അഴീക്കോട്ട് കെ.വി. സുമേഷ് വീണ്ടും എൽഡിഎഫ് സ്ഥാനാർഥിയായേക്കും; കരുത്തനെ ഇറക്കുമോ യുഡിഎഫ്?

കണ്ണൂർ: പരമ്പരാഗത വോട്ടുകൾ മാത്രമല്ല, മനസ്സ് വായിച്ചെടുക്കാൻ പ്രയാസമുള്ള യുവതയുടെ വോട്ടും നിർണായകമാകുന്ന മണ്ഡലമാണ് അഴീക്കോട്. കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളും പഴയ പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അഴീക്കോട്.
കൈത്തറി, ബീഡി, മത്സ്യത്തൊഴിലാളികൾ, കച്ചവടക്കാർ ഉൾപ്പെടെ വ്യക്തമായ രാഷ്ട്രീയം നെഞ്ചേറ്റുന്നവരുടെ നാട്. അഴീക്കൽ തുറമുഖവും പ്ലൈവുഡ് വ്യവസായങ്ങളും കൈത്തറി ഗ്രാമവുമൊക്കെയാണ് അഴീക്കോടിന്റെ മുഖച്ഛായ. മണ്ഡലപുനർനിർണയത്തിൽ കോർപ്പറേഷന്റെ ചില സോണുകളും അഴീക്കോട് മണ്ഡലത്തിന്റെ ഭാഗമായതോടെ ചുവപ്പിന്റെ കടുപ്പം മാറി. എൽ.ഡി.എഫും യു.ഡി.എഫും ഏതാണ്ട് തുല്യനിലയായി.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 21857-ന്റെ ഭൂരിപക്ഷം യു.ഡി.എഫിന് നൽകിയെങ്കിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 6141 വോട്ടിന് മണ്ഡലം തിരിച്ചുപിടിച്ചു.
1977-ലാണ് അഴീക്കോട് മണ്ഡലം രൂപംകൊണ്ടത്. സി.പി.എമ്മിലെ ചടയൻ ഗോവിന്ദനായിരുന്നു ആദ്യ എം.എൽ.എ. പിന്നീട് പി.ദേവൂട്ടി, ഇ.പി.ജയരാജൻ. ടി.കെ.ബാലൻ എന്നിവരെ വിജയിപ്പിച്ച് അഴീക്കോട് ചുവന്നുതുടിച്ചു. എന്നാൽ 1987-ൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ എം.വി.രാഘവൻ യു.ഡി.എഫ്. സ്ഥാനാർഥിയായി കുലച്ച തെങ്ങ് അടയാളത്തിൽ മത്സരിച്ച് ജയിച്ചതോടെ പിന്നീടിങ്ങോട്ടുള്ള മത്സരങ്ങൾ കടുത്തതായി.
2005-ലെ ഉപതിരഞ്ഞെടുപ്പ് മുതൽ 2011 വരെ സി.പി.എമ്മിലെ എം.പ്രകാശൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011-ൽ കടുത്ത മത്സരത്തിൽ എം.പ്രകാശനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി വിജയിച്ചു.
2016-ൽ മാധ്യമപ്രവർത്തകനായ എം.വി.നികേഷിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനുള്ള സി.പി.എം. ശ്രമവും പരാജയപ്പെട്ടു. കെ.എം.ഷാജി തിരഞ്ഞെടുക്കപ്പെട്ടു. വിജയം വർഗീയ പ്രചാരണത്തിലൂടെയാണെന്ന എതിർസ്ഥാനാർഥിയുടെ വാദം കോടതികയറി. കോടതി അദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറുവർഷത്തേക്ക് വിലക്കി. ഇതിനെതിരേ സുപ്രീം കോടതിയിൽ ഷാജി സ്റ്റേവാങ്ങുകയും ചെയ്തു. 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി.സുമേഷിനെ സി.പി.എം. രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിച്ചു. ഹാട്രിക് ജയത്തിന് തയ്യാറായ ഷാജിയെ 6,141 വോട്ടിനാണ് സുമേഷ് തറപറ്റിച്ചത്.
മണ്ഡലത്തിൽ ബി.ജെ.പി. വോട്ടുകൾ വർധിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ ബി.ജെ.പി.ക്ക് ജനപ്രതിനിധികളുണ്ട്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി കെ.വി.സുമേഷ് തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യു.ഡി.എഫിന് ഇക്കുറി ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥികളുണ്ടാകില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ വന്നാൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. ബി.ജെ.പി. സ്ഥാനാർഥിയായി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാറും പരിഗണനയിലുണ്ട്.
Content Highlights: Explore Azhikode constituency in Kannur. Learn its history, demographics, key industries, and the political dynamics shaping its future. Get insights into the 2026 election prospects.