക്തിത്വത്തിനുടമയുമായ ഇദ്ദേഹത്തിനു ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് പ്രവർത്തകർ കണക്കുകൂട്ടുന്നത്. യുവജനങ്ങൾക്കിടയിലെ സ്വാധീനവും എടുത്തുകാട്ടുന്നു. സി.പി.എമ്മുകാർക്കിടയിലും സഫീർ സമ്മതനാണെന്ന അഭിപ്രായങ്ങൾക്കാണ് മുൻതൂക്കവും.

പി.കെ. ബഷീർ എം.എൽ.എ.യാണ് യു.ഡി.എഫ്. സ്ഥാനാർഥി. ശക്തനായ എതിരാളി വരുന്നതോടെ മണ്ഡലത്തിൽ മത്സരം തീപാറുമെന്ന് എൽ.ഡി.എഫ്. പ്രവർത്തകർ പറയുന്നു. ഔദ്യോഗിക തീരുമാനമായില്ലെങ്കിലും സഫീർ കിഴിശ്ശേരിയുടെ പേരാണ് സി.പി.ഐ., സി.പി എം. ഭാരവാഹികളിൽ പൊതുവേ ഉയരുന്നത്. അതേസമയം അടുത്ത 15-ന് സി.പി.ഐ.യുടെ മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിൽ സ്ഥാനാർഥി സംബന്ധിച്ച വ്യക്തത വരുമെന്നും നിലവിലെ സാഹചര്യത്തിൽ സഫീർ കീഴിശ്ശേരിക്ക് പകരം മറ്റൊരു പേരുയരാൻ സാധ്യതയില്ലെന്നും പറയുന്നു.

Content Highlights: LDF shifts strategy to field a candidate under their own party symbol., Adv. Safeer Kizhisery identified as the primary CPI candidate., Aiming to break the cycle of losses with a strong, youth-oriented candidate., Anticipating a high-stakes contest against UDF's PK Basheer.