മുകേഷ് മത്സരിക്കില്ല, കൊല്ലത്ത് എസ് ജയമോഹനെ പരിഗണിച്ച് CPM; ബിന്ദുകൃഷ്ണയും സൂരജും കോൺഗ്രസ് പട്ടികയിൽ

പതിറ്റാണ്ടുകളായി കോൺഗ്രസിനെ 'കൈ'വിട്ട നിയമസഭാമണ്ഡലമാണ് കൊല്ലം. 2006 മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്ന ഇടം. എന്നാൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടകൾ തകർക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ്. ഇത്തവണ കൊല്ലം മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത്.
കൊല്ലം കോർപ്പറേഷനിലെ 24 ഡിവിഷനുകളും തൃക്കരുവ, പനയം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊല്ലം നിയമ സഭാമണ്ഡലം. തദ്ദേശതിരഞ്ഞെടുപ്പിൽ 24-ൽ 11 ഡിവിഷനുകളിലും യു.ഡി.എഫാണ് വിജയിച്ചത്. പനയത്ത് എൽ.ഡി.എഫും തൃക്കരുവയിൽ യു.ഡി.എഫും അധികാരത്തിലെത്തി. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ അനായാസ വിജയം ഇരുമുന്നണികളും ഇത്തവണ പ്രതീക്ഷിക്കുന്നതേയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ നില മെച്ചപ്പെടുത്താനായതിന്റെ ആത്മവിശ്വാസം എൻ.ഡി.എ.യ്ക്കുണ്ട്.
ആർ.എസ്.പി.യുടെ സ്വന്തംമണ്ഡലം
1957-ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.എ. റഹിമാണ് മണ്ഡലത്തിൽനിന്ന് വിജയിച്ചത്. ആർ.എസ്.പി.യിലെ ടി.കെ. ദി വാകരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1960-ലെ തിരഞ്ഞെടുപ്പിലും റഹിം വിജയം ആവർത്തിച്ചു. 1965-ൽ കോൺഗ്രസിലെ ഹെന്റി ഓസ്റ്റിൻ വിജയിച്ചു. സ്വതന്ത്രനായ ടി.കെ. ദിവാകരനായിരുന്നു എതിർസ്ഥാനാർഥി. 1967-ൽ ടി.കെ. ദിവാകരൻ വിജയകിരീടമണിഞ്ഞു. ഹെന്റി ഓസ്റ്റിനോടാണ് കണ ക്കുതീർത്തത്.
1970-ൽ ടി.കെ. ദിവാകരൻ സി.പി.എമ്മിലെ പി.കെ. സുകുമാരനെ പരാജയപ്പെടുത്തി. 1977-ൽ ആർ.എസ്.പി.യിലെ എസ്. ത്യാഗരാജൻ സി.പി.എമ്മിലെ എൻ. പദ്മലോചനനെതിരേ വിജയംനേടി. 1980-ൽ ആർ.എസ്.പി.യിലെ കെ. ശിവദാസൻ കോൺഗ്രസിലെ സി.വി. പദ്മരാജനെ പരാജയപ്പെടുത്തി. 1982-ൽ സ്വതന്ത്രനായ കടവൂർ ശിവദാസൻ വിജയിയായി. ആർ.എസ്.പി.യിലെ എസ്. ത്യാഗരാജനായിരുന്നു എതിരാളി. 1987-ൽ ആർ.എസ്.പി.യിലെ ബാബു ദിവാകരൻ കോൺഗ്രസിലെ കടവൂർ ശിവദാസനെ തോൽപ്പിച്ചു. 1991-ൽ കടവൂർ ശിവദാസൻ വീണ്ടും വിജയിയായി. ബാബു ദിവാകരൻതന്നെയായിരുന്നു എതിർ സ്ഥാനാർഥി. 1996-ൽ ബാബു ദിവാകരൻ വീണ്ടും വിജയിയായി. ഇത്തവണയും കടവൂർ ശിവദാസൻത്തന്നെയായിരുന്നു എതിർപക്ഷത്ത്.
2001-ലും ബാബു ദിവാകരൻ വിജയിച്ചു. 2006-ൽ പി.കെ. ഗുരുദാസൻ വിജയിച്ചതോടെ മണ്ഡലം സി.പി.എമ്മിന്റേതായി. 2011-ലും ഗുരുദാസനായിരുന്നു വിജയം. 2016-ലും 2021-ലും തിരഞ്ഞെടുക്കപ്പെട്ടത് എൽ. ഡി.എഫിലെ എം. മുകേഷാണ്. തങ്ങൾ പലതവണ വിജയിച്ച സീറ്റ് ഇത്തവണ വിട്ടുകിട്ടണമെന്ന് ആർ.എസ്.പി. കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിക്കപ്പെടുകയാണുണ്ടായത്.
ഭൂരിപക്ഷം കുറച്ച 2021
മണ്ഡലത്തിൽ എം.എൽ.എ.യെ കാണാനില്ലെന്ന ആരോപണങ്ങളെ അതിജീവിച്ചാണ് എം. മുകേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പോൾ ചെയ്ത 1,30,451 വോട്ടുകളിൽ 58,524 വോട്ട് നേടിയായിരുന്നു വിജയം. അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണയാണ് കോൺ ഗ്രസിനായി രംഗത്തിറങ്ങിയത്. അവർക്ക് 56,452 വോട്ടുകൾ ലഭിച്ചു. എം. സുനിലായിരുന്നു ബി.ജെ.പി. സ്ഥാനാർഥി. 14,252 വോട്ടുകൾ അദ്ദേഹം നേടി.
2016-ൽ 17,611 ആയിരുന്നു മുകേഷിന്റെ ഭൂരിപക്ഷം. അത് 2,072 ആയി കുറയുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമ സഭാമണ്ഡലം യു.ഡി.എഫിനൊപ്പംതന്നെയായിരുന്നു.
കളത്തിലാര്... ചർച്ചകൾക്ക് ചൂടേറുന്നു
ഇത്തവണ കൊല്ലം പിടിക്കാൻ ആരെ രംഗത്തിറക്കുമെന്ന ചർച്ച സി.പി.എമ്മിൽ സക്രിയമാണ്. പാർട്ടി ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനടക്കമുള്ള വരെ കൊല്ലത്തേക്ക് പരിഗണിക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടുതവണ സ്ഥാനാർഥികളായ ബിന്ദുകൃഷ്ണ. സൂരജ് രവി എന്നിവർ കോൺഗ്രസിന്റെ മുഖ്യപരിഗണനയിലുണ്ട്. വിഷ്ണു സുനിൽ പന്തളം, ആർ. അരുൺരാജ് എന്നിവരുടെ പേരുകളും കേൾക്കുന്നു.
പാർട്ടി സംസ്ഥാന വക്താവ് റിട്ട. കേണൽ എസ്. ഡിന്നി, വെ സ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് തുടങ്ങിയവരെ മുൻനിർത്തിയുള്ള ചർച്ചകളാണ് ബി.ജെ.പി.യിലുള്ളത്.
Content Highlights: cpm to field s jayamohan in kollam bindu krishna and sooraj ravi in congress list